kannur local

പ്രതിഷേധം കനക്കുന്നു: മരക്കര കൃത്രിമ ദ്വീപ് നിര്‍മാണം ത്രിശങ്കുവില്‍

ചെറുവത്തൂര്‍: അധികൃതരും സിപിഎം നേതൃത്വവും വ്യത്യസ്ത നിലപാടുകള്‍ സ്വീകരിച്ചതോടെ മടക്കര മല്‍സ്യബന്ധന തുറമുഖത്തിനും പുലിമുട്ടിനും ഇടയിലായി ഒരുക്കുന്ന കൃത്രിമ ദ്വീപ് നിര്‍മാണം ത്രിശങ്കുവില്‍. പുഴ മധ്യത്തില്‍ ദ്വീപ് യാഥാര്‍ഥ്യമാവുന്നതോടെ ഇവിടം ആകര്‍ഷകമായ വിനോദ സഞ്ചാരമേഖലയായി ഉയര്‍ത്താമെന്നാണ്് അധികൃതരുടെ കണക്കുകൂട്ടല്‍. പദ്ധതിക്കായി നേരത്തെ സിപിഎം ഉള്‍പ്പെടെയുള്ള മുഖ്യധാരാ രാഷ്ട്രിയ പാര്‍ട്ടി നേതൃത്വം തന്നെ മുന്‍കൈയെടുക്കുകയും ചെയ്തു. എന്നാല്‍ നീലേശ്വരം അഴിമുഖത്തെ നിലവിലുള്ള ചാനല്‍ ആഴം കൂട്ടാതെ പുതിയ ചാനല്‍ ഉണ്ടാക്കുകയാണെന്നും മണല്‍ കുഴിച്ചെടുക്കുന്നത്് പുഴയുടെ ഓരത്തെ മാവിലാക്കടപ്പുറം പ്രദേശത്തിന്റെ സുരക്ഷിത്വത്തിന് ഭീഷണിയും പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്ക് കാരണവുമാകുമെന്നുമാണ് തുരുത്തി, മടക്കരയിലെ പൂഴിവാരല്‍ തൊഴിലാളികളുടെ ആശങ്ക. ഇതോടെ ചെറുവത്തൂര്‍ തുറമുഖത്തിനും അഴിമുഖത്തിനുമിടയില്‍ കൃത്രിമ ദ്വീപ് വരുന്നതിനെതിരേ പ്രതിഷേധം ശക്തമായി. കഴിഞ്ഞദിവസം മണല്‍ വാരല്‍തൊഴിലാളികള്‍ നീലേശ്വരം അഴിമുഖം മാന്വല്‍ ഡ്രഡ്ജിങ് തൊഴില്‍ സംരക്ഷണസമരസമിതിയുടെ നേതൃത്വത്തില്‍ തോണി നിരത്തിലിറക്കി പ്രതിഷേധിച്ചത്് ഇത്തരത്തില്‍ പുതിയ വഴിത്തിരിവായി. മല്‍സ്യബന്ധന ബോട്ടുകളുടെ യാത്ര സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഭാഗമായാണ് പുഴയില്‍ കൃത്രിമ ദ്വീപിനുള്ള ആശയം വന്നത്. ബോട്ട് ചാനല്‍ ആഴം കൂട്ടുന്നതിന്റെ ഭാഗമായി ലഭിക്കുന്ന മണല്‍ പുഴയില്‍ത്തന്നെ നിക്ഷേപിച്ച് മണല്‍ത്തിട്ട രൂപപ്പെടുത്തുകയാണ് ലക്ഷ്യം. നിലവില്‍ ബോട്ട് ചാനലിലെ മണല്‍ ഖനനം ചെയ്തു നീക്കുന്ന പ്രവൃത്തിയാണ് മടക്കരയില്‍ നടന്നുവരുന്നത്. 25 ശതമാനം പ്രവൃത്തി പൂര്‍ത്തിയായി. മണല്‍ത്തിട്ടകള്‍ രൂപപ്പെടുന്നതിനാല്‍ വേലിയിറക്ക സമയത്ത് ബോട്ടുകള്‍ക്ക് ചാനല്‍ വഴി കടന്നുവരാന്‍ ഏറെ പ്രയാസപ്പെടുന്നുണ്ട്. മല്‍സ്യത്തൊഴിലാളികളുടെ നിരന്തരമായുള്ള പരാതിയെതുടര്‍ന്നാണ്് ഇതു നീക്കം ചെയ്യാന്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ്് 4.50 കോടി രൂപ ചെലവില്‍ പദ്ധതി തയ്യാറാക്കിയത്്. ദ്വീപ് കൂടി ഒരുക്കുന്നതോടെ 9.50 കോടിയുടേതാണ് മൊത്തം പദ്ധതി. ഖനനം ചെയ്തു നീക്കുന്ന ജിയോ ട്യൂബ് ടെക്‌സനോളജി ഉപയോഗിച്ചു പൂഴി പുഴയില്‍ മറ്റൊരിടത്തായി 440 മീറ്റര്‍ നീളത്തിലും 150 മീറ്റര്‍ വീതിയിലുമായി നിക്ഷേപിച്ചാണ് 16.30 ഏക്കറില്‍ ദ്വീപുണ്ടാക്കുക. ചുറ്റും തെങ്ങിന്‍തടി കൊണ്ടുള്ള ചെറുഭിത്തി തീര്‍ത്ത് അതിനകത്താണ് മണല്‍ നിക്ഷേപിക്കുന്നത്്. പ്രവൃത്തി പൂര്‍ത്തിയാകുന്നതോടെ ചെറുവത്തൂര്‍, കോട്ടപ്പുറം മേഖലയിലെ ടൂറിസ്റ്റ് ഹൗസ് ബോട്ടുകള്‍ക്ക് ഇടത്താവളമായി മാറ്റി വിനോദസഞ്ചാര മേഖലയിലും മുതല്‍ കൂട്ടാകുമെന്നും കണക്കുകൂട്ടുന്നു. അതേസമയം ഇവിടെത്തെ മണല്‍വാരല്‍ തൊഴിലാളികളുടെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനും പറ്റില്ല. പദ്ധതിക്ക് എതിരല്ലെന്നും ആറു പതിറ്റാണ്ടായി മണല്‍വാരി ഉപജീവനം നടത്തുന്ന 500 ലധികം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നുമാണ്് തൊഴിലാളികളുടെ ആശങ്ക. അതേസമയം നേരത്തേ ഈ പ്രദേശത്തുണ്ടായി—രുന്ന ദ്വീപിന്റെ പുനസൃഷ്ടിയാണ്് ഇതെന്നും തുറമുഖ അധികൃതര്‍ പറയുന്നു. തുറമുഖത്തേക്കുവരുന്ന തിരമാലകളേ തടഞ്ഞുനിര്‍ത്താനും ഇതു സാധിക്കും. കഴിഞ്ഞദിവസം നടന്ന മണല്‍തൊഴിലാളികളുടെ പ്രതിഷേധം സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുന്‍ എംഎല്‍എയുമായ കെ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തതോടെ അധികൃതര്‍ എന്തു നിലപാടെടുക്കണമെന്നറിയാതെ കുരുക്കിലായി.
Next Story

RELATED STORIES

Share it