പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി; തീരുമാനം തിരഞ്ഞെടുപ്പിന് ശേഷം: മമത ബാനര്‍ജി

ന്യൂഡല്‍ഹി: പ്രതിപക്ഷ കക്ഷികളുടെ പ്രധാനമന്ത്രിസ്ഥാനാര്‍ഥിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം തീരുമാനിക്കുമെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തില്‍ നിന്നു പുറത്താക്കിയശേഷം പ്രധാനമന്ത്രിയെക്കുറിച്ച് പ്രതിപക്ഷ കക്ഷികള്‍ കൂട്ടായി തീരുമാനിക്കുമെന്നു മമത പറഞ്ഞു.
പ്രധാനമന്ത്രി'മുഖം' എന്നതു പ്രധാനമാണ്. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയശേഷമേ ഇക്കാര്യം ചര്‍ച്ചചെയ്യേണ്ടതുള്ളു. പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാന്‍ ബിജെപിക്കാവില്ലെന്നും വിഭജിച്ചു ഭരിക്കുക എന്ന ബിജെപിയുടെ ശ്രമം വിലപ്പോവില്ലെന്നും മമത പറഞ്ഞു. വിഭജിച്ചു ഭരിക്കുക എന്ന ബിജെപിയുടെ തന്ത്രങ്ങളെക്കുറിച്ച് പ്രതിപക്ഷകക്ഷികള്‍ ജാഗ്രതയിലാണ്. അഡ്വാനിയെയും വാജ്‌പേയിയെയും വരെ തമ്മില്‍ തെറ്റിക്കാന്‍ നോക്കിയവരാണ് ബിജെപിക്കാരെന്നും അവര്‍ പറഞ്ഞു. നരേന്ദ്ര മോദിയെയും രാജ്‌നാഥ് സിങിനെയും തമ്മില്‍ തെറ്റിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ബിജെപിയില്‍ നടക്കുന്നതെന്നും മമത ആരോപിച്ചു. 2014ല്‍ കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതോടെ ബിജെപി ധിക്കാരവും അഹങ്കാരവും കാണിക്കുകയാണ്- അവര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 200 സീറ്റ് പോലും ബിജെപിക്ക് ലഭിക്കില്ലെന്നും മമത ബാനര്‍ജി പറഞ്ഞു. കേവലം 31 ശതമാനം വോട്ട് നേടിയാണ് 2014ല്‍ ബിജെപിക്ക് 283 സീറ്റ് ലഭിച്ചത്. ഇതു വീണ്ടും ആവര്‍ത്തിക്കില്ല. തൃണമൂല്‍ കോ ണ്‍ഗ്രസ് മിലിട്ടന്റ് ഹിന്ദുത്വത്തെ പിന്തുണയ്ക്കില്ലെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കാണു തങ്ങള്‍ പ്രാധാന്യം നല്‍കുന്നതെന്നും അവര്‍ പറഞ്ഞു. ബിജെപിയുടെ നയങ്ങളില്‍ പ്രയാസപ്പെടുന്ന ജനങ്ങളുടെ തിരഞ്ഞെടുപ്പായിരിക്കും 2019ലേതെന്നും മമത പറഞ്ഞു.
ബിജെപിയുടെ വിദ്വേഷരാഷ്ട്രീയത്തിന് ജനങ്ങള്‍ നിലവില്‍ ഒരു സന്ദേശം നല്‍കിയിട്ടുണ്ട്. 2019ലെ തിരഞ്ഞെടുപ്പ് ഒരു ജനഹിതപരിശോധനയായിരിക്കും. ബിജെപിക്ക് 200 സീറ്റ് പോലും കിട്ടില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നും അവര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it