പ്രതിപക്ഷ ബഹളം: നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കി

തിരുവനന്തപുരം: ബജറ്റ് ചര്‍ച്ചയുടെ അവസാനദിനവും പ്രതിപക്ഷ ബഹളത്തില്‍ നിയമസഭ സ്തംഭിച്ചു. സോളാര്‍, ബാര്‍ കോഴക്കേസുകളില്‍ ആരോപണവിധേയരായ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാജി ആവശ്യപ്പെട്ടായിരുന്നു ബഹളം. പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ സഭാസമ്മേളനം വെട്ടിച്ചുരുക്കി. ബജറ്റിന്‍മേലുള്ള പൊതുചര്‍ച്ച ഒഴിവാക്കിയ ശേഷം ഇന്നും തിങ്കളാഴ്ചയും സഭ ചേരേണ്ടതില്ലെന്നാണു തീരുമാനം.
ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് 23ന് സഭ ചേരില്ലെന്നു നേരത്തെ തീരുമാനിച്ചിരുന്നു. വോട്ട് ഓണ്‍ അക്കൗണ്ട് പരിഗണിക്കാന്‍ 24ന് മാത്രമേ ഇനി ചേരുകയുള്ളൂ. മുഖ്യമന്ത്രി പ്രത്യേക പ്രമേയം അവതരിപ്പിച്ചാണ് കാര്യോപദേശക സമിതി തീരുമാനം തിരുത്തി സമ്മേളന നടപടികള്‍ പുനക്രമീകരിച്ചത്.
ഈ മാസം 25 വരെയാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്. 25നാണ് നിയമനിര്‍മാണം. ഇന്നലെ അടിയന്തരപ്രമേയ നോട്ടീസ് പരിഗണിച്ച ശേഷം ഇറങ്ങിപ്പോയ പ്രതിപക്ഷം തിരികെയെത്തി നടുത്തളത്തിലിറങ്ങി. മന്ത്രിമാരുടെ രാജിയാവശ്യത്തോട് സര്‍ക്കാര്‍ മുഖംതിരിഞ്ഞുനില്‍ക്കുന്ന സാഹചര്യത്തില്‍ സഭാ നടപടികളുമായി സഹകരിക്കില്ലെന്ന് എസ് ശര്‍മ പറഞ്ഞു. ബഹളം രൂക്ഷമായതിനെത്തുടര്‍ന്ന് ബജറ്റ് ചര്‍ച്ച സ്പീക്കര്‍ റദ്ദാക്കി. അതേസമയം, ബഹളത്തിനിടയില്‍ ബജറ്റ് ചര്‍ച്ചയ്ക്കു മുഖ്യമന്ത്രി മറുപടി നല്‍കി.
Next Story

RELATED STORIES

Share it