പ്രതിഭാ തീരം കുട്ടികളെ കൊച്ചിയുടെ കാഴ്ചകള്‍ കാണിച്ച് മന്ത്രി തോമസ് ഐസക്‌

കൊച്ചി: ആലപ്പുഴയിലെ കുട്ടികളെ കൊച്ചിയുടെ കാഴ്ചകള്‍ കാണിച്ച് മന്ത്രി തോമസ് ഐസക്. വലിയ പരീക്ഷ കഴിഞ്ഞാല്‍ അവധിക്കാലത്തുതന്നെ കൊച്ചിയില്‍ കൊണ്ടുപോയി കാഴ്ചകള്‍ കാണിക്കാമെന്നും കൊച്ചി മെട്രോയില്‍ കയറ്റാമെന്നും മന്ത്രി തോമസ് ഐസക് പ്രതിഭാ തീരം കൂട്ടായ്മയിലെ  കുട്ടികള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു. കുട്ടികള്‍ക്ക് കൊടുത്ത ആ വാക്കാണ് ഒട്ടേറെ തിരക്കുണ്ടായിട്ടും അതെല്ലാം മാറ്റിവച്ച് അദ്ദേഹം ഇന്നലെ യാഥാര്‍ഥ്യമാക്കിയത്. കുട്ടികള്‍ക്കൊപ്പം മെട്രോ യാത്രയിലും ഫിഷറീസ് സര്‍വകലാശാലയിലെ സന്ദര്‍ശനത്തിലും ഡോ. തോമസ് ഐസക് സഹയാത്രികനായെത്തിയപ്പോള്‍ കുട്ടികളുടെ സന്തോഷം ഇരട്ടിയായി.
തീരദേശത്തെ കുട്ടികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞുപോക്കും പഠന പിന്നാക്കാവസ്ഥയും പരിഹരിക്കാനായി മന്ത്രി തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച കൂട്ടായ്മയാണ് പ്രതിഭാ തീരം. ആലപ്പുഴ മണ്ഡലത്തിലെ പിന്നാക്കാവസ്ഥയില്‍ നില്‍ക്കുന്ന തീരദേശങ്ങളില്‍ നിന്നുള്ള ഏഴ്, എട്ട് ക്ലാസുകളില്‍ പഠിക്കുന്ന 160 കുട്ടികളാണ് പ്രതിഭാ തീരം’ പ്രവര്‍ത്തകര്‍ക്കൊപ്പം കൊച്ചിയിലെത്തിയത്. രാവിലെ ഏഴിന് മൂന്നു ബസ്സുകളിലായി ആലപ്പുഴയില്‍ നിന്നു തിരിച്ച കുട്ടികള്‍ കൊച്ചിയിലെത്തി പ്രഭാത ഭക്ഷണത്തിനുശേഷം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തു. യാത്രയില്‍ കളിയും ചിരിയും തമാശയുമായി മന്ത്രി തോമസ് ഐസക്കും ചേര്‍ന്നതോടെ കുട്ടികള്‍ക്കും ആവേശം ഇരട്ടിയായി. പത്തടിപ്പാലം മെട്രോ സ്‌റ്റേഷനിലിറങ്ങിയ ശേഷം മന്ത്രിക്കൊപ്പം പനങ്ങാട് ഫിഷറീസ് സര്‍വകലാശാലയിലേക്കായിരുന്നു അടുത്ത യാത്ര. ഫിഷറീസ് മ്യൂസിയം സന്ദര്‍ശിച്ച കുട്ടികള്‍ക്കായി സര്‍വകലാശാലയില്‍ പഠന ക്ലാസുമൊരുക്കിയിരുന്നു. കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ തൃപ്പൂണിത്തുറ ഹില്‍പാലസ് കൂടി സന്ദര്‍ശിച്ച ശേഷം യാത്രാ സംഘം ആലപ്പുഴയിലേക്ക് മടങ്ങി. നന്നായി പഠിക്കാന്‍, നല്ലവരാവാന്‍’ എന്നതാണ് പ്രതിഭാ തീരത്തിന്റെ മുദ്രാവാക്യം. സമീപപ്രദേശത്തെ അഭ്യസ്തവിദ്യരായ ചെറുപ്പക്കാരെ, വായനശാലകള്‍ കേന്ദ്രീകരിച്ച് റിസോഴ്‌സ് പേഴ്‌സണ്‍മാരാക്കി മാറ്റിയാണ് കുട്ടികളുടെ പഠന പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണുന്നത്. കംപ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസം, സ്മാര്‍ട് ക്ലാസ് റൂമുകള്‍, പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങള്‍ എന്നിവയൊരുക്കി കുരുന്നുകളെ പ്രതിഫലമില്ലാതെ സഹായിക്കുകയാണിവര്‍. കുട്ടികളും 40ഓളം റിസോഴ്‌സ് പ്രവര്‍ത്തകരുള്‍പ്പെടെ 300ഓളം പേരുണ്ട് പ്രതിഭാ തീരം കൂട്ടായ്മയില്‍.
കഴിഞ്ഞ വര്‍ഷമാണ് കൂട്ടായ്മയ്ക്ക് തുടക്കമായത്. ഏഴാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് പദ്ധതിയൊരുക്കിയത്. ഈ കുട്ടികളെ നിങ്ങള്‍ ഞങ്ങള്‍ക്ക് തരിക. പത്തിലെത്തുമ്പോഴേക്ക് ഇവരെ മിടുക്കരാക്കിത്തരാം എന്നായിരുന്നു പദ്ധതി തുടങ്ങുമ്പോള്‍ തോമസ് ഐസക് രക്ഷിതാക്കളോട് പറഞ്ഞത്. ഇവരിപ്പോള്‍ എട്ടാം ക്ലാസിലെത്തി.ഇപ്പോള്‍ പ്രതിഭാ തീരത്തിലേക്ക് രണ്ടാമത്തെ ബാച്ച് ഏഴാം ക്ലാസുകാര്‍ കൂടിയെത്തിയതിന്റെ സന്തോഷത്തിലാണ് കുട്ടികള്‍.
Next Story

RELATED STORIES

Share it