പ്രതിപക്ഷ കക്ഷികള്‍ യോഗംചേര്‍ന്നു

ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ നടപ്പു ബജറ്റ് സമ്മേളനത്തില്‍ സംയുക്ത തന്ത്രം ആവിഷ്‌കരിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ യോഗം ചേര്‍ന്നു. യോഗത്തില്‍ യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി അധ്യക്ഷയായിരുന്നു. പാര്‍ലമെന്റ് ലൈബ്രറി കെട്ടിടത്തില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, മുതിര്‍ന്ന പാര്‍ട്ടി നേതാക്കളായ അഹ്മദ് പട്ടേല്‍, ഗുലാംനബി ആസാദ്, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് അധ്യക്ഷന്‍ ഫാറൂഖ് അബ്ദുല്ല, ആര്‍ജെഡി നേതാവ് ജയപ്രകാശ് നാരായണ്‍ യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രിയന്‍, സിപിഐ ദേശീയ സെക്രട്ടറി ഡി രാജ, സമാജ്‌വാദി പാര്‍ട്ടി നേതാവ് രാംഗോപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷ പദവി ഒഴിഞ്ഞശേഷം സോണിയ അധ്യക്ഷത വഹിച്ച ആദ്യത്തെ യോഗമായിരുന്നു ഇന്നലത്തേത്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ ഒന്നിച്ച 17 പാര്‍ട്ടികളെ സംയുക്തമായി പാര്‍ലമെന്റില്‍ അണിനിരത്താനാണു ശ്രമം നടക്കുന്നത്. മുത്ത്വലാഖ് ബില്ല്, സുപ്രിംകോടതി ജഡ്ജിമാര്‍ക്കിടയിലെ തര്‍ക്കം, ഉത്തര്‍പ്രദേശിലെ വര്‍ഗീയ കലാപങ്ങള്‍ തുടങ്ങിയവ യോഗം ചര്‍ച്ചചെയ്തുവെന്നാണറിയുന്നത്.
Next Story

RELATED STORIES

Share it