പ്രതിപക്ഷ ആവശ്യം ഗവര്‍ണര്‍ തള്ളി

തിരുവനന്തപുരം: നിയമസഭാ ബജറ്റ് സമ്മേളനം നാളെ ആരംഭിക്കാനിരിക്കെ സര്‍ക്കാരിനെതിരായ ആക്ഷേപങ്ങളുമായി പ്രതിപക്ഷ നേതാക്കള്‍ ഗവര്‍ണര്‍ പി സദാശിവവുമായി കൂടിക്കാഴ്ച നടത്തി. നയപ്രഖ്യാപന പ്രസംഗം നടത്തരുതെന്ന ഇടതുനേതാക്കളുടെ ആവശ്യം ഗവര്‍ണര്‍ തള്ളി.
ഭരണഘടനാപരമായ ബാധ്യത താന്‍ നിറവേറ്റുമെന്ന് ഗവര്‍ണര്‍ പറഞ്ഞതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ മാധ്യമങ്ങളോട് വെളിപ്പെടുത്തി. അഴിമതി സര്‍ക്കാരിന്റെ നയപ്രഖ്യാപനം നടത്തരുതെന്നാവശ്യപ്പെട്ട് വിഎസിന്റെ നേതൃത്വത്തിലാണ് എല്‍ഡിഎഫ് നേതാക്കള്‍ ഗവര്‍ണറെ കണ്ടത്. എന്നാല്‍, ജനാധിപത്യമാര്‍ഗത്തിലൂടെ പ്രതിഷേധിക്കാന്‍ പ്രതിപക്ഷത്തിന് അവകാശമുണ്ടെന്ന് ഗവര്‍ണര്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ കോഴകളുടെ അയ്യരുകളിയാണെന്ന് വിഎസ് പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. കോഴക്കേസുകള്‍ ധരിപ്പിച്ചതിനൊപ്പം സര്‍ക്കാരിന്റെ ഹീനമുഖവും ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തി. സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടികളും അറിയിച്ചു. പാമോലിന്‍ കോഴ, ബാര്‍കോഴ, സോളാര്‍ കോഴ അങ്ങനെ യുഡിഎഫ് സര്‍ക്കാരില്‍ കോഴകളുടെ നീണ്ടനിരയാണെന്നും വിഎസ് പറഞ്ഞു.
കെ എം മാണി ബജറ്റ് അവതരിപ്പിച്ചപ്പോഴുള്ള സാഹചര്യമാണ് ഇപ്പോഴും. മന്ത്രിസഭയിലെ എല്ലാവരും അഴിമതിയുമായി ബന്ധപ്പെട്ടാണിരിക്കുന്നതെന്നും വിഎസ് കുറ്റപ്പെടുത്തി.
ഇന്നലെ രാവിലെ 11 ഓടെയാണ് എല്‍ഡിഎഫ് നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ പി സദാശിവത്തെ കണ്ടത്. സര്‍ക്കാരിനെതിരേ നിരവധി അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തുന്നതില്‍നിന്ന് പിന്മാറണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു.
ഗവര്‍ണര്‍ നയപ്രഖ്യാപനം നടത്തിയാല്‍ നിസ്സഹകരിക്കും. ആരോപണവിധേയനായ മുഖ്യമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കരുത്. നാലേമുക്കാല്‍ കൊല്ലത്തെ ഭരണത്തിന്റെ ഏറ്റവും ഹീനവും ദുഷ്ടവുമായ സമീപനത്തെക്കുറിച്ച് ഗവര്‍ണറുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്ന് വിഎസ് അറിയിച്ചു.
സര്‍ക്കാരിനെതിരേ കോഴ ആരോപണങ്ങള്‍ ഉയര്‍ന്നതോടെയാണ് പ്രതിപക്ഷം നിലപാട് കടുപ്പിച്ചത്. സോളാര്‍ കേസില്‍ ഗുരുതര ആരോപണങ്ങളാണ് സരിത എസ് നായര്‍ ഉന്നയിച്ചിരിക്കുന്നത്. സി ദിവാകരന്‍, മാത്യു ടി തോമസ്, എ കെ ശശീന്ദ്രന്‍ എന്നിവരും വിഎസിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it