പ്രതിപക്ഷ പ്രതിഷേധം: രാജ്യസഭാ നടപടികള്‍ തടസ്സപ്പെട്ടു

സിദ്ദീഖ്  കാപ്പന്‍

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ മുസ്‌ലിംകള്‍ക്കെതിരേ സംഘപരിവാരം നടത്തുന്ന ആസൂത്രിത ആക്രമണങ്ങള്‍ക്കെതിരേ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ നടത്തിയ പ്രതിഷേധം മൂലം രാജ്യസഭാ നടപടികള്‍ തടസ്സപ്പെട്ടു. ഇന്നലെ സഭ ആരംഭിച്ച ഉടന്‍ തന്നെ സമാജ്‌വാദി പാര്‍ട്ടി എംപിമാര്‍ കാസ്ഗഞ്ച് സംഘര്‍ഷത്തിനെതിരേ മുദ്രാവാക്യം മുഴക്കി നടുത്തളത്തിലിറങ്ങുകയായിരുന്നു. സമാജ്‌വാദി എംപി രാംഗോപാല്‍ യാദവാണു കാസ്ഗഞ്ച് വിഷയം സഭയില്‍ ഉന്നയിച്ചത്. കാസ്ഗഞ്ചില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ ആസൂത്രിതമായ ആക്രമണം നടക്കുകയാണ്. മുസ്‌ലിംകളുടെ വീടുകള്‍ തീവച്ചു നശിപ്പിക്കപ്പെട്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍, വിഷയത്തില്‍ നോട്ടീസ് നല്‍കണമെന്നും നോട്ടീസ് നല്‍കാതെ മറുപടി പറയാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടാനാവില്ലെന്നും സഭ നിയന്ത്രിച്ചിരുന്ന ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍ വ്യക്തമാക്കി. എന്നാല്‍ ഉപാധ്യക്ഷന്റെ മറുപടിയില്‍ തൃപ്തരാവാതെ സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം മുഴക്കുകയായിരുന്നു. ഡല്‍ഹിയിലെ പാതയോരത്തു പ്രവര്‍ത്തിക്കുന്ന പാവപ്പെട്ട ചെറുകിട കച്ചവടക്കാരുടെ കടകള്‍ അടച്ചുപൂട്ടുന്ന ബിജെപി അധികാരം കൈയാളുന്ന മുനിസിപ്പല്‍ കൗണ്‍സില്‍ തീരുമാനത്തെച്ചൊല്ലി ആം ആദ്മി പാര്‍ട്ടി എംപിമാരും നടുത്തളത്തിലിറങ്ങി. അതിനിടെ, ആന്ധ്രപ്രദേശിനെ സഹായിക്കൂ എന്നെഴുതിയ പ്ലക്കാര്‍ഡുമായി കോണ്‍ഗ്രസ് എംപി കെ വി പി രാമചന്ദ്രറാവുവും നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ഇരിപ്പിടത്തിലേക്കു മടങ്ങാന്‍ ഉപാധ്യക്ഷന്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അദ്ദേഹം തയ്യാറായില്ല. ഇതോടെ രാമചന്ദ്രറാവുവിനെ മടക്കി വിളിക്കണമെന്ന് ഉപാധ്യക്ഷന്‍ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനോട് ആവശ്യപ്പെട്ടു. റാവു, താങ്കള്‍ എന്താണു കാണിക്കുന്നത്. ആര്‍ക്കെങ്കിലും ഇങ്ങനെ ചെയ്യാന്‍ കഴിയുമോ. അയാള്‍ക്കു വട്ടാണോ. ദയവ് ചെയ്തു തിരിച്ചുവിളിക്കൂ എന്നു പറഞ്ഞ ഉപാധ്യക്ഷന്‍ റാവുവിനെതിരേ നടപടിയെടുക്കുമെന്ന മുന്നറിയിപ്പും നല്‍കി. സഭ ചോദ്യോത്തരവേളയ്ക്കായി ചേര്‍ന്നപ്പോഴും എഎപിയിലെ സഞ്ജയ് സിങ് കടയടപ്പു വിഷയത്തില്‍ മുദ്രാവാക്യം വിളികളുമായി നടുത്തളത്തില്‍ ഇറങ്ങി. കേന്ദ്ര സര്‍ക്കാരിനെതിരേ മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങിയ എഎപി അംഗത്തിനൊപ്പം കോണ്‍ഗ്രസ്സും ചേര്‍ന്നതോടെ സഭ ബഹളത്തില്‍ മുങ്ങി. അതിനിടെ സഞ്ജയ് സിങും പാര്‍ലമെന്ററി കാര്യ സഹമന്ത്രി വിജയ് ഗോയലും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും ഉപാധ്യക്ഷന്‍ ഇടപെട്ടു നിയന്ത്രിക്കുകയായിരുന്നു. ഡല്‍ഹിയില്‍ നടക്കുന്ന കടകള്‍ അടച്ചുപൂട്ടുന്ന സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനു മൗനംപാലിച്ചിരിക്കാനാവില്ല. പാവപ്പെട്ട കച്ചവടക്കാരെ പുറത്താക്കുന്ന വിഷയത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം. സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ കാരണം രാജ്യത്തെ വ്യവസായങ്ങള്‍ താറുമാറാവും. വഴിവക്കില്‍ കച്ചവടം നടത്തുന്ന പാവപ്പെട്ടവര്‍ സര്‍ക്കാരിന്റെ തെറ്റായ തീരുമാനം മൂലം പട്ടിണിയിലാവുമെന്നും പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ് പറഞ്ഞു. ഇതോടെ എഎപി എംപിമാര്‍ പ്രതിഷേധം കൂടുതല്‍ ശക്തമാക്കി. രാവിലെ ശൂന്യവേള തടസ്സപ്പെടുത്തിയവര്‍ തന്നെ ചോദ്യോത്തരവേളയിലും ബഹളം ആവര്‍ത്തിക്കുകയാണെന്ന് ഉപാധ്യക്ഷന്‍ പറഞ്ഞു. അപ്പോഴും ആന്ധ്രപ്രദേശിനെ സഹായിക്കൂ എന്ന പ്ലാക്കാര്‍ഡുമായി കോണ്‍ഗ്രസ് എംപി റാവു നടുത്തളത്തില്‍ നില്‍പുണ്ടായിരുന്നു. ഒരു അംഗരക്ഷനെ പോലെ നില്‍ക്കുകയല്ലാതെ നിങ്ങള്‍ക്കു മറ്റൊന്നും ചെയ്യാനില്ലേ എന്നായിരുന്നു റാവുവിനോട് ഉപാധ്യക്ഷന്റെ ചോദ്യം. എന്തെങ്കിലും ബോധ്യമുണ്ടെങ്കില്‍ താങ്കള്‍  ഇരിപ്പിടത്തിലേക്കു മടങ്ങിപ്പോവണമെന്നും മറ്റുള്ളവര്‍ താങ്കളെ നോക്കി ചിരിക്കുകയാണെന്നും ഉപാധ്യക്ഷന്‍ പറഞ്ഞു. നിങ്ങള്‍ സഭയില്‍ കടുത്ത മര്യാദ ലംഘനമാണു നടത്തുന്നത്. എന്തു നടപടിയെടുക്കണം എന്ന് ആലോചിക്കേണ്ടി വരുമെന്നും കുര്യന്‍ മുന്നറിയിപ്പു നല്‍കി. അതിനിടെ മുതിര്‍ന്ന കോണ്‍ഗ്രസ് എംപിമാരായ ജയറാം രമേഷും ഭുവനേശ്വര്‍ കലിതയും റാവുവിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും അദ്ദേഹം പ്രതിഷേധം തുടര്‍ന്നു.
Next Story

RELATED STORIES

Share it