Flash News

പ്രതിഷേധം തുടരുന്നു; ബിജെപി മന്ത്രിമാര്‍ രാജിവച്ചു

ന്യൂഡല്‍ഹി: ജമ്മുകശ്മീരില്‍ എട്ടു വയസ്സുകാരിയെ മൃഗീയമായി കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. കഴിഞ്ഞദിവസം അര്‍ധരാത്രി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് പേര്‍ ഇന്ത്യാ ഗേറ്റിന് സമീപം തടിച്ചുകൂടി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചിരുന്നു. അതിനു പിന്നാലെ വിദ്യാര്‍ഥി, വനിതാ സംഘടനകളും ഡല്‍ഹിയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. കൊല്‍ക്കത്ത, ഉത്തര്‍പ്രദേശ്, കേരളം, കര്‍ണാടക സംസ്ഥാനങ്ങളിലും സമാനമായ പ്രതിഷേധങ്ങള്‍ അരങ്ങേറി.
പ്രതിഷേധം കനത്തതോടെ, ബലാല്‍സംഗം ചെയ്ത ഹിന്ദുത്വരെ പിന്തുണച്ച് രംഗത്തെത്തിയ ജമ്മുകശ്മീരിലെ രണ്ടു ബിജെപി മന്ത്രിമാര്‍ ഇന്നലെ രാജിവച്ചു. ജമ്മുകശ്മീര്‍ വ്യവസായ മന്ത്രിയും ആര്‍എസ്എസ് നേതാവുമായ ആര്‍ പ്രകാശ് ഗംഗ, വനംമന്ത്രി ചൗധരി ലാല്‍ സിങ് എന്നിവരാണ് രാജിവച്ചത്.
അതിനിടെ, തങ്ങളുടെ കുടുംബത്തിന് വധഭീഷണിയുണ്ടെന്ന് ആസിഫയുടെ സഹോദരി പറഞ്ഞു. പോലിസുകാരും പൂജാരിയും അടക്കമുള്ള മുഴുവന്‍ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു. കുട്ടിയുടെ മൃതദേഹം സ്വന്തം നാട്ടില്‍ സംസ്‌കരിക്കാന്‍ പോലും തങ്ങള്‍ക്കു കഴിഞ്ഞില്ലെന്ന് സഹോദരി വ്യക്തമാക്കി. തുടര്‍ന്ന് ദൂരെയുള്ള ഖബറിടത്തിലാണ് സംസ്‌കാരം നടത്തിയത്.
Next Story

RELATED STORIES

Share it