പ്രതിപക്ഷത്തിന് പ്രധാനമന്ത്രിയെ കാണാനായില്ല

തിരുവനന്തപുരം: കേരളത്തില്‍ ഓഖി ദുരിതബാധിത പ്രദേശം സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട് നിവേദനം നല്‍കാന്‍ പ്രതിപക്ഷ പ്രതിനിധി സംഘത്തിന് കഴിഞ്ഞില്ല. പ്രധാനമന്ത്രിയെ കാണുന്നതിന് യുഡിഎഫ് പ്രതിനിധി സംഘത്തിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിയുടെ ഓഫിസിനെയും മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടി ലഭിച്ചിരുന്നില്ല. എന്നാല്‍, അവസാനനിമിഷം ഇന്നലെ വൈകീട്ട് 5.30ന് ഗസ്റ്റ്ഹൗസിലെത്തുന്ന പ്രധാനമന്ത്രിയെ കാണാനായി അനുമതി നല്‍കി 5.15ന്് ടൂര്‍ ഓഫിസര്‍ സന്ദേശമയച്ചു. ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ഈ സമയത്തിനുള്ളില്‍ അവിടേക്ക് എത്തിച്ചേരാന്‍ കഴിയില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഓഫിസ് അറിയിച്ചു. പ്രതിപക്ഷ നേതാക്കളെ കാണാന്‍ അവസാനസമയം വരെ കൂട്ടാക്കാതിരുന്ന പ്രധാനമന്ത്രി കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് സന്ദര്‍ശനത്തിന് നേരത്തേ അനുമതി നല്‍കിയിരുന്നു. പിന്നീട്, പൂന്തുറയിലെത്തിയ പ്രധാനമന്ത്രിക്ക് യുഡിഎഫ് സംഘത്തിന്റെ നിവേദനം സ്ഥലം എംഎല്‍എ കൂടിയായ വി എസ് ശിവകുമാറാണ് നല്‍കിയത്. പ്രധാനമന്ത്രിയുടെ നടപടിയിലുള്ള പ്രതിഷേധം അറിയിച്ച് യുഡിഎഫ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തി. കേരളത്തില്‍ ബിജെപിയല്ല മുഖ്യപ്രതിപക്ഷമെന്നും അവര്‍ക്ക് ആകെ ഒരംഗം മാത്രമാണ് സഭയിലുള്ളതെന്നും തുറന്നടിച്ച രമേശ് ചെന്നിത്തല, പ്രധാനമന്ത്രിയുടേത് തരംതാണ രാഷ്ട്രീയ നടപടിയാണെന്നും കുറ്റപ്പെടുത്തി. പ്രധാനമന്ത്രി ദുരന്തബാധിത പ്രദേശങ്ങളില്‍ എത്തുമ്പോള്‍ വിലപ്പെട്ട നിര്‍ദേശങ്ങള്‍ അറിയിക്കുന്നതിനാണ് പ്രതിപക്ഷം സന്ദര്‍ശനാനുമതി ആവശ്യപ്പെട്ടത്. കുറിഞ്ഞി ഉദ്യാനത്തിലെ കൈയേറ്റ മേഖലകളില്‍ സന്ദര്‍ശനം നടത്താനുള്ള തീരുമാനം പോലും മാറ്റിവച്ചാണ് യുഡിഎഫ് സംഘം പ്രധാനമന്ത്രിയെ നേരില്‍കാണാന്‍ അനുമതി തേടിയതെന്നും ചെന്നിത്തല പറഞ്ഞു. ദുരിത മേഖലയില്‍ പ്രവര്‍ത്തിച്ചതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തിയ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് നിവേദനം തയാറാക്കിയത്. തീരദേശം നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് 2000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും ചെന്നിത്തല പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ എം എം ഹസന്‍, ഷിബു ബേബിജോണ്‍, വി റാം മോഹന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it