kozhikode local

പ്രതിരോധിക്കാനും പ്രതികരിക്കാനും കുടുംബശ്രീ വനിതകള്‍ ഒത്തുചേര്‍ന്നു

താമരശ്ശേരി: പ്രതിരോധിക്കാനും പ്രതികരിക്കാനുമായി വനിതകള്‍ ഒത്തു ചേര്‍ന്നത് ശ്രദ്ധേയമായി. പുതുപ്പാടിയിലെ മുഴുവന്‍ അയല്‍ക്കൂട്ട അംഗങ്ങളുമാണ് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ പ്രതിരോധിക്കാനും പ്രതികരിക്കാനും ദിവസം മുഴുവന്‍ ഒത്ത് ചേര്‍ന്നതു. രാവിലെ പത്ത് മുതല്‍ വൈകീട്ട് 5 മണിവരെയാണ് രണ്ട് സെഷനുകളിലായി കൂടിചേര്‍ന്ന് ചര്‍ച്ചകള്‍ നടത്തിയും അതിക്രമങ്ങള്‍ രേഖപ്പെടുത്തിയുമാണ് സംസ്ഥാന വ്യാപകമായി നടന്ന ജന്‍ഡര്‍ ക്യാംപയിനിന്റെ ഭാഗമായത്. ആദ്യ സെഷനില്‍ അയല്‍ക്കൂട്ട അംഗങ്ങളും രണ്ടാമത്തെ സെഷനില്‍ അയല്‍ക്കൂട്ട കുടുംബാംഗങ്ങളും പങ്കെടുത്തു. കുടുംബശ്രീ മിഷന്‍ നേരത്തെ തയ്യാറാക്കി നല്‍കിയ പഠന സഹായിയും വിലയിരുത്തല്‍ ഫോറങ്ങളും ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുക, പ്രതികരണങ്ങള്‍ സൃഷ്ടിക്കുക, പ്രശ്‌നങ്ങളില്‍ ഇടപെടുകയും പരിഹാരം കാണുകയും ചെയ്യുക എന്ന വിശാലമായ ലക്ഷ്യം അയല്‍ക്കൂട്ട അംഗങ്ങളിലൂടെ സാധ്യമാക്കുക എന്നതാണ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടക്കുന്നത്. ഈ പ്രവര്‍ത്തനങ്ങളില്‍ ഇവരെ സഹായിക്കാനായി പ്രദേശത്തെ ഗ്രാമപഞ്ചായത്ത് അംഗം, എഡിഎസ് അംഗങ്ങള്‍, വിജിലന്റ് ഗ്രൂപ്പ് അംഗങ്ങള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, സാമൂഹ്യപ്രവര്‍ത്തകര്‍ തുടങ്ങിയവരും തയ്യാറായി. അയല്‍ക്കൂട്ടങ്ങള്‍ക്ക് നല്‍കിയ വിലയിരുത്തല്‍ ഫോറങ്ങള്‍ അടുത്ത ദിവസങ്ങളില്‍ എഡിഎസ് തലത്തില്‍ ക്രോഡീകരിക്കുകയും 17ന് സിഡിഎസ് തലത്തില്‍ ക്രോഡീകരിച്ച് റിപ്പോര്‍ട്ടാക്കി കുടുംബശ്രീ ജില്ലാമിഷന് കൈമാറും. ജെന്‍ഡര്‍ ക്യാമ്പയിന്റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ കെ നന്ദകുമാര്‍ ഇരുപതാം വാര്‍ഡിലെ പട്ടികവര്‍ഗ അയല്‍ക്കൂട്ടമായ പ്രിയം അയല്‍ക്കൂട്ട ഭാരവാഹികള്‍ക്ക് വിലയിരുത്തല്‍ ഫോറം നല്‍കി നിര്‍വഹിച്ചു.  സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സീന ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കുട്ടിയമ്മ മാണി, ഗ്രാമപഞ്ചായത്ത് അംഗം ജയശ്രീ ഷാജി, ജെന്‍ഡര്‍ റിസോഴ്‌സ് പേഴ്‌സണ്‍ സക്കീന പി കെ, എഡിഎസ് സെക്രട്ടറി വിജയ ഗോപാലകൃഷ്ണന്‍, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ സജി , എഡിഎസ് പ്രസിഡന്റ് സുലോചന ബാലകൃഷ്ണന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it