Flash News

പ്രതിയെ വലയിലാക്കാന്‍ ഭര്‍ത്താവിനൊപ്പം19കാരി യാത്ര ചെയ്തത് 900 കി.മീ

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ അധിക്ഷേപകനെ വലയിലാക്കാ ന്‍, ഇരയായ ഡല്‍ഹി സ്വദേശിനിയായ യുവതിയും ഭര്‍ത്താവും നടത്തിയ യാത്രയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചകളിലൊന്ന്. അതിക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായ 19കാരിയും ഭര്‍ത്താവും പ്രതിയെ പിടികൂടാന്‍ യാത്ര ചെയ്തത് 900 കിലോമീറ്റര്‍ ആണ്.യുവതിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിര്‍മിച്ച് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിക്കുകയായിരുന്നു. കൂടാതെ, വാട്‌സ് ആപ്പ് ഗ്രൂപ്പുകളിലും യുവതിയുടേതെന്ന പേരില്‍ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു. യുവതിയുടെ കുടുംബസുഹൃത്തായ ഷാക്കിര്‍ ഹുസയ്‌നായിരുന്നു ഈ വ്യാജ ചിത്രങ്ങള്‍ക്കു പിന്നില്‍. യുവതിക്കു നേരെ ആസിഡ് ആക്രമണം നടത്തുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ കൈവിട്ടു പോയതോടെ യുവതിയും ഭര്‍ത്താവും ഡല്‍ഹി പോലിസില്‍ പരാതി നല്‍കി. പോലിസ് പ്രതിക്കെതിരേ നടപടിയെടുക്കുന്നതില്‍ അനാസ്ഥ കാണിച്ചു. തുടര്‍ന്നാണു പ്രതിയെ പിടികൂടാന്‍ യുവതി തന്നെ തുനിഞ്ഞിറങ്ങിയത്. ബംഗളൂരുവിലെത്തി തന്നോടൊപ്പം കിടക്ക പങ്കിട്ടാല്‍ സാമൂഹിക മാധ്യമങ്ങളില്‍ നിന്നു ചിത്രങ്ങള്‍ നീക്കാമെന്നു ഷാക്കിര്‍ ഹുസയ്ന്‍ യുവതിയോടു നേരത്തെ പറഞ്ഞിരുന്നു. ഇത് ഇയാളിലേക്കെത്താനുള്ള വഴിയായി കണ്ട്, വരാമെന്ന് യുവതി സമ്മതിച്ചു. താന്‍ ശാരീരികമായി അവശയായതു കൊണ്ട് ബംഗളൂരുവിലെത്താനാവില്ലെന്നും പകരം മധ്യപ്രദേശിലെ ഖന്ധ്വയില്‍ വരാമെന്നും യുവതി ഷാക്കിര്‍ ഹുസയ്‌നെ അറിയിച്ചു. യുവതിയുടെ ഭര്‍ത്താവ് നേരത്തെ ജോലി ചെയ്തിരുന്ന സ്ഥലമാണ് മധ്യപ്രദേശിലെ ഖന്ധ്വ. ഷാക്കിര്‍ ഹുസയ്ന്‍ അവിടെയെത്തിയാല്‍ പോലിസില്‍ ഏല്‍പിക്കാമെന്നായിരുന്നു ഇവരുടെ കണക്കുകൂട്ടല്‍. തുടര്‍ന്നു യുവതിയും ഭര്‍ത്താവും ഡല്‍ഹിയില്‍ നിന്ന് 900 കിലോമീറ്റര്‍ താണ്ടി മധ്യപ്രദേശിലെ ഖന്ധ്വയിലെത്തി. തുടര്‍ന്ന് ഖന്ധ്വയിലെത്തിയ ഷാക്കിര്‍ ഹുസയ്‌നെ യുവതിയുടെ ഭര്‍ത്താവ് അതിവിദഗ്ധമായി പോലിസ് സ്‌റ്റേഷനിലെത്തിക്കുകയായിരുന്നു. തുടര്‍ന്നു പ്രതിയെ ഡല്‍ഹി പോലിസിന് കൈമാറി.അതിനിടെ, യുവതിയുടെ പരാതിയില്‍ നടപടി സ്വീകരിച്ചിരുന്നുവെന്നും യുവതിയും ഭര്‍ത്താവും പരാതി എഴുതിനല്‍കി മടങ്ങിയ ശേഷം കൂടുതല്‍ വിവരങ്ങളൊന്നും കൈമാറിയില്ലെന്നും സ്‌റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടു വന്നില്ലെന്നും പോലിസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. യുവതിയുടെ പേരിലുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ ചിലതു നേരത്തെ നീക്കം ചെയ്തിരുന്നതായും എന്നാല്‍ ഷാക്കിര്‍ ഹുസയ്ന്‍ ഒട്ടേറെ വ്യാജ അക്കൗണ്ടുകള്‍ നിര്‍മിച്ചിരുന്നെന്നും പോലിസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it