പ്രതികള്‍ ഉടന്‍ വലയിലാവുമെന്ന് സൂചന

കൊച്ചി: നാടിനെ നടുക്കിയ മോഷണപരമ്പരയിലെ പ്രതികളെ പറ്റി വ്യക്തമായ സൂചന ലഭിച്ചതായി പോലിസ്. എറണാകുളം നഗരത്തിനുള്ളിലും തൃപ്പൂണിത്തുറ എരൂരുമാണ് കഴിഞ്ഞയാഴ്ച രണ്ട് ദിവസങ്ങളിലായി മോഷണപരമ്പരകള്‍ അരങ്ങേറിയത്. ഈ കേസില്‍ പ്രതികളുടെ പേരുകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അന്വേഷണസംഘത്തിന് ലഭിച്ചുകഴിഞ്ഞു. സംസ്ഥാനത്തിന് വെളിയിലാണ് ഈ സംഘമിപ്പോള്‍. ഇവരെ പിടികൂടാനായി അന്വേഷണസംഘത്തിലെ കൂടുതല്‍ പേര്‍ സൂചന ലഭിച്ച സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ഇതിനിടെ മോഷണങ്ങളി ല്‍ മലയാളികളുടെ സാന്നിധ്യമുണ്ടെന്ന വിവരം പോലിസ് വിശദമായി പരിശോധിക്കുന്നു ണ്ട്. എരൂരില്‍ മോഷണം നടത്തിയ 11 അംഗ സംഘത്തില്‍ മലയാളം അറിയാവുന്ന ഒരാള്‍ ഉണ്ടായിരുന്നതായി പോലിസിനു വിവരം ലഭിച്ചു. കവര്‍ച്ചയ്ക്കിടയായ വീട്ടിലെ ആണ്‍കുട്ടി നല്‍കിയ മൊഴിയാണ് ഇതിലേക്കു വിരല്‍ചൂണ്ടുന്നത്. എരൂരില്‍ മോഷണം നടന്ന വീട്ടിലെ രൂപേഷ് നല്‍കിയ മൊഴിയില്‍ മലയാളത്തില്‍ ഒരാള്‍ ആക്രോശിച്ചതായി പറയുന്നു. എന്നാല്‍ ഇതു മലയാളി തന്നെയാണോ എന്നത് സ്ഥിരീകരിച്ചിട്ടില്ലെന്ന് പോലിസ് പറഞ്ഞു. ഇതരസംസ്ഥാനക്കാര്‍ സംസാരിക്കുന്ന രീതിയിലായിരുന്നു ഇയാളുടെ മലയാളം. അതിനാല്‍ കേരളത്തില്‍ താമസമാക്കിയ ഇതരസംസ്ഥാനക്കാരിലേക്കും അന്വേഷണം നീളുന്നുണ്ട്. കവര്‍ച്ചാസംഘത്തിലുണ്ടായിരുന്നവര്‍ 25നും 30നും ഇടയില്‍ പ്രായമുള്ളവരായിരുന്നുവെന്ന് രൂപേഷിന്റെ പിതാവ് ആനന്ദകുമാര്‍ മൊഴിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളിലേക്കുള്ള അന്വേഷണം കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ജില്ലയിലെ നിരവധി തൊഴിലാളികളെയും ക്യാംപുകളും നിരീക്ഷിച്ചുവരികയാണ്. മുന്‍കാലങ്ങളില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ആളുകള്‍ ജില്ലയില്‍ താമസിക്കുന്നുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളില്‍ ക്യാംപുകള്‍ വിട്ട് പോയവരെ സംബന്ധിച്ചും വിവരങ്ങള്‍ തേടിയിട്ടുണ്ട്. കേസില്‍ അന്വേഷണം നടന്നുവരുന്നതായും ഓരോ രണ്ട് ദിവസങ്ങളിലും കൃത്യമായ അവ—ലോകനം നടത്തിവരുന്നതായും സിറ്റി പോലിസ് കമ്മീഷണര്‍ എംപി ദിനേഷ് പറഞ്ഞു. അതേസമയം കവര്‍ച്ചയുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചും വിവരശേഖരണം ആരംഭിച്ചതായി റിപോര്‍ട്ടുകളുണ്ട്. എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം കൊച്ചിയില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരും പങ്കെടുത്തിരുന്നു.
Next Story

RELATED STORIES

Share it