പ്രതിപ്പട്ടികയിലുള്ള ഉദ്യോഗസ്ഥനും ഐപിഎസ് നല്‍കാനൊരുങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: കോളിളിക്കം സൃഷ്ടിച്ച ഉദയകുമാര്‍ ഉരുട്ടിക്കൊലകേസില്‍ പ്രതിയായ ഉദ്യാഗസ്ഥന് ഐപിഎസ് നല്‍കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഡിവൈഎസ്പി ഇ കെ സാബുവിന്റെ പേര് സംസ്ഥാനം കേന്ദ്രത്തിന് നല്‍കിയ ഐപിഎസ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായാണ് വാര്‍ത്തകള്‍.
2005 സപ്തംബര്‍ 27ന് ശ്രീകണ്‌ഠേശ്വരം പാര്‍ക്കില്‍ നിന്ന് അന്ന് സിഐ ആയിരുന്ന ഇ കെ സാബുവിന്റെ നേതൃത്വത്തിലാണ് ഉദയകുമാറിനെ പോലിസ് കസ്റ്റഡിയിലെടുത്തത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് ഇ കെ സാബു അടക്കമുള്ളവരുടെ ചോദ്യം ചെയ്യലിനിടയില്‍ അവശനായ ഉദയകുമാര്‍ പിന്നീട് ജനറല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു. കേസിന്റെ വിചാരണ വേളയില്‍ ഇ കെ സാബു, ടി അജിത്കുമാര്‍ എന്നിവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ജനറല്‍ ഡയറിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തതെന്ന് ഉദയകുമാര്‍ കൊല്ലപ്പെട്ട ദിവസം ജനറല്‍ ഡയറിയുടെ ചുമതല ഉണ്ടായിരുന്ന തങ്കമണി എന്ന പോലിസുകാരന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
തങ്കമണിയെ പിന്നീട് കോടതി മാപ്പുസാക്ഷി ആക്കുകയായിരുന്നു. ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ നേരിടവെയാണ് ഇ കെ സാബുവിന് ഐപിഎസ് നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ പ്രതികളായ ഉരുട്ടിക്കൊലക്കേസില്‍ ഏറിയ പങ്ക് സാക്ഷികളും പോലിസുകാര്‍ തന്നെയാണ്. സാബുവിനെ കൂടാതെ എസി ആയിരുന്ന ടി കെ ഹരിദാസ്, സിഐ ടി അജിത്കുമാര്‍, ഹെഡ് കോണ്‍സ്റ്റബിള്‍ വി പി മോഹന്‍, കോണ്‍സ്റ്റബിള്‍മാരായ ജിതകുമാര്‍, ശ്രീകുമാര്‍, സോമന്‍ എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍.
Next Story

RELATED STORIES

Share it