പ്രതികളെ സിപിഎം പുറത്താക്കി

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂര്‍ എസ് പി ശുഹൈബ് വധക്കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നാലു പേരെ സിപിഎം പുറത്താക്കി. കേസിലെ മുഖ്യപ്രതി തില്ലങ്കേരി വഞ്ഞേരിയിലെ എം വി ആകാശ് എന്ന ആകാശ് തില്ലങ്കേരി (24), തെരൂര്‍ പാലയോട്ടെ ടി കെ അസ്‌കര്‍ (26), തില്ലങ്കേരി സ്വദേശി കെ അഖില്‍ (23), കാക്കയങ്ങാട് ടൗണിലെ ചുമട്ടു തൊഴിലാളി മുഴക്കുന്ന് പാല കൃഷ്ണ നിവാസില്‍ സി എസ് ദീപ്ചന്ദ് (25) എന്നിവരെയാണ് പുറത്താക്കിയത്.
ഇന്നലെ ജില്ലാ കമ്മിറ്റി ഓഫിസായ അഴീക്കോടന്‍ മന്ദിരത്തില്‍ മുഖ്യമന്ത്രിയും പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്ത അടിയന്തര ജില്ലാ കമ്മിറ്റി യോഗത്തിലാണ് നടപടി. പാര്‍ട്ടി നയങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് നടപടിയെന്ന് ജില്ലാ കമ്മിറ്റി ഓഫിസ് അറിയിച്ചു. നാലു പേര്‍ക്കും കൊലപാതകത്തില്‍ നേരിട്ടു പങ്കുണ്ടെന്നു പോലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അഞ്ചംഗ കൊലയാളി സംഘത്തിലെ ഒരാള്‍ പാര്‍ട്ടി അംഗമല്ലാത്തതിനാലാണ് നടപടിയെടുക്കാതിരുന്നത്.
ആകെ 11 പേര്‍ അറസ്റ്റിലായ കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിടുകയും പോലിസിനും സര്‍ക്കാരിനുമെതിരേ രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് നടപടി.
കൊലപാതകം നടന്നതു മുതല്‍ പാര്‍ട്ടിക്കു ബന്ധമില്ലെന്നു പറഞ്ഞ സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വം, ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെങ്കില്‍ അന്വേഷിച്ച് നടപടിയെടുക്കുമെന്നും വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റിലായതോടെ ബന്ധം തള്ളിപ്പറയാതിരുന്ന സിപിഎം, പാര്‍ട്ടിതല അന്വേഷണം നടക്കുകയാണെന്നു പറഞ്ഞ് നടപടി വൈകിച്ചത് വിമര്‍ശനത്തിനിടയാക്കിയിരുന്നു. കേസില്‍ സിബിഐ അന്വേഷണം തുടങ്ങുകയാണെങ്കില്‍ പാര്‍ട്ടിയും സര്‍ക്കാരും കൂടുതല്‍ പ്രതിരോധത്തിലാവുമെന്നു വിലയിരുത്തിയാണ് നടപടി.
സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനുമായി അടുത്ത ബന്ധമുള്ള മുഖ്യപ്രതി ആകാശ് തില്ലങ്കേരി അദ്ദേഹത്തോടൊപ്പവും പിണറായി വിജയനോടൊപ്പവും എടുത്ത സെല്‍ഫി ചിത്രങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു. സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയ ഒഞ്ചിയത്തെ ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ പോലും പ്രതികളെ ഇത്ര വേഗം സിപിഎം പുറത്താക്കിയിരുന്നില്ല. കോടതി ശിക്ഷിച്ചിട്ടു പോലും പ്രതികളെ സംരക്ഷിച്ചിരുന്ന സിപിഎം സര്‍ക്കാരിനും പാര്‍ട്ടിക്കും കനത്ത വില നല്‍കേണ്ടിവരുമെന്നു മുന്‍കൂട്ടി കണ്ടാണ് നടപടിയെടുത്തതെന്നാണ് സൂചന. മാത്രമല്ല, യോഗത്തില്‍ കൊലപാതകം പാര്‍ട്ടിക്ക് കടുത്ത ക്ഷീണമുണ്ടാക്കിയെന്നു മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിക്കുകയും ചെയ്തതായാണ് വിവരം.
അതേസമയം, മുഖം രക്ഷിക്കാനാണ് സിപിഎം നടപടിയെടുത്തതെന്നു കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it