പ്രതിക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സംഘപരിവാര റാലി

ഉദയ്പൂര്‍: ലൗ ജിഹാദ് ആരോപിച്ച് മുസ്്‌ലിം മധ്യവയ്‌സ്‌കനെ വെട്ടിനുറുക്കി ചുട്ടുകൊന്ന ശംഭുലാലിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് രാജസ്ഥാനിലെ ഉദയ്പൂരില്‍ സംഘപരിവാര റാലി. പോലിസിന്റെ നിരോധനം ലംഘിച്ച് റാലി നടത്തിയവര്‍ കൊള്ളയും കൊള്ളിവയ്പും നടത്തി. കാവിക്കൊടികളുമായി അക്രമത്തിനിറങ്ങിയ സംഘപരിവാര പ്രവര്‍ത്തകരെ പിരിച്ചുവിടുന്നതിന് പോലിസ് പലേടത്തും ലാത്തിച്ചാര്‍ജ് നടത്തി. ഈ മാസം ആദ്യത്തിലാണ് മുഹമ്മദ് അഫ്‌റാസുല്‍ഖാന്‍ എന്ന ബംഗാളി തൊഴിലാളിയെ മഴുകൊണ്ട് വെട്ടിനുറുക്കി ശംഭുലാല്‍ തീയിട്ട് കൊന്നത്. തുടര്‍ന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. ഹിന്ദുയുവതിയെ പ്രണയം നടിച്ച് മതപരിവര്‍ത്തനത്തിന് ശ്രമിച്ചു എന്നാരോപിച്ചായിരുന്നു ആക്രമണം. എന്നാല്‍, താനുമായി അഫ്‌റാസുലിന് യാതൊരു ബന്ധവുമില്ലെന്ന് യുവതിയും വിഷയത്തില്‍ ലൗജിഹാദ് ആരോപണം തെറ്റാണെന്ന് പോലിസും വ്യക്തമാക്കിയിരുന്നു. അതേസമയം, ഓണ്‍ലൈനില്‍ സംഘപരിവാര പ്രവര്‍ത്തകര്‍ ശംഭുലാലിന് പിന്തുണ പ്രഖ്യാപിച്ച് വിദ്വേഷം ഇളക്കിവിടുകയാണ്. സംഭവം നടന്ന രാജ്‌സാമന്ദിലും സമീപപ്രദേശമായ ചിറ്റോര്‍ഗഡിലും ശംഭുലാലിന് വീരപരിവേഷം നല്‍കുന്ന വിധത്തിലാണ് സംഘപരിവാര പ്രചാരണം. ഇതേതുടര്‍ന്ന് പോലിസ് ഇന്റര്‍നെറ്റിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ജനങ്ങള്‍ ഒരുമിച്ചുകൂടുന്നത് വിലക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച ഉദയ്പൂരില്‍ റാലി നടത്താന്‍ ആഹ്വാനംചെയ്ത ഉപദേശ് റാണ എന്ന സംഘപരിവാര നേതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍, പോലിസ് നിയന്ത്രണം ലംഘിച്ചു നിരവധി പേരാണ് വ്യാഴാഴ്ച റാലിക്കെത്തിയത്. ഇതേതുടര്‍ന്ന് 200ഓളം പേരെ അറസ്റ്റ് ചെയ്യുകയും 90 ബൈക്കുകള്‍ പിടിച്ചെടുക്കുകയും ചെയ്തതായി മുതിര്‍ന്ന പോലിസ് ഓഫിസര്‍ ആനന്ദ് ശ്രീവാസ്തവ പറഞ്ഞു. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ പകുതിയിലേറേ സമീപ ജില്ലകളായ ഭില്‍വാര, ചിറ്റോര്‍ഗഡ്, ഉദയ്പൂര്‍ സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നും പോലിസ് അറിയിച്ചു.
Next Story

RELATED STORIES

Share it