പ്രതിമാസ പ്രോവിഡന്റ് ഫണ്ട് വിഹിതംഎല്ലാ മാസവും 15നകം അടയ്ക്കണമെന്ന് റീജ്യനല്‍ പിഎഫ് കമ്മീഷണര്‍

കൊച്ചി: എല്ലാ മാസവും 15നകം— തൊഴിലുടമകള്‍ പ്രൊവിഡന്റ് ഫണ്ട് വിഹിതം അടയ്ക്കണമെന്ന് റീജ്യനല്‍ പിഎഫ് കമ്മീഷണര്‍ എന്‍ ഗോപാലകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇതിന് അനുവദിച്ചിരുന്ന അഞ്ച് ദിവസത്തെ ഇളവ് ഫെബ്രുവരി മുതല്‍ നിര്‍ത്തലാക്കി. തുക അടയ്ക്കാന്‍ വൈകിയാല്‍ പിഴയും പലിശയും അടക്കേണ്ടിവരും. വീഴ്ച വരുത്തുന്നവര്‍ക്ക് പ്രോസിക്യൂഷന്‍ നടപടി നേരിടേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. തൊഴിലാളികളുടെയും തൊഴിലുടമയുടെയും വിഹിതം എസ്ബിഐ ശാഖകളില്‍ ചെലാനായിട്ടാണ് അടച്ചിരുന്നത്. എഴുതി തയ്യാറാക്കി പണം അടയ്ക്കുന്ന ഈ രീതി സമയമെടുക്കുന്നതുകൊണ്ടാണ് ഭരണക്രമീകരണം എന്ന രീതിയില്‍ അഞ്ച് ദിവസംകൂടി അനുവദിച്ചത്.
ഇന്റര്‍നെറ്റ് ബാങ്കിങ് സമ്പ്രദായം നടപ്പാക്കിയതോടെ ലഘുവായ രീതിയിലും ചുരുങ്ങിയ സമയത്തിലും പണം അടയ്ക്കാന്‍ കഴിയും. ഇപിഎഫിലേക്ക് ഓണ്‍ലൈനായി മാത്രമേ പണം അടയ്ക്കാവു എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഇപിഎഫില്‍ സമഗ്രമായ മാറ്റം വന്നുകൊണ്ടിരിക്കുകയാണ്. 2014ന് ശേഷം ഒരു മാസമെങ്കിലും വിഹിതം അടച്ച മുഴുവന്‍ വരിക്കാര്‍ക്കും യൂനിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നല്‍കിയിട്ടുണ്ട്. ഇപിഎഫ് സേവനങ്ങള്‍ ലഭിക്കുന്നതിന് യുഎഎന്‍ മൊബൈല്‍ ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പ്രവര്‍ത്തനസജ്ജമാക്കണം. ഇതോടൊപ്പം ബാങ്ക് അക്കൗണ്ട് നമ്പര്‍, ആധാര്‍ നമ്പര്‍ എന്നിവ ബന്ധിപ്പിച്ച് തൊഴിലുടമയുടെ ഡിജിറ്റല്‍ ഒപ്പ് ഉപയോഗിച്ച് അംഗീകരിക്കണം. ഇടപാടുകളെപ്പറ്റി എസ്എംഎസ് ലഭിക്കാനും ഓഫിസില്‍ പോവാതെ പരാതികള്‍ പരിഹരിക്കാനും പുതിയ സംവിധാനത്തില്‍ കഴിയും. എറണാകുളം, ആലപ്പുഴ, തൃശൂര്‍ ജില്ലകളും ലക്ഷദ്വീപും ഉള്‍പ്പെട്ട സബ് റീജ്യനില്‍ 6,30,948 യുഎഎന്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ 3,51,446 എണ്ണം പ്രവര്‍ത്തനസജ്ജമാക്കിയിട്ടുണ്ടെന്നും കമ്മീഷണര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it