kozhikode local

പ്രതികളെ രക്ഷിക്കാന്‍ അണിയറനീക്കം നടക്കുന്നതായി ആരോപണം

വടകര: സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ പ്രതികളെ രക്ഷിക്കാന്‍ അണിയറ നീക്കം നടക്കുന്നതായി ആരോപണം. വിശ്വസിക്കാനാവാത്ത കാര്യങ്ങളാണ് പുറത്ത് വരുന്നതെന്നും ഇത് പ്രതികളെ രക്ഷിക്കാനാണെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.
ഫെയ്‌സ് ബുക്കില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തതെന്നും ഇത് മോര്‍ഫ് ചെയ്താണ് അതേ ഐഡിയുള്ള സ്ത്രീകള്‍ക്ക് മെസഞ്ചര്‍ വഴി അയച്ചതെന്നുമാണ് പൊലീസ് പറഞ്ഞത്. ഒടുവില്‍ പൊലീസ് പിടികൂടിയ പ്രതിയും അതേപടി കാര്യങ്ങള്‍ ആവര്‍ത്തിക്കുകയാണുണ്ടായത്. ഇത് ശരിയല്ലെന്നാണ് നാട്ടുകാരുടെ വാദം. ഫെയ്‌സ് ബുക്കില്‍ നിന്നാണ് ഫോട്ടോകള്‍ എടുത്തതെന്നും പറയുമ്പോള്‍ പരാതിക്കാരായ സ്ത്രീകള്‍ക്ക് പലര്‍ക്കും ഫെയ്‌സ്ബുക്ക് അക്കൗണ്ട് പോലുമില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. തങ്ങളുടെ ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങളില്‍ ഇല്ലെന്നും ഇത് വിവാഹ വിഡിയോവില്‍ നിന്നും എടുത്തതെന്നുമാണെന്ന് പരാതിക്കാര്‍ പറയുന്നു. അന്വേഷണം വഴിതിരിച്ചു വിടാന്‍ പ്രതി മനപ്പൂര്‍വ്വം പറഞ്ഞതാണോ ഇതെന്ന് പരിശോധിക്കണമെന്നും ഇവര്‍ പറഞ്ഞു. രണ്ട് വര്‍ഷമായി പ്രതിയായ ബിബീഷ് മോര്‍ഫ് ചെയ്യാറുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.
ഈ രണ്ട് വര്‍ഷത്തിനിടയില്‍ അഞ്ച് ഫോട്ടോകള്‍ മാത്രമാണോ മോര്‍ഫ് ചെയ്‌തെന്ന കാര്യത്തില്‍ പ്രതിയെ എസ്പി ഓഫിസില്‍ ഹാജരാക്കിയ അന്ന് വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. കേസില്‍ ആദ്യം അറസ്റ്റിലായ സ്റ്റുഡിയോ ഉടമകളെ എസ്പി ഓഫീസില്‍ കൊണ്ടുവന്നപ്പോള്‍ ആറ് ഫോട്ടകളാണ് മോര്‍ഫ് ചെയ്യപ്പെട്ടതെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇത് പിന്നീട് അഞ്ചിലേക്ക് ചുരിങ്ങിയതും നാട്ടുകാരെ സംശയത്തിലാഴ്ത്തിയിരിക്കുകയാണ്. കേസന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ പ്രശ്‌നം പറഞ്ഞു തീര്‍ക്കാനുള്ള ശ്രമം നടന്നിരുന്നു. സംഭവത്തിന്റെ ഗൗരവം ഉള്‍ക്കൊള്ളാതെയായിരുന്നു ഇതെന്ന് പറയപ്പെടുന്നു. സ്റ്റുഡിയോ ഉടമകള്‍ പിടിയിലായതിന് പിന്നാലെ കേസ് ലഘൂകരിക്കാനും പ്രതികളെ രക്ഷിക്കാനുമുള്ള സമ്മര്‍ദ്ദങ്ങള്‍ ഉണ്ടെന്നാണ് പരാതിക്കാരും നാട്ടുകാരും പറയുന്നത്. അതേസമയം പൊലീസിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ കാര്യമാക്കുന്നില്ലെന്നും മോര്‍ഫിംഗ് കേസില്‍ അന്വേഷണം ശരിയാ വഴിക്കാണ് പോകുന്നതെന്നുമാണ് റൂറര്‍ എസ്പി പറഞ്ഞത്. പൊലീസിന്റെ ഭാഗത്ത് നിന്ും വീഴ്ചകള്‍ സംഭവിച്ചിട്ടില്ല. സംഭവത്തില്‍ എല്ലാവിധ സത്യങ്ങളും ഉടന്‍ തെളിയുമെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കൂടാതെ സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും, മുഖ്യ പ്രതിയെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെയടക്കം പിടികൂടുമെന്നും എസ്പി പറഞ്ഞു.
Next Story

RELATED STORIES

Share it