പ്രതിരോധ മന്ത്രാലയത്തില്‍ കോപ്റ്റര്‍ കോഴനിന്ന് ഇഡി വിവരങ്ങള്‍ തേടി

ന്യൂഡല്‍ഹി: അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റര്‍ കോഴക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രതിരോധമന്ത്രാലയം, ആദായനികുതി വകുപ്പ്, ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റ് (എഫ്‌ഐയു) എന്നിവയില്‍ നിന്ന് വിവരങ്ങള്‍ ആരാഞ്ഞു. കേസിലുള്‍പ്പെട്ട ഉദ്യോഗസ്ഥരുടെയും മറ്റു വ്യക്തികളുടെയും വിശദാംശങ്ങളാണ് ഇഡി തേടിയത്.
കോപ്റ്ററുകള്‍ വാങ്ങുന്ന പ്രക്രിയ കൈകാര്യം ചെയ്ത പ്രതിരോധമന്ത്രാലയത്തിലെയും വ്യോമസേനയിലെയും വിരമിച്ചവരും ഇപ്പോള്‍ സര്‍വീസിലുള്ളവരുമടങ്ങിയ 10 ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ആരാഞ്ഞിട്ടുണ്ട്. കോഴയുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നു സംശയിക്കുന്നവരുടെ വിശദാംശങ്ങളാണ് ആദായനികുതി വകുപ്പില്‍ നിന്നും ഫിനാന്‍ഷ്യല്‍ ഇന്റലിജന്‍സ് യൂനിറ്റില്‍ നിന്നും ആവശ്യപ്പെട്ടത്.
കോപ്റ്റര്‍ ഇടപാടിലെ മധ്യസ്ഥന്റെ കുറിപ്പിന്റെ പശ്ചാത്തലത്തിലാണ് ഇഡിയുടെ നടപടി.
ആദായനികുതി വകുപ്പില്‍ നിന്നും എഫ്‌ഐയുവില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ തെളിവുകള്‍ ലഭ്യമാക്കാന്‍ സഹായിക്കുമെന്നാണ് ഇഡി വൃത്തങ്ങള്‍ പറയുന്നത്.
അതിനിടെ കേസുമായി ബന്ധപ്പെട്ട് വ്യോമസേനാ മുന്‍ മേധാവി എസ് പി ത്യാഗിയെ ഇഡി ചോദ്യംചെയ്തു. ത്യാഗിയെ ദിവസങ്ങളോളം സിബിഐ നേരത്തെ ചോദ്യംചെയ്തിരുന്നു. കോപ്റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട് ത്യാഗിയെ ഇഡി ഇതാദ്യമായാണു ചോദ്യംചെയ്യുന്നത്.
കേസില്‍ ഇറ്റാലിയന്‍ കോടതി വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ ത്യാഗിയെ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് ഇഡി നേരത്തെ പറഞ്ഞിരുന്നു. കേസില്‍ അഗസ്ത വെസ്റ്റ്‌ലാന്റിന്റെ അനുബന്ധ സ്ഥാപനമായ ഫിന്‍ മെക്കാനിക്കയുടെ മുന്‍ മേധാവി ഗിയുസെപ്പെ ഓര്‍സി, മുന്‍ സിഇഒ ബ്രൂണോ സ്വഗ്‌നോലിനി എന്നിവരെ ഇറ്റാലിയന്‍ കോടതി ശിക്ഷിച്ചിരുന്നു. വിധി പ്രസ്താവത്തില്‍ ത്യാഗിയുടെ പേരും പരാമര്‍ശിച്ചിരുന്നു. ത്യാഗി വ്യോമസേനാ മേധാവിയായിരിക്കുമ്പോഴാണ് കേസിനാസ്പദമായ സംഭവം നടന്നത്.
Next Story

RELATED STORIES

Share it