പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം: പൊന്തന്‍പുഴ വനഭൂമി കൈയേറ്റത്തില്‍ സിപിഐക്കെതിരേ കെ എം മാണിയുടെ അടിയന്തര പ്രമേയ നോട്ടീസ്. പൊന്തന്‍പുഴ വന മേഖലയിലെ ഒരു ഭാഗം സ്വകാര്യവ്യക്തികള്‍ക്കു കൈമാറാന്‍ വനംമന്ത്രി ഉത്തരവിട്ടതിനെതിരേയായിരുന്നു യുഡിഎഫ് പിന്തുണയോടെ വനംമന്ത്രിക്കെതിരേ മാണി നോട്ടീസ് നല്‍കിയത്. വിഷയം കോടതിയുടെ പരിഗണനയിലാണെന്നും അതിനാല്‍ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കരുതെന്നും സിപിഐ എംഎല്‍എ ചിറ്റയം ഗോപകുമാര്‍ ക്രമപ്രശ്‌നം ഉന്നയിച്ചെങ്കിലും സ്പീക്കര്‍ ആ വാദം തള്ളി.
എന്നാല്‍ കേസ് നടത്തിപ്പില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഒരിഞ്ചു വനഭൂമി പോലും സ്വകാര്യവ്യക്തികള്‍ക്കു വിട്ടുകൊടുക്കില്ലെന്നും വനംമന്ത്രി കെ രാജു മറുപടി നല്‍കി. പൊന്തന്‍പുഴ വനമേഖലയില്‍ കൈവശ രേഖയുള്ള കര്‍ഷകരെ കുടിയിറക്കില്ല. കൈവശ രേഖയുള്ളവര്‍ക്കു പട്ടയം നല്‍കാനാണു സര്‍ക്കാര്‍ തീരുമാനം. സ്വകാര്യവ്യക്തിക്ക് ഭൂമി കൊടുക്കാന്‍ കോടതിവിധിയില്‍ പറയുന്നില്ലെന്നും മന്ത്രി പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു. തുടര്‍ന്നു പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കെ എം മാണി വിഭാഗവും ഒ രാജഗോപാലും വാക്കൗട്ടില്‍ പങ്കെടുത്തു.
എന്നാല്‍, ഘടക കക്ഷിയായ സിപിഐയെ നിയമസഭയില്‍ സംരക്ഷിക്കാന്‍ സിപിഎം തയ്യാറായില്ല. കേസ് നടത്തിപ്പില്‍ കൂടുതല്‍ ആര്‍ജവം കാണിക്കേണ്ട സമയമായെന്നാണു വനഭൂമി ഉള്‍പ്പെടുന്ന സ്ഥലം എംഎല്‍എയായ രാജു എബ്രഹാം സഭയില്‍ പറഞ്ഞത്. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ സിപിഐ എംഎല്‍എമാര്‍ എഴുന്നേറ്റ് നിന്നു ബഹളം വച്ചെങ്കിലും സിപിഎം നിര ഒന്നടങ്കം മൗനംപാലിച്ചതും ശ്രദ്ധേയമായി. ഇതോടെ പ്രതിപക്ഷ ആരോപണങ്ങള്‍ക്കു മുമ്പില്‍ സിപിഐ  ഒറ്റപ്പെട്ട അവസ്ഥയിലായി. കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കിടക്കുന്ന പൊന്തന്‍പുഴ വനത്തിന്റെ അവകാശം സ്വകാര്യവ്യക്തികള്‍ക്കു ലഭിക്കാനിടയായ സംഭവത്തില്‍ സര്‍ക്കാരിനെതിരേ പ്രതിപക്ഷം രൂക്ഷ വിമര്‍ശനമുന്നയിച്ചു. ഉടമസ്ഥാവകാശം സംബന്ധിച്ച ഹൈക്കോടതിയിലെ കേസ് സര്‍ക്കാര്‍ മനപ്പൂര്‍വം തോറ്റുകൊടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആരോപിച്ചു.
തുടര്‍ന്നു സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി. കേസ് നടത്തിപ്പില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കൃത്യവിലോപമുണ്ടായെന്നു പ്രതിപക്ഷം ആരോപിച്ചു. പൊന്തന്‍പുഴയില്‍, വനം തട്ടിയെടുക്കാന്‍ ശ്രമിക്കുന്ന ഭൂമാഫിയ—ക്ക് വേണ്ടി സര്‍ക്കാര്‍ കോടതിയില്‍ കേസ് തോറ്റു കൊടുക്കുകയാണ് ചെയ്തതെന്ന് ഇറങ്ങിപ്പോക്കിനു മുമ്പ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഹൈക്കോടതിയില്‍ പ്രധാനപ്പെട്ട രേഖകളൊന്നും നല്‍കിയില്ല. കേസ് തോറ്റു കൊടുത്തത് പെട്ടെന്ന് സംഭവിച്ചതല്ല. സര്‍ക്കാര്‍ രേഖയില്‍ ഒരിക്കലെങ്കിലും വനം എന്ന് നോട്ടിഫൈ ചെയ്താല്‍ പിന്നീട് അതു വനമല്ലാതാക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല പറഞ്ഞു.
പൊന്തന്‍പുഴ വനമേഖലയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച കേസില്‍ ജനുവരി 10ന് ഉണ്ടായ ഹൈക്കോടതി വിധിയില്‍ ആശങ്കയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയുള്ള നോട്ടീസ് അവതരിപ്പിച്ചു കൊണ്ട് കെ എം മാണി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ വനഭൂമി സംരക്ഷിക്കുന്നതിനു പകരം സ്വകാര്യവ്യക്തികളുടെ താല്‍പര്യം സംരക്ഷിക്കുന്നുവെന്നും കെ എം മാണി പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് ഡോ. എം കെ മുനീര്‍, അനൂപ് ജേക്കബ് സംസാരിച്ചു.
Next Story

RELATED STORIES

Share it