wayanad local

പ്രതികൂല കാലാവസ്ഥ തരണം ചെയ്ത് വേമോം പാടശേഖരം പച്ചപ്പണിഞ്ഞു



മാനന്തവാടി: കാലവര്‍ഷത്തിന്റെ രൂപഭാവങ്ങള്‍ മാറിമറിഞ്ഞിട്ടും വേമോം പാടത്തെ നെല്‍കൃഷിയെ ബാധിച്ചില്ല. വള്ളിയൂര്‍ക്കാവിനോടടുത്ത് റോഡരികിലായി പച്ചവിരിച്ചു നില്‍ക്കുന്ന ഏക്കര്‍കണക്കിന് നെല്‍പ്പാടം കൊയിലേരി വഴി യാത്രചെയ്യുന്നവരുടെ മനംകുളിര്‍പ്പിക്കും. കാലവര്‍ഷം ശക്തമാവേണ്ട ജൂണ്‍, ജൂലൈ മാസങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാത്തത് ജില്ലയിലെ നെല്‍കൃഷി പ്രതിസന്ധിയിലാക്കിയിരുന്നു. പ്രവചനങ്ങള്‍ തെറ്റിച്ച് ഇത്തവണയും മഴ മാറിനിന്നതാണ് നെല്‍കര്‍ഷകര്‍ക്ക് തിരിച്ചടിയായത്. വിത്ത് വിതയ്‌ക്കേണ്ട സമയത്ത് ജില്ലയില്‍ ആവശ്യത്തിനു മഴ ലഭിച്ചതേയില്ല. വയലുകളുടെ നാടായ വയനാട്ടില്‍ ഭൂരിഭാഗം നെല്‍പ്പാടങ്ങളും വാഴത്തോപ്പുകള്‍ക്ക് വഴിമാറിയിരുന്നെങ്കിലും സര്‍ക്കാര്‍ സഹായങ്ങള്‍ ഉള്‍പ്പെടെ ലഭിക്കുന്നതിനാല്‍ വീണ്ടും നെല്‍കൃഷി സജീവമായ സാഹചര്യത്തിലാണ് തിരിച്ചടിയുണ്ടായത്. നെല്‍കൃഷി പോലും ഇല്ലാതാക്കുന്ന രീതിയിലുള്ള കാലാവസ്ഥാമാറ്റത്തില്‍ ഏറെ ആശങ്കയോടെയാണ് കര്‍ഷകര്‍ ഇത്തവണയും വയലുകളിലിറങ്ങിയത്. വയനാടിന്റെ നെല്ലറ എന്നറിയപ്പെടുന്ന വേമോം പാടത്ത് 350 ഹെക്റ്ററിലാണ് നെല്‍കൃഷി. ഈ വര്‍ഷം പ്രതീക്ഷിച്ച മഴ ഇല്ലാതായതോടെ ജില്ലയുടെ മറ്റു ഭാഗങ്ങളിലേതു പോലെ തന്നെ വേമോം പാടത്തും കൃഷിചെയ്യാന്‍ ബുദ്ധിമുട്ട് നേരിട്ടു. എങ്കിലും കര്‍ഷകരുടെ ആത്മവിശ്വാസം വയലേലകളെ പച്ചപ്പണിയിച്ചു. പുഴയും തോടും കരകവിഞ്ഞ് ഒഴുകേണ്ട ജൂണ്‍, ജൂലൈ മാസങ്ങളില്‍ ഇടവിട്ട് ചെറിയ തോതില്‍ മഴ ലഭിച്ചിരുന്നെങ്കിലും ജലസ്രോതസ്സുകളില്‍ ഒന്നും തന്നെ ആവശ്യത്തിന് വെള്ളമുണ്ടായിരുന്നില്ല. 248 മില്ലിമീറ്റര്‍ മഴയാണ് ജൂണ്‍, ജൂലൈ മാസങ്ങളില്‍ വയനാട്ടില്‍ ലഭിച്ചത്. ലഭിക്കേണ്ടിയിരുന്ന മഴയുടെ അളവില്‍ 60 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. അതുകൊണ്ടു തന്നെ നിലമുഴുത് കൃഷിയിടം ഒരുക്കുന്നതിന് ഏറെ ബുദ്ധിമുട്ട് നേരിടേണ്ടിവന്നു. പരമ്പരാഗത വിത്തിനങ്ങള്‍ ഉപയോഗിച്ച് കൃഷി ചെയ്യുന്നതോടൊപ്പം ഇപ്പോള്‍ ഉല്‍പാദനശേഷി കൂടുതലുള്ള വിത്തിനങ്ങള്‍ ഉപയോഗിച്ചും കൃഷിയിറക്കുന്നുണ്ട്. കബനി നദിയില്‍ നിന്നു വെള്ളം മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്ത് കൃഷിചെയ്യാന്‍ സാധിക്കുമെങ്കിലും അതിന് വരുന്ന സാമ്പത്തിക ചെലവ് എല്ലാ കര്‍ഷകര്‍ക്കും താങ്ങാന്‍ സാധിക്കില്ല. ഉറവയായി ലഭിച്ച കുറഞ്ഞ ജലം ഉപയോഗപ്പെടുത്തിയാണ് ഈ വര്‍ഷം വേമോത്ത് കൃഷിയിറക്കിയത്. ആഗസ്ത് അവസാനവാരങ്ങളിലും സപ്തംബര്‍ ആദ്യ വാരങ്ങളിലും ശക്തമായി മഴ പെയ്യുകയും ചെയ്തു. ഞാറ് പാകമാവുമ്പോള്‍ മഴ ലഭിക്കാതിരുന്നത് ജില്ലയില്‍ നെല്‍കൃഷി വളരെ വൈകി ആരംഭിക്കുന്നതിനു കാരണമായി. ഇതു വിളവെടുപ്പിനെയാണ് ദോഷകരമായി ബാധിക്കുക. മഴക്കുറവ് കാരണം വൈകിയാണ് നെല്‍കൃഷി ഇറക്കിയാതെങ്കിലും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വേമോം പാടം പച്ചവിരിച്ചു നില്‍ക്കുകയാണ്. പ്രതിസന്ധികള്‍ തരണം ചെയ്ത് കൃഷിയിറക്കിയ കര്‍ഷകര്‍ നല്ല വിളവ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇപ്പോള്‍.
Next Story

RELATED STORIES

Share it