Articles

പ്രതിനിധാനത്തിന്റെ സാമൂഹികപാഠങ്ങള്‍

ഡോ. എം  എം  ഖാന്‍

സ്വയംപ്രതിനിധാനം എന്ന ആശയത്തിന്റെ ഭൗതികതയും പ്രയോഗവും സാമൂഹിക ചരിത്രത്തിലെ ഏറ്റവും ചടുലവും വിപ്ലവകരവുമായ പ്രക്രിയയായി പരിഗണിക്കപ്പെടുന്നു. നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു സാമൂഹിക-രാഷ്ട്രീയ ഘടനയെ വിധ്വംസകമാംവിധം തകര്‍ക്കുകയും തല്‍സ്ഥാനത്ത് നൂതനവും ഉദാത്തവുമായ ഒരു ഘടന സ്ഥാപിക്കുകയും ചെയ്യുന്നതിനെ 'സംഭവം' എന്നു സാമൂഹികാര്‍ഥത്തില്‍ കരുതപ്പെടുന്നു. ഒരു നൂറ്റാണ്ടിനു മുമ്പ് കേരളത്തില്‍, തിരുവിതാംകൂറില്‍ നടന്ന പൗരസമത്വ പ്രക്ഷോഭത്തിലൂടെ (1918-22) സാധ്യമായ സാമൂഹികമാറ്റത്തിന്റെ അന്തസ്സത്തയും ഉള്ളടക്കവും റദ്ദുചെയ്യുന്നതാണ് ദേവസ്വം നിയമനങ്ങളില്‍ മുന്നാക്ക ജാതികള്‍ക്കു സംവരണം നടപ്പാക്കിക്കൊണ്ട് കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന തീരുമാനം. നവോത്ഥാന മൂല്യങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചു വിപുലമായ പ്രചാരണം നടത്തുകയും അതിലെ നാഴികക്കല്ലുകളായ സംഭവങ്ങളെ സമീപകാലത്ത് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലനില്‍പ്പ് ഭദ്രമാക്കുന്നതിന്റെ ഭാഗമായി ഔദ്യോഗിക പരിപാടികളായി സംഘടിപ്പിക്കുകയും അതിനു വലിയതോതിലുള്ള പരസ്യം നല്‍കുകയും ചെയ്ത സര്‍ക്കാരാണ് കേരളം ഇന്നു ഭരിക്കുന്നത്. ഇതേ സര്‍ക്കാരും അതിനെ നയിക്കുന്ന പാര്‍ട്ടിയുമാണ് നവോത്ഥാനകാലത്തെ സാമൂഹികമാറ്റത്തിന്റെ മര്‍മം എന്നു വിശേഷിപ്പിക്കപ്പെടുന്ന, ഒരു ദീര്‍ഘ പ്രക്ഷോഭത്തിലൂടെ നേടിയെടുത്ത ഗുണഫലങ്ങളെ അസാധുവാക്കുന്ന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 19ാം നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളിലും 20ാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിലുമായി നടന്ന നവോത്ഥാനപ്രക്രിയയുടെ ഫലമായി ഗണ്യമായ അളവില്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും ആധുനികവല്‍ക്കരിക്കപ്പെടുകയും ചെയ്ത കേരളത്തിനേറ്റ വലിയ ആഘാതമാണ് ഇടതു സര്‍ക്കാരിന്റെ ഈ തീരുമാനം എന്ന കാര്യത്തില്‍ സംശയമില്ല. സാമൂഹികശാസ്ത്രം മനസ്സിലാക്കുന്ന ഏവര്‍ക്കും അറിയാവുന്ന ഒരു ബാലപാഠമാണ്, നേര്‍രേഖയിലൂടെയുള്ള ചരിത്രസഞ്ചാരത്തിന്റെ ഇടര്‍ച്ചകളാണ് പലപ്പോഴും വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നതെന്ന്. പുരാതനകാലം മുതല്‍ തങ്ങള്‍ക്കു നിഷേധിക്കപ്പെട്ട സാമൂഹികാസ്തിത്വവും അധികാരവും തിരികെ പിടിച്ചെടുക്കുന്നതിലൂടെയാണ് ഓരോ ജനവിഭാഗവും സമുദായവും തങ്ങളുടെ പ്രതിനിധാനത്തെ സാക്ഷാല്‍ക്കരിക്കപ്പെടുന്നത്. ഇത് സാമൂഹികമാറ്റത്തിന്റെ ജ്വലിച്ചുനില്‍ക്കുന്ന അടയാളം കൂടിയാണ്. പ്രതിനിധാനത്തിന് കെല്‍പ്പില്ലാത്തവരെന്നും അഥവാ, പ്രതിനിധീകരിക്കപ്പെടണമെങ്കില്‍ മറ്റാരുടെയോ ഔദാര്യത്തിലാണ് അതു സാധിക്കേണ്ടത് എന്നുമുള്ള അലംഘനീയമായ ജാതിനിയമത്തെ ഉറക്കെ ചോദ്യംചെയ്യുന്നതാണ് ഈ അടയാളം. ജാതിഘടനയില്‍ അധിഷ്ഠിതമായ നിയമങ്ങള്‍ സ്‌റ്റേറ്റിന്റെ നിയമമായി പരിപാലിക്കപ്പെടുകയും അതാണ് 'ധര്‍മ'മെന്ന് സ്റ്റേറ്റ് പരിഗണിക്കുകയും അതനുസരിച്ചു പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് ജാതി ഇതര ഹിന്ദുക്കള്‍ക്കും അഹിന്ദുക്കള്‍ക്കും സ്വയംപ്രതിനിധാനത്തിന് സാധ്യമല്ലാതെ വരുന്നത്. ധര്‍മരാജ്യത്തിന്റെ നിയമങ്ങള്‍ എന്നാല്‍ ജാതിനിയമങ്ങള്‍ക്ക് പരിക്കു പറ്റാതെ സംരക്ഷിക്കുക എന്നതാണ്. ജാതിനിയമങ്ങള്‍ ചോദ്യംചെയ്യപ്പെടാനോ മാറ്റിനിര്‍ത്താനോ പാടില്ലാത്തതാണെന്ന് ഭരണകൂടം തന്നെ അര്‍ഥശങ്കയ്ക്കിടയില്ലാത്തവിധം പ്രഖ്യാപിക്കുകയും ചെയ്തതാണ്. ഈ സഞ്ചാരത്തെയാണ് നവോത്ഥാനപ്രക്രിയ കീഴ്‌മേല്‍ മറിച്ചിട്ടത്. മുന്നാക്കജാതികള്‍ക്കു സംവരണം നല്‍കുക വഴി ചരിത്രവിരുദ്ധവും അസാമൂഹികവുമായ തീരുമാനമാണ് ഇടതു സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായ എല്ലാതരം പിന്നാക്കാവസ്ഥയ്ക്കും കാരണം ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി തന്നെയാണ്. ജാതിശ്രേണിയിലെ അടിത്തട്ടിലുള്ള എന്നാല്‍, സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയില്‍ നിന്നിരുന്ന വളരെ ചുരുക്കം പേര്‍ക്കു പോലും ജാതിഘടനയാല്‍ നിര്‍ണയിക്കപ്പെട്ട സാമൂഹിക അടിമാവസ്ഥയുടെ നുകം ചുമക്കേണ്ടതായി തന്നെ വന്നിട്ടുണ്ട്. തിരുവിതാംകൂറും കൊച്ചിയും മലബാറും ഉള്‍ക്കൊള്ളുന്ന ഇന്നത്തെ കേരളത്തില്‍ ഈ മൂന്നു പ്രദേശങ്ങളില്‍ നിന്നും ഇതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാണിക്കാനുണ്ട്. വര്‍ഗപ്രശ്‌നം പരിഹരിക്കപ്പെടുമ്പോള്‍ ജാതിപ്രശ്‌നവും പരിഹരിക്കപ്പെടുമെന്ന യാന്ത്രിക മാര്‍ക്‌സിസ്റ്റ് വാദം ഇവിടെ അസാധുവായിപ്പോവുന്നതാണു നാം കാണുന്നത്. ജാതിഘടനയില്‍ നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങളുടെ ഉന്നമനത്തിനായി ആധുനിക മാനദണ്ഡങ്ങള്‍ സ്വീകരിച്ചുകൊണ്ടുള്ള പോംവഴിയായാണ് ആ വിഭാഗങ്ങള്‍ക്കു സംവരണം ഭരണഘടന വാഗ്ദാനം ചെയ്യുന്നത്. അവിടെ സാമ്പത്തിക മാനദണ്ഡങ്ങള്‍ക്ക് ഒരു സ്ഥാനവുമില്ല. ഇന്ത്യന്‍ സാഹചര്യം വച്ച് ഇതു തിരിച്ചറിയാന്‍ വലിയ സാമൂഹികശാസ്ത്ര ജ്ഞാനമൊന്നും ആവശ്യവുമില്ല. അധികാരത്തിലുള്ള പങ്കാളിത്തം വഴിയാണ് സാമൂഹിക അടിമാവസ്ഥ വലിയൊരളവില്‍ ദൂരീകരിക്കപ്പെടുക എന്നതു തന്നെയാണ് സംവരണത്തിന്റെ മര്‍മവും. ഇന്ത്യയുടെ ഭരണഘടനാ ശില്‍പിയായ ഡോ. അംബേദ്കര്‍ ഇതു വളരെ മുമ്പു തന്നെ തിരിച്ചറിഞ്ഞിരുന്നു. ജാതീയമായ അസമത്വം നിലനില്‍ക്കുന്നിടത്തോളം അത് അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കി അവരെ ഉയര്‍ത്തിക്കൊണ്ടുവരണമെന്ന ആവശ്യം 1928ല്‍ തന്നെ സൈമണ്‍ കമ്മീഷന്‍ മുമ്പാകെ മഹാനായ അംബേദ്കര്‍ ഉന്നയിക്കുകയുണ്ടായി. അധഃസ്ഥിതര്‍ സ്വന്തം നിലയില്‍ പ്രതിനിധീകരിക്കേണ്ടതുണ്ട് എന്ന ആശയത്തിന്റെ വക്താവായിരുന്നു അംബേദ്കര്‍. അതുതന്നെയായിരുന്നു ദേശീയപ്രസ്ഥാനത്തെ നയിച്ച ഗാന്ധിജിയെയും കോണ്‍ഗ്രസ്സിനെയും എക്കാലവും അലോസരപ്പെടുത്തിയത്. ഹിന്ദുമതത്തിനകത്ത് നിന്നുകൊണ്ട് അധഃസ്ഥിതര്‍ക്ക് സ്വന്തം പ്രതിനിധാനം സാധ്യമല്ല എന്നതാണ് അംബേദ്കറുടെ വിമര്‍ശനങ്ങളുടെ മര്‍മം. സമകാലികാവസ്ഥയില്‍ ഈ സ്വയംപ്രതിനിധാനത്തിന്റെ നിഷേധം വ്യത്യസ്ത രൂപത്തില്‍, പുതിയ രീതികളില്‍ പിന്നാക്കവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും കൂടി ബാധകമാവുന്ന രീതിയില്‍ വ്യാപിപ്പിക്കാനുള്ള ശ്രമമാണ് ഫാഷിസ്റ്റുകളുടെ ഭാഗത്തുനിന്നുണ്ടാവുന്നത്. ഈ പശ്ചാത്തലത്തില്‍ കൂടി വേണം ഇടതു സര്‍ക്കാരിന്റെ പുതിയ നീക്കത്തെ കാണാനും വിലയിരുത്താനും. ആധുനിക ഇന്ത്യാ ചരിത്രത്തിലെ സാമൂഹിക വിപ്ലവങ്ങളുടെ പട്ടികയില്‍ നിര്‍ണായക ഗതിമാറ്റം നടത്തിയത് 1980ല്‍ സമര്‍പ്പിച്ച മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടാണ്. ഒരു ദശകത്തിനുശേഷം അതു നടപ്പാക്കുമെന്ന് വി പി സിങ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നുണ്ടായ സാമൂഹിക-രാഷ്ട്രീയ സംഭവവികാസങ്ങള്‍ക്കു സമാനതകളുമില്ല. സംവരണം നടപ്പാക്കേണ്ടത് ജാതി അടിസ്ഥാനത്തിലായിരിക്കണമെന്ന മുഖ്യ ശുപാര്‍ശ തന്നെയാണ് സാമ്പത്തിക സംവരണവാദികളുടെ രൂക്ഷവും ഹിംസാത്മകവുമായ ആക്രമണത്തിനു കാരണമായതും. ആധുനിക ഇന്ത്യന്‍ ഫാഷിസം ലക്ഷണമൊത്ത രീതിയില്‍ വികസിച്ചത് മണ്ഡല്‍വിരുദ്ധ പ്രക്ഷോഭത്തിലൂടെയാണ്. മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ടിലെ ശുപാര്‍ശയിലെ 'ജാതിസംവരണം' എന്ന വിധ്വംസകത തന്നെയാണ് സാംസ്‌കാരിക ദേശീയതയെ ആക്രമണോല്‍സുകമായി ഉത്തേജിപ്പിച്ചതും അതിന്റെ പരിണതഫലമായി ആഘോഷപൂര്‍വം ബാബരി പള്ളി തകര്‍ത്തതും. അങ്ങനെ മണ്ഡല്‍ കമ്മീഷന്‍ റിപോര്‍ട്ട് വിഭാവന ചെയ്ത സാമൂഹികനീതി എന്ന ആശയം തകിടംമറിച്ച് ഹിന്ദു-മുസ്‌ലിം ധ്രുവീകരണമായി മാറ്റിത്തീര്‍ക്കാനും ഫാഷിസ്റ്റുകള്‍ക്കു സാധിച്ചു. അതായത്, ആക്രമണോല്‍സുക ദേശീയതയുടെ തര്‍ജമയായ സമകാലിക ഇന്ത്യന്‍ ഫാഷിസത്തെ ചലിപ്പിക്കുന്നത് പിന്നാക്കക്കാര്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കും ലഭ്യമാവുന്ന പ്രതിനിധാനത്തിന്റെ 'അപകടം' തന്നെയെന്ന് കാണാന്‍ സാധിക്കും. മണ്ഡല്‍ റിപോര്‍ട്ടിനെതിരേ ഫാഷിസ്റ്റുകള്‍ ഉയര്‍ത്തിയ അതേ യുക്തി തന്നെയാണ് ഇന്നു 'മാര്‍ക്‌സിസ്റ്റ്' സര്‍ക്കാര്‍ കേരളത്തില്‍ അവലംബിക്കുന്നത്. 'സാമൂഹികമാറ്റമാണ്' ചരിത്രത്തിന്റെ ചാലകശക്തിയെന്നും ഉല്‍പാദനശക്തികളുടെ വികാസമാണ് ചരിത്രത്തെ മുന്നോട്ടുനയിക്കുന്നതെന്നുമുള്ള അടിസ്ഥാന മാര്‍ക്‌സിസ്റ്റ് പ്രമാണങ്ങള്‍ക്കു തന്നെ എതിരാണ് ഇടതുസര്‍ക്കാരിന്റെ തീരുമാനം. ജാതിയുടെ സവിശേഷമായ പ്രവര്‍ത്തനക്ഷമതയെക്കുറിച്ചും ഇന്ത്യന്‍ സാമൂഹിക സാഹചര്യത്തെക്കുറിച്ചുമുള്ള അറിവുകേടല്ല മറിച്ച്, ബ്രാഹ്മണിക് ആശയങ്ങളില്‍ നിന്ന് പാര്‍ലമെന്ററി കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കു മോചിതരാവാന്‍ കഴിയാതെ വരുന്നതാണ് ഇതിനു കാരണം.   ി(അവസാനിക്കുന്നില്ല.)ചാതുര്‍വര്‍ണ്യത്തിന്റെയും ജാതിവ്യവസ്ഥയുടെയും ക്രൂരമായ ഭാവങ്ങളാണ് സമീപകാലത്ത് ഇന്ത്യയിലെമ്പാടും ദര്‍ശിക്കാന്‍ കഴിയുന്നത്. ദലിതുകളെയും പിന്നാക്കക്കാരെയും മതന്യൂനപക്ഷങ്ങളെയും തിരഞ്ഞുപിടിച്ച് നശിപ്പിച്ചുകൊണ്ടിരിക്കുന്നു. വംശീയ ഉന്മൂലനത്തിലേക്ക് മാറുന്ന തരത്തില്‍ വ്യാപകമായ അക്രമവും കൊലയും നടത്തിക്കൊണ്ടാണ് ഇന്ത്യന്‍ ഫാഷിസം മുന്നേറുന്നത്. നമുക്കറിയാം, ഇരയാക്കപ്പെടുന്ന ഈ വിഭാഗങ്ങള്‍ അധികാരത്തില്‍ ഗണ്യമാംവിധം പങ്കാളികളായിക്കൊണ്ടു മാത്രമേ ഈ നിലയ്ക്കു ശാശ്വത പരിഹാരം സാധിക്കുകയുള്ളൂ വെന്നത്. ഇതുതന്നെയാണ് ഫാഷിസ്റ്റുകള്‍ ഏറ്റവുമധികം ഭയപ്പെടുന്നതും.
Next Story

RELATED STORIES

Share it