Gulf

പ്രതികൂല കാലാവസ്ഥ; ഫത്ഹുല്‍ ഖൈറിന്റെ യാത്ര അനിശ്ചിതത്വത്തില്‍

പ്രതികൂല കാലാവസ്ഥ; ഫത്ഹുല്‍ ഖൈറിന്റെ യാത്ര അനിശ്ചിതത്വത്തില്‍
X
Fathhul-khair



ദോഹ: ഖത്തറില്‍  നിന്ന് ഇന്ത്യയിലേക്കു പുറപ്പെട്ട ഫത്ഹുല്‍ ഖൈര്‍ 2 എന്ന പായ്ക്കപ്പലിന്റെ യാത്ര വീണ്ടും വൈകുന്നു. ഇന്ന് ഒമാനില്‍ നിന്ന് യാത്രയുടെ രണ്ടാംഘട്ടം ആരംഭിക്കുമെന്ന് കത്താറ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ അറിയിച്ചിരുന്നെങ്കിലും കാലാവസ്ഥ പ്രതികൂലമായത് കാരണം തുടര്‍യാത്ര അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അറബിക്കടലിലെ മോശം കാലാവസ്ഥയും കനത്ത മഴയും കാരണമാണ് ഒമാനിലെ സുര്‍ തുറമുഖത്ത് നിന്ന് വെള്ളിയാഴ്ച തുടങ്ങാനിരുന്ന യാത്ര നീട്ടിവെച്ചതെന്ന് അധികൃതര്‍ അറിയിച്ചു.

പൗരാണികര്‍ ഇന്ത്യയിലേക്കു വന്നിരുന്ന പരമ്പരാഗത കപ്പല്‍ചാലിലൂടെയാണ് പത്തേമാരിയുടെ മുംബൈ യാത്ര. ഖത്തറില്‍ നിന്ന് ഒമാനിലെ സുര്‍ വരെ കാലാവസ്ഥ വളരെ അനുകൂലമായിരുന്നു. എന്നാല്‍ ഇവിടെയെത്തിയപ്പോഴേക്കും കടല്‍ പ്രക്ഷുബ്ധമായതിനാല്‍ തുടര്‍യാത്ര നീട്ടിവയ്ക്കുകയായിരുന്നു. ഒക്‌ടോബര്‍ 5ന് വൈകിട്ടാണ് ഫത്ഹുല്‍ ഖൈര്‍ കത്താറയില്‍ നിന്നു യാത്രതിരിച്ചത്. 20ന് മുംബൈയിലെത്തി 24ന് മടക്കയാത്ര ആരംഭിക്കാനാണ് സംഘം ലക്ഷ്യമിട്ടിരുന്നത്.  കാലാവസ്ഥ അനകൂലമായതിനാല്‍ നിശ്ചയിച്ചതിനും മൂന്ന് ദിവസം മുമ്പേ സംഘം ആദ്യ ലക്ഷ്യസ്ഥാനമായ സുറില്‍ എത്തിയിരുന്നു. യാത്ര തുടരുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
കടലില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങളും കാലാവസ്ഥാ മാറ്റങ്ങളും നേരിടാന്‍ പരിശീലനം ലഭിച്ചവരാണ് സംഘാംഗങ്ങളെന്ന് യാത്രയുടെ പബ്ലിക് റിലേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ മുഹമ്മദ് അല്‍ സആദ പറഞ്ഞു. ക്യാപ്റ്റന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് ഓരോരുത്തര്‍ക്കും കഴിയുന്ന വിധം കാര്യങ്ങള്‍ ചെയ്താണ് സംഘങ്ങള്‍ ഉരുവില്‍ കഴിയുന്നത്. ചരിത്രയാത്രയുടെ പ്രാധാന്യം തിരിച്ചറിഞ്ഞവരാണ് യാത്രാ സംഘത്തിലുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്ത്യയിലേക്കുളള യാത്രയില്‍ ആവശ്യമായ ചരക്കുകള്‍ സൂറില്‍ നിന്ന് ഉരുവില്‍ കയറ്റിയിയിട്ടുണ്ട്. പ്രത്യേക പരിശീലനം ലഭിച്ച 19 പേര്‍ക്ക് പുറമെ  സാങ്കേതിക വിദഗ്ധര്‍, പാചകക്കാര്‍, ഡോക്ടര്‍ എന്നിവരും ഉരുവില്‍ യാത്ര ചെയ്യുന്നുണ്ട്.
ഇന്ത്യയില്‍ നിന്ന് 25ന് മടങ്ങാനാണ് സംഘം പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ കോഴിക്കോടും സന്ദര്‍ശിച്ചേക്കുമെന്ന് യാത്രാ സംഘത്തലവന്‍ ക്യാപ്റ്റന്‍ മുഹമ്മദ് യൂസുഫ് അല്‍ സആദാ നേരത്തേ വ്യക്തമാക്കിയിരുന്നു.  മസ്‌കത്ത് വഴിയായിരിക്കും മടങ്ങുന്ന ഫത്്ഹുല്‍ ഖൈര്‍ 2 നവംബര്‍ 17നാണ്ു ദോഹയില്‍ തിരിച്ചെത്തുക.
Next Story

RELATED STORIES

Share it