Flash News

പ്രതിദിന വിലമാറ്റം : 16ന് പെട്രോള്‍ പമ്പുകള്‍ അടച്ചിടും



കൊച്ചി: പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിന വിലമാറ്റം ജൂണ്‍ 16 മുതല്‍ രാജ്യവ്യാപകമായി നിലവില്‍വരുമെന്ന് എണ്ണക്കമ്പനി ഉടമകള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എണ്ണക്കമ്പനികളുടെ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പെട്രോള്‍ പമ്പുകള്‍ അടച്ചിടാനുള്ള ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യാ പെട്രോളിയം ട്രേഡേഴ്‌സിന്റെ തീരുമാനത്തെ പിന്തുണച്ചു 16ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് കേരള സ്റ്റേറ്റ് പെട്രോളിയം ട്രേഡേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. എന്നാല്‍, ഇന്ന് മുംബൈയില്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്ത്യന്‍ പെട്രോളിയം ഡീലേഴ്‌സ് പ്രതിനിധികളെ എണ്ണക്കമ്പനി അധികൃതര്‍ ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ഇതിലെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും കേരളത്തില്‍ നിലപാട് സ്വീകരിക്കുകയെന്ന് ഓള്‍ കേരള ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് സംസ്ഥാന ജനറല്‍ സെക്രട്ടറി മേലേത്ത് രാധാകൃഷ്ണന്‍ തേജസിനോട് പറഞ്ഞു. അഞ്ചു നഗരങ്ങളില്‍ നടപ്പാക്കിയ പൈലറ്റ് പരിപാടിയുടെ വിജയത്തെ തുടര്‍ന്നാണ് പ്രതിദിന ഇന്ധന വിലമാറ്റം രാജ്യമാകെ വ്യാപിപ്പിക്കുന്നതെന്നാണ് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പറയുന്നത്. രാജ്യാന്തരതലത്തില്‍ എണ്ണവിലയില്‍ ഉണ്ടാവുന്ന ഏറ്റവും ചെറിയ മാറ്റത്തിന്റെ പോലും ഗുണഫലം പ്രതിദിന ഇന്ധന വിലമാറ്റം വഴി വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കും ലഭിക്കുമെന്നാണ് എണ്ണക്കമ്പനി ഉടമകളുടെ വാദം. ഇന്ത്യന്‍ ഓയില്‍ ഡീലര്‍മാര്‍ക്ക് അടുത്തദിവസത്തെ വില രാത്രി എട്ടുമണിക്ക് ലഭ്യമാക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അധികൃതര്‍ പറഞ്ഞു.  ഇന്ത്യന്‍ ഓയിലിന്റെ  പ്രതിദിന വില കേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ അപ്‌ഡേറ്റ് ചെയ്യും. വിലമാറ്റം ദിവസവും രാത്രി 12 മണി മുതല്‍ നിലവില്‍വരുന്നതും ഈ സംവിധാനം ഉപയോഗിച്ചാണ്. ഓട്ടോമാറ്റഡ് അല്ലാത്ത പെട്രോള്‍ പമ്പുകളില്‍ കസ്റ്റമൈസ്ഡ് എസ്എംഎസ്, ഇ-മെയില്‍, മൊബൈല്‍ ആപ്, വെബ് പോര്‍ട്ടല്‍ എന്നിവ വഴി വിലവ്യത്യാസം അറിയിക്കും. ഓട്ടോമാറ്റഡ് പമ്പുകളുടെ ഡീലര്‍മാരെയും ഈ സംവിധാനം വഴി പുതുക്കിയ നിരക്ക് അറിയിക്കും. ഉപഭോക്താക്കള്‍ക്ക് പ്രതിദിന വിലവിവരം Fuel@IOCഎന്ന മൊബൈല്‍ ആപ് വഴി അറിയാം. വില പരിശോധിക്കാന്‍

RSP<SPACE> DEALER CODE അടിച്ച് 92249 92249 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്യാം.
Next Story

RELATED STORIES

Share it