Kollam Local

പ്രതിയായ ഭര്‍ത്താവിന് പത്ത് വര്‍ഷം തടവും പിഴയും

കൊല്ലം:ഭര്‍ത്താവിന്റെയും ബന്ധുക്കളുടേയും മാനസിക ശാരീരിക പീഡനത്തെ തുടര്‍ന്ന് സ്വന്തം വീട്ടില്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്ത യുവതിയുടെ ഭര്‍ത്താവിലെ കുറ്റക്കാരനെന്ന് കണ്ടെത്ത്ിപത്ത് വര്‍ഷം തടവും പിഴയും ശിക്ഷ വിധിച്ചു.തൃക്കോവില്‍വട്ടം വില്ലേജില്‍ ചെറിയേല ചേരിയില്‍ സരസ്വതി ഭവന്‍ വീട്ടില്‍ തങ്കപ്പനാചാരി മകള്‍ അനിതയുടെ ഭര്‍ത്താവ് മില്ലേനിയം നഗറില്‍ കിണറുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ രതീഷ് (34)നെ ആത്മഹത്യാ പ്രേരണാ കുറ്റത്തിന് ഏഴ് വര്‍ഷം കഠിന തടവിനും ഒരു ലക്ഷം രൂപാ പിഴയുമാണ് വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം രണ്ട് വര്‍ഷം അധിക കഠിന തടവിനും സ്ത്രീധന പീഡനത്തിന് മൂന്ന് വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു. പിഴയൊടുക്കാത്ത പക്ഷം മൂന്ന് മാസം അധിക കഠിന തടവും ശിക്ഷിച്ച് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എഫ് ആഷിദയാണ് വിധി പുറപ്പെടുവിച്ചത്. മതാചാര പ്രകാരം വിവാഹം കഴിച്ച ശേഷം അനിതയെ കൂടുതല്‍ സ്ത്രീധത്തിനായി ഭര്‍ത്താവും ഭര്‍ത്താവിന്റെ പിതാവും മാതാവും മാതൃസഹോദരിയും ചേര്‍ന്ന് പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് അനിത, കൊല്ലം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി ബോധിപ്പിക്കുകയും കോടതി ഉത്തരവ് പ്രകാരം കൊട്ടിയം പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കുകയുമായിരുന്നു. 2011 ഡിസംബര്‍ 29ന് രാവിലെ ഒന്നാം പ്രതി ഭാര്യാ വിട്ടിലെത്തി മറ്റാരുമില്ലാതിരുന്ന സമയം അനിതയെ ശാരീരികമായും മാനസികമായും ഉപദ്രവിച്ചുവെന്നും തുടര്‍ന്ന് അനിത സ്വയം മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. ഓടിക്കൂടിയ നാട്ടുകാരാണ് അനിതയെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ചികില്‍സയിലായിരിക്കെ 2012 ജനുവരി 20ന് അനിത മരണപ്പെടുകയായിരുന്നു. ചികില്‍സയില്‍ കഴിഞ്ഞ അവസരത്തില്‍ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് പിവി അനീഷ്‌കുമാര്‍ ആശുപത്രിയിലെത്തി അനിതയുടെ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. അനിതയുടെ ബന്ധുക്കളും അയല്‍ക്കാരും വിസ്താരവേളയില്‍ കൂറുമാറി പ്രതിഭാഗം ചേര്‍ന്നുവെങ്കിലും അനിതയുടെ മരണമൊഴിയും മറ്റ് സാഹചര്യ തെളിവുകളും കണക്കിലെടുത്താണ് കോടതി ഒന്നാം പ്രതിയ്‌ക്കെതിരേ ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയുടെ പിതാവ് കൃഷ്ണന്‍കുട്ടി, മാതാവ് രാധാമണി, മാതാവിന്റെ സഹോദരി അമ്മിണി, എന്നിവരെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ടു. കൊട്ടിയം പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് ചാത്തന്നൂര്‍ അസിസ്റ്റന്റ് പോലിസ് കമ്മീഷണര്‍ സന്തോഷ്‌കുമാറാണ് അന്വേഷണം നടത്തി ചാര്‍ജ്ജ് ഹാജരാക്കിയത്. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എ കെ മനോജ് കോടതിയില്‍ ഹാജരായി.
Next Story

RELATED STORIES

Share it