പ്രതിപക്ഷം ലോക്‌സഭാ സ്പീക്കറെയും രാജ്യസഭാ അധ്യക്ഷനെയും കണ്ടു

ന്യൂഡല്‍ഹി: ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം നാളെ അവസാനിക്കാനിരിക്കെ ദേശീയ പ്രാധാന്യമുള്ള വിവിധ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാക്കള്‍ ലോക്‌സഭാ സ്പീക്കറുമായും രാജ്യസഭാ അധ്യക്ഷനുമായും കൂടിക്കാഴ്ച നടത്തി.
ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ തുടര്‍ച്ചയായ 20ാം ദിവസവും പാര്‍ലമെന്റിന്റെ ഇരുസഭകളും നടപടികള്‍ പൂര്‍ത്തിയാക്കാതെ പിരിയുന്ന ഘട്ടത്തിലാണ് പ്രതിപക്ഷത്തെ ഒരു ഡസനിലധികം വരുന്ന കക്ഷിനേതാക്കള്‍ ലോക്‌സഭാ സ്പീക്കര്‍ സുമിത്രാ മഹാജനുമായും രാജ്യസഭാ അധ്യക്ഷന്‍ കൂടിയായ ഉപരാഷ്ട്രപതിയുമായും കൂടിക്കാഴ്ച നടത്തിയത്. കോണ്‍ഗ്രസ് നേതാക്കളായ ആനന്ദ് ശര്‍മ, ഗുലാം നബി ആസാദ്, ഡിഎംകെ നേതാവ് തിരുച്ചി ശിവ, സിപിഎം നേതാവ് രംഗരാജന്‍, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ഡെറിക് ഒബ്രെന്‍, സിപിഐ അംഗം ഡി രാജ, ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി, എന്‍സിപി പ്രതിനിധികളുമാണ് സഭാ അധ്യക്ഷന്‍മാരെ കണ്ടത്.
എസ്‌സി-എസ്ടി അതിക്രമം തടയല്‍ ആക്റ്റ്, സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ച, പഞ്ചാബ് നാഷനല്‍ ബാങ്ക് തട്ടിപ്പ് തുടങ്ങിയ സുപ്രധാന വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം.
Next Story

RELATED STORIES

Share it