പ്രതിഷേധം തുടരുന്നു

ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ നേതാവിനെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തിയ സംഭവത്തില്‍ കാംപസിനുള്ളില്‍ പ്രക്ഷോഭം തുടരുന്നു. എട്ടു വിദ്യാര്‍ഥികളെ സര്‍വകലാശാല അന്വേഷണത്തിന്റെ ഭാഗമായി ഡീ ബാര്‍ ചെയ്തു. വിദ്യാര്‍ഥി യൂനിയന്റെയും അധ്യാപക അനധ്യാപക സംഘടനകളുടെയും ആഭിമുഖ്യത്തില്‍ നടന്ന പ്രക്ഷോഭത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ നേതാവ് ഡി രാജ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു.

നിങ്ങളുടെ ശബ്ദം അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നവരാണ് രാജ്യദ്രോഹികളെന്ന് രാഹുല്‍ഗാന്ധി പറഞ്ഞു. ആര്‍എസ്എസ് പദ്ധതി നടപ്പാക്കുകയാണ് പോലിസെന്ന് യെച്ചൂരി പറഞ്ഞു. അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്കിനു മുമ്പില്‍ നടത്തിയ പ്രതിഷേധ പരിപാടിയില്‍ മൈക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കിയില്ല. എന്നാല്‍, 3000ത്തോളം വരുന്ന പ്രതിഷേധക്കാരെ മൈക്കില്ലാതെ നേതാക്കള്‍ അഭിസംബോധന ചെയ്തു. ഇന്നലെ രാത്രി വൈകിയും പ്രതിഷേധ പരിപാടികള്‍ തുടരുകയാണ്. തിങ്കളാഴ്ച പഠിപ്പുമുടക്കി പ്രതിഷേധിക്കാന്‍ വിദ്യാര്‍ഥി സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ പ്രതിഷേധം തടസ്സപ്പെടുത്താന്‍ എബിവിപി പ്രവര്‍ത്തകര്‍ ശ്രമിച്ചു. കരിങ്കൊടിയുമായി പ്രതിഷേധ സ്ഥലത്തേക്ക് എബിവിപി മാര്‍ച്ച് നടത്തി. ഇന്ന് ജന്തര്‍ മന്ദറില്‍ പ്രതിഷേധ പരിപാടികള്‍ നടത്താനും മനുഷ്യാവകാശ സംഘടനകളും വിദ്യാര്‍ഥി സംഘടനകളും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ജെഎന്‍യുവില്‍ നിന്നു ലഭിച്ച ബിരുദങ്ങള്‍ തിരിച്ചുനല്‍കുമെന്ന് മുന്‍ സൈനികര്‍ വൈസ് ചാന്‍സലര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it