kannur local

പ്രതിരോധം കടുപ്പിച്ച് കോണ്‍ഗ്രസ്; സുധാകരന്‍ നിരാഹാരം തുടരും

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് മട്ടന്നൂരിലെ ശുഹൈബ് വധക്കേസില്‍ യഥാര്‍ഥ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ സുധാകരന്‍ കണ്ണൂര്‍ കലക്ടറേറ്റിനു മുന്നില്‍ നടത്തുന്ന സമരം തുടരും. 48 മണിക്കൂര്‍ നിരാഹാരസമരമാണ് നേരത്തേ കെപിസിസി തീരുമാനിച്ചതെങ്കിലും ഇന്നലെ രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെത്തി നേതൃയോഗം ചേര്‍ന്ന് നിരാഹാരം 22 വരെ തുടരാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു.
സര്‍ക്കാരിന്റെയും പോലിസിന്റെയും വിശദീകരണം തൃപ്തികരമല്ലെന്നും നിഷ്പക്ഷമായ അന്വേഷണം നടത്തി മുഴുവന്‍ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിനു മുന്നിലെത്തിക്കണമെന്നും ആവശ്യപ്പെട്ടുള്ള സമരം 22 വരെ തുടരുമെന്നും പ്രതിപക്ഷ നേതാവ് ചെന്നിത്തലയാണ് ഔദ്യോഗികമായി അറിയിച്ചത്. അന്വേഷണ സംഘത്തെ എന്തിനാണ് മാറ്റിയതെന്ന് സര്‍ക്കാര്‍ വിശദമാക്കണം. പഴയ അന്വേഷണ സംഘത്തിന് എന്തുവീഴ്ചയാണുണ്ടായത്. റേഞ്ച് ഐജി മഹിപാല്‍ യാദവിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘം എന്തിനാണ്. വലിയ ആശങ്കയാണ് പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്നത്. ഡമ്മി പ്രതികളെ ഹാജരാക്കി സമരക്കാരെയും പൊതു സമൂഹത്തെയും കബളിപ്പിച്ചുകളയാമെന്നു കരുതുന്നുണ്ടെങ്കില്‍ അത് വ്യാമോഹമാണ്. യുഎപിഎ നിയമം 15ാം വകുപ്പനുസരിച്ച് കേസെടുക്കേണ്ട സാഹചര്യമുണ്ടായിട്ടും ചുമത്തില്ലെന്ന് പോലിസ് പറയുന്നത് എന്തുകൊണ്ടാണ്. കേസില്‍ സമ്പൂര്‍ണ നീതികിട്ടുംവരെ പ്രക്ഷോഭം തുടരുമെന്നും ചെന്നിത്തല പറഞ്ഞു. 22ന് എംഎല്‍എമാരും എംപിമാരും കോണ്‍ഗ്രസ് നേതാക്കളും ഉള്‍പ്പെടെയുള്ള ഉന്നത നേതാക്കളുടെ യോഗം കണ്ണൂരില്‍ ചേരും. അതേസമയം ശുഹൈബിനെ കൊന്നത് ടി പി വധക്കേസ് പ്രതി കിര്‍മാണി മനോജെന്ന് സംശയിക്കുന്നതായി കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആവര്‍ത്തിച്ചു. ശുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവത്തില്‍ നിന്ന് അത് വ്യക്തമാണ്. ടി പി ചന്ദ്രശേഖരന്റെ ശരീരത്തിലുണ്ടായിരുന്ന മുറിവുകള്‍ക്കു സമാനമാണിത്. ആകാശ് തില്ലങ്കേരി കൊലയില്‍ പങ്കെടുത്തിട്ടുണ്ടെങ്കില്‍ അത് പി ജയരാജന്‍ അറിയാതിരിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു.
സമരം തുടരുക വഴി സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനു നേരെയുള്ള പ്രതിരോധവും പ്രചാരണവും കൂടുതല്‍ ശക്തമാക്കാനാണ് നേതൃത്വത്തിന്റെ ശ്രമം. അതേസമയം ക്ഷണിക്കപ്പെട്ടവരും അല്ലാത്തവരുമായി യുഡിഎഫിലെ ഘടകകക്ഷികളും ആര്‍എംപി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും സമരപ്പന്തലിലെത്തി പിന്തുണയറിയിച്ചു. നിരവധി വര്‍ഗ ബഹുജന സംഘടനകളും നിരാഹാരസമര പന്തലിലെത്തി സുധാകരന് അഭിവാദ്യമര്‍പ്പിച്ചു. കൂടാതെ സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തകരും മഹിളാ സംഘങ്ങളും സമര പങ്കാളികളായെത്തി. ചില സംഘടനകളുടെ നേതൃത്വത്തില്‍ അമ്മമാരുടെ കൂട്ടായ്മയും സഹകരണവുമായെത്തി. വന്‍ജനക്കൂട്ടമാണ് ഓരോദിവസം സുധാകരന് പിന്തുണയുമായെത്തുന്നത്.
നേതാക്കളുടെ വന്‍നിരയും എത്തുന്നുണ്ട്. ഇന്നലെ കെപിസിസി പ്രസിഡന്റ് എം എം ഹസന്‍, മുന്‍ പ്രസിഡന്റ് കെ മുരളീധരന്‍ എംഎല്‍എ, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്, വി ടി ബലറാം എംഎല്‍എ, എം കെ രാഘവന്‍ എംപി, സി പി ജോണ്‍, ടി സിദ്ദീഖ്, കെ സി ജോസഫ് എംഎല്‍എ തുടങ്ങിവര്‍ സമരപ്പന്തലിലെത്തി അഭിവാദ്യമര്‍പ്പിച്ചു. സിപിഎമ്മിനു നേരെ പ്രതിഷേധത്തിന്റെ പുതിയ വഴി കണ്ടെത്തുകയും പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുകയുമാണ് സുധാകരനും കോണ്‍ഗ്രസ് നേതൃത്വവും സമരത്തിലൂടെ ഉദ്ദേശിക്കുന്നത്. കേന്ദ്ര നേതാക്കളെ സമരത്തില്‍ പങ്കെടുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
Next Story

RELATED STORIES

Share it