പ്രതികള്‍ക്ക് ചികില്‍സ നിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കെതിരേ നടപടി വേണമെന്ന്

തൃശൂര്‍: അസുഖമായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പരിശോധനയ്‌ക്കെത്തുന്ന തടവുപുള്ളികള്‍ക്ക് പരിഗണന നല്‍കാത്ത ഡോക്ടര്‍മാര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജെ ബി കോശി പറഞ്ഞു.
വിയ്യൂര്‍ ജയില്‍ സന്ദര്‍ശിച്ച് ജീവനക്കാരുടെ പരാതി കേട്ടശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവുപുള്ളികളുടെ ബാഹുല്യമാണ് വിയ്യൂര്‍ ജയിലിനെ കുഴക്കുന്നത്. 520 പേര്‍ക്ക് സൗകര്യമുള്ളിടത്ത് 790 പേരാണിപ്പോള്‍ ഉള്ളത്. ഒന്നുകില്‍ ജയിലിലെ സൗകര്യം വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ തടവുപുള്ളികളെ മറ്റു ജയിലുകളിലേക്കു മാറ്റിപ്പാര്‍പ്പിക്കുകയോ വേണം. തടവുപുള്ളികള്‍ക്ക് എസ്‌കോര്‍ട്ട് പോവാനോ അവരെ ആശുപത്രിയിലെത്തിക്കാനോ ജീവനക്കാരില്ലാത്തത് ബുദ്ധിമുട്ടുകള്‍ക്കിടയാക്കുന്നുണ്ട്.
ഇതുകൊണ്ടുതന്നെ ആറും ഏഴും മാസമായി കോടതികളില്‍ ഹാജരാക്കാന്‍ കഴിയാത്ത റിമാന്‍ഡ് തടവുകാര്‍ വിയ്യൂര്‍ ജയിലിലുണ്ട്. അത്തരം തടവുകാരെ അതതു സ്ഥലങ്ങളിലെ ജയിലുകളില്‍ പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ജസ്റ്റിസ് ജെ ബി കോശി അറിയിച്ചു. 80 വയസ്സ് കഴിഞ്ഞ രണ്ടു തടവുകാര്‍ ജയിലിലുണ്ടെന്നും പ്രായപരിധിയുടെ ആനുകൂല്യം നല്‍കി രാഷ്ട്രീയനേതാക്കന്മാരെയടക്കം ജയില്‍മോചിതരാക്കിയ സാഹചര്യത്തില്‍ ഇവരെയും വിട്ടയക്കുന്ന കാര്യം ആലോചിക്കാന്‍ സര്‍ക്കാരിനെഴുതുമെന്നും അദ്ദേഹം പറഞ്ഞു. ജയില്‍സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു.
Next Story

RELATED STORIES

Share it