പ്രതിപക്ഷത്തിനു മുന്നില്‍ ഉത്തരംമുട്ടി സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഏകീകൃത സോഫ്റ്റ്‌വെയര്‍ സംവിധാനം സ്ഥാപിക്കുന്നതിനുള്ള കരാറില്‍ ക്രമക്കേട് ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി. 166 കോടിയുടെ കരാര്‍ ഇഫ്താസ് എന്ന കമ്പനിക്കു നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം.
ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ പി ഉബൈദുല്ലയും വി ഡി സതീശനുമാണ് വിഷയം ചൂണ്ടിക്കാട്ടിയത്. സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രന് ഇതില്‍ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ഇറങ്ങിപ്പോയത്.
160 കോടി രൂപയുടെ കരാര്‍ എങ്ങനെയാണു ടെന്‍ഡര്‍ വിളിക്കാതെയും താല്‍പര്യപത്രം പോലും ക്ഷണിക്കാതെയും ഒരു കമ്പനിക്ക് നല്‍കിയതെന്ന് പ്രതിപക്ഷം ചോദിച്ചു. റിസര്‍വ് ബാങ്കിന്റെ ഉപകമ്പനിയാണ് ഇഫ്താസ് (ഇന്ത്യന്‍ ഫിനാന്‍ഷ്യല്‍ ടെക്‌നോളജി ആന്റ് അലൈഡ് സര്‍വീസസ്) എന്ന് മറുപടി പറഞ്ഞ മന്ത്രി, ഇക്കാര്യത്തില്‍ നടപടി പുരോഗമിക്കുന്നതേയുള്ളൂവെന്ന് പറഞ്ഞൊഴിഞ്ഞു. എന്നാല്‍, സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കാന്‍ ഇഫ്താസിനെ ചുമതലപ്പെടുത്തി ഉത്തരവായിട്ടുണ്ടെന്നും ഉദ്യോഗസ്ഥ സമിതി രൂപീകരിച്ചിട്ടുണ്ടെന്നും വി ഡി സതീശന്‍ രേഖകള്‍ ഉദ്ധരിച്ച് ചൂണ്ടിക്കാട്ടി.
പ്രതിപക്ഷം സഭ വിട്ടശേഷം ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയ മുഖ്യമന്ത്രി, റിസര്‍വ് ബാങ്കിന്റെ സബ്‌സിഡിയറി കമ്പനിയായ ഐഡിആര്‍ബിടിക്ക് കീഴിലുള്ള കമ്പനിയാണ് ഇഫ്താസ് എന്ന് അറിയിച്ചു. എന്നാല്‍, ടെന്‍ഡര്‍ നടപടികളൊന്നും സ്വീകരിക്കാതെ ഈ കമ്പനിക്ക് 160 കോടി രൂപയുടെ പദ്ധതി എങ്ങനെ കൈമാറിയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മുഖ്യമന്ത്രിക്കും ഉത്തരമുണ്ടായില്ല.
സംസ്ഥാനത്തെ ഭൂരിഭാഗം പ്രാഥമിക സഹകരണ ബാങ്കുകളിലും കാര്യക്ഷമമായ സോഫ്റ്റ്‌വെയര്‍ നിലവിലുണ്ടായിരിക്കെ, ഭീമമായ തുക മുടക്കി പുതിയ സോഫ്റ്റ്‌വെയര്‍ സ്ഥാപിക്കുന്നതിനു പിന്നിലെ താല്‍പര്യമെന്തെന്ന് വ്യക്തമാക്കണമെന്ന് പി ഉബൈദുല്ല ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിനെ എല്ലാവര്‍ക്കും വിശ്വാസമാണെന്നും അതിനാല്‍ അവരുടെ ഉപകമ്പനിയായ ഇഫ്താസിനും വിശ്വാസ്യതയുണ്ടെന്നുമായിരുന്നു മന്ത്രിയുടെ മറുപടി. യാതൊരു ആശങ്കയും വേണ്ടെന്നും ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ സഭയെ പിന്നീട് അറിയിക്കാമെന്നും മന്ത്രി പറഞ്ഞു. ഇതില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോവുകയായിരുന്നു.
Next Story

RELATED STORIES

Share it