Alappuzha local

പ്രതിപക്ഷം പ്രചരിപ്പിക്കുന്നത് നട്ടാല്‍ കിളിര്‍ക്കാത്ത നുണ: ഉമ്മന്‍ചാണ്ടി

മണ്ണഞ്ചേരി: സോളാര്‍ വിഷയത്തില്‍ തനിക്കെതിരെ നട്ടാല്‍ കിളിര്‍ക്കാത്ത നുണയാണ് പ്രചരിപ്പിച്ചതെന്നും ആരോപണം തെളിയിച്ചാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫ് ആലപ്പുഴ നിയോജകമണ്ഡലം കമ്മിറ്റി മണ്ണഞ്ചേരിയില്‍ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമസഭയില്‍ ആരോപണം ഉന്നയിക്കാതെ സഭ തടസപ്പെടുത്തുക മാത്രമാണ് പ്രതിപക്ഷം ചെയ്തത്. സോളാര്‍ കമ്മീഷനില്‍ കക്ഷിചേരാതെ ഇവര്‍ ഒളിച്ചുകളിച്ചു. അവസാനം നോട്ടീസ് അയച്ചാണ് കോടതി ഇവരെ വിളിച്ചുവരുത്തിയത്. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാക്കുമെന്നാണ് പ്രചരിപ്പിക്കുന്നത്. മൂന്നാറില്‍ നടപ്പാക്കിയ വെട്ടിനിരത്തലാണ് ഇതിലൂടെ ഇടത് മുന്നണി ലക്ഷ്യമിടുന്നത്. അധികാര തുടര്‍ച്ച ഉണ്ടാകുമോ ഇല്ലയോ എന്നതാണ് ഈ തിരഞ്ഞെടുപ്പില്‍ പ്രധാനമായും ചര്‍ച്ച ചെയ്യപ്പെടുന്നത്. അല്ലാതെ ഭരണവിരുദ്ധ വികാരം ഒരു ഭാഗത്ത് നിന്നുമില്ല. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോള്‍ ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിന്‍ കേരളത്തില്‍ തന്നെയായിരുന്നു. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ വന്നശേഷം സാന്റിയാഗോ മാര്‍ട്ടിന് കേരളത്തില്‍ കാലുകുത്താന്‍ അവസരമുണ്ടായില്ല.
രണ്ടംഗങ്ങളുടെ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്ന സ ര്‍ക്കാരിന് ആറുമാസമാണ് ആയുസ്സ് പ്രഖ്യാപിച്ചത്. എന്നാല്‍ അഞ്ചുവര്‍ഷം പൂര്‍ത്തിയാക്കാനും നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനും കഴിഞ്ഞു. ഐടി മേഖലയില്‍ രാജ്യം വന്‍പുരോഗതി കൈവരിച്ചപ്പോ ള്‍ കേരളം വളരെ പിന്നിലായി. എല്‍ഡിഎഫിന്റെ വികലമായ രാഷ്ട്രീയ സമരങ്ങളാണ് വളര്‍ച്ചയെ തടസ്സപ്പെടുത്തിയത്.
വികസനം കൊണ്ടുവരുമ്പോള്‍ അനാവശ്യ സമരങ്ങള്‍ നടത്തുന്ന ഇടതുപക്ഷം പദ്ധതി നടപ്പാക്കുമ്പോള്‍ അഴിമതി ആരോപിക്കും. കേരളം ഇനി എന്താകണം. എങ്ങനെ വളരണം എന്ന് ചിന്തിക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.
ആര്‍ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. കെ സി വേണുഗോപാല്‍ എംപി, എ എ ഷുക്കൂര്‍, എം മുരളി, ലാലിവിന്‍സ ന്റ, കണ്ടല്ലൂര്‍ ശങ്കരനാരായണന്‍, എം എം നസീര്‍, കെ വി മേഘനാഥന്‍, രവീന്ദ്രദാസ്, പി നാരായണന്‍കുട്ടി, എസ് മുഹമ്മദ്ബഷീര്‍, സി സി നിസാര്‍, ബി അനസ്, സുനീര്‍രാജ സംസാരിച്ചു.
Next Story

RELATED STORIES

Share it