പ്രതിപക്ഷ എംഎല്‍എമാരെ പ്രതീക്ഷിച്ചു: യെദ്യൂരപ്പ

ബംഗളൂരു: പ്രതിപക്ഷ എംഎല്‍എമാര്‍ ഇപ്പുറത്ത് വരുമെന്നു പ്രതീക്ഷിച്ചിരുന്നതായി കര്‍ണാടക മുഖ്യമന്ത്രിപദത്തില്‍ നിന്ന് രാജിവച്ച ബി എസ് യെദ്യൂരപ്പ. പ്രതിപക്ഷത്തെ ചില എംഎല്‍എമാരുമായി താന്‍ സംസാരിച്ചുവെന്നത് സത്യമാണ്. ചിലര്‍ സഹകരിക്കാമെന്ന് സമ്മതിക്കുകയും ചെയ്തു- രാജിവയ്ക്കുന്നതിനു മുമ്പ് നിയമസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പ്രതിപക്ഷ എംഎല്‍എമാര്‍ക്ക് യെദ്യൂരപ്പ നേരിട്ട് വന്‍തുക വാഗ്ദാനം ചെയ്തതായി പ്രതിപക്ഷം ആരോപിച്ചിരുന്നു.
വികാരപരമായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം.  കര്‍ണാടകയില്‍ അവസരവാദ സഖ്യമുണ്ടാക്കിയ കോണ്‍ഗ്രസ്സും ജെഡിഎസും ഗൂഢാലോചന നടത്തി ജനവിധി അട്ടിമറിച്ചെന്നു യെദ്യൂരപ്പ പറഞ്ഞു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം എംഎല്‍എമാരെ തടങ്കലിലാക്കി. അവരുടെ സ്ഥിതി ദയനീയമായിരുന്നു. ആരോപണ-പ്രത്യാരോപണം ഉയര്‍ത്തിയവര്‍ തോല്‍വിക്കു ശേഷം ജനവിധിക്കെതിരേ അവസരവാദ രാഷ്ട്രീയത്തിലൂടെ ധാരണയിലെത്തി.
ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാലാണ് ബിജെപിയെ ഗവര്‍ണര്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ക്ഷണിച്ചത്. അഗ്നിപരീക്ഷ പോലെയാണ് ഇന്ന് എനിക്ക് അനുഭവപ്പെട്ടത്. എന്റെ ജീവിതം മുഴുവന്‍ അഗ്നിപരീക്ഷയായിരുന്നു. ജനങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ച് 113 സീറ്റ് ബിജെപിക്ക് നല്‍കിയിരുന്നുവെങ്കില്‍ സംസ്ഥാനത്തെ ചിത്രം മാറുമായിരുന്നു. എന്നാല്‍, ദൈവവിധി മറിച്ചായിരുന്നു- യെദ്യൂരപ്പ പറഞ്ഞു.
ഞാന്‍ കര്‍ണാടകയില്‍ ഉടനീളം സഞ്ചരിച്ച് ജനങ്ങളോട് സംഭവങ്ങള്‍ വിശദീകരിക്കും. അടുത്ത വര്‍ഷത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി 28 സീറ്റുകളിലും ജയിക്കുമെന്ന് ഉറപ്പു വരുത്തും. ഈ സാഹചര്യത്തില്‍ വിശ്വാസപ്രമേയത്തിനു സമ്മര്‍ദം ചെലുത്തുന്നില്ല. ഞാന്‍ രാജിവയ്ക്കുകയാണ്. നേരിട്ട് ഗവര്‍ണര്‍ക്ക് രാജിക്കത്ത് സമര്‍പ്പിക്കും- അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it