പ്രതികളെ കുടുക്കിയത് പോലിസിന്റെ ഹൈടെക് അന്വേഷണം

തിരുവനന്തപുരം: ഓണ്‍ലൈന്‍ പെണ്‍വാണിഭവുമായി ബന്ധപ്പെട്ട് പ്രതികളെ കുടുക്കിയത് പോലിസിന്റെ ഹൈടെക് അന്വേഷണം. ഇരയെ പിടിക്കാനായി 'കൊച്ചുസുന്ദരി' എന്ന പേരില്‍ ഫേസ്ബുക്ക് ഗ്രൂപ്പുണ്ടാക്കി. ഈ ഗ്രൂപ്പിലെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച പോലിസ് ഒടുവില്‍ എത്തിയത് ചുംബനസമരത്തിന്റെ സംഘാടകരിലാണ്. രാഹുല്‍ പശുപാലനും രശ്മിക്കും പെണ്‍വാണിഭവുമായി ബന്ധമുണ്ടെന്ന് പോലിസ് കണ്ടെത്തി.
ആദ്യഘട്ട അന്വേഷണത്തെ തുടര്‍ന്ന് ചില പ്രതികളെ അറസ്റ്റ് ചെയ്യുകയും കുറച്ചുകാലത്തേക്ക് ഫേസ്ബുക്ക് പേജ് പിന്‍വലിക്കുകയും ചെയ്തു. എങ്കിലും പോലിസ് രഹസ്യ നിരീക്ഷണം തുടര്‍ന്നു.  അന്വേഷണം അവസാനിപ്പിച്ചെന്ന് കരുതിയ സംഘം വീണ്ടും ഗ്രൂപ്പില്‍ സജീവമായി. ഇതിനിടെ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. രഹസ്യ നാമങ്ങളിലൂടെയും കോഡുകളിലൂടെയുമാണ് സംഘാംഗങ്ങള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നത്. ഫോണ്‍ നമ്പറുകളും നിരന്തരം മാറ്റി. ഇരകളുടെയും ഇടപാടുകാരുടെയും ഫേസ്ബുക്ക,് വാട്‌സ് ആപ്പ് സന്ദേശങ്ങള്‍ ദിവസങ്ങളോളം പോലിസ് നിരീക്ഷിച്ചിരുന്നു.  പ്രതികളെ പിടികൂടാന്‍ ഫേസ്ബുക്ക് അധികൃതരുടെ സഹായവും പോലിസ് ഉപയോഗപ്പെടുത്തി. ചൈല്‍ഡ് പോണോഗ്രഫിയുടെ പരിധിയില്‍ വരുന്ന പ്രവര്‍ത്തനങ്ങളായതിനാല്‍ വിവരങ്ങളെല്ലാം ഫേസ്ബുക്ക് അധികൃതര്‍ കൃത്യമായി നല്‍കി.
മലയാളി പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കാണിച്ചാണ് ഇടപാടുകാരെ വലയിലാക്കിയിരുന്നത്. കൊച്ചുകുട്ടികളുടെ അശ്ലീലചിത്രങ്ങളും അവരെക്കുറിച്ചുള്ള ലൈംഗിക വര്‍ണനകളും അശ്ലീല കഥകളും നിറഞ്ഞതാണ് 'കൊച്ചുസുന്ദരികള്‍' എന്ന ഫേസ് ബുക്ക് പേജ്.
പ്രതികള്‍ക്കെതിരേ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കുകയാണ് അന്വേഷണസംഘം ആദ്യം ചെയ്തത്. സംസ്ഥാന പോലിസ് മേധാവിയുടെ നിര്‍ദേശപ്രകാരമായിരുന്നു നീക്കങ്ങള്‍.
ക്ലാസിഫൈഡ്‌സ് സേവനം നല്‍കുന്ന ലൊക്കാന്റോയില്‍നിന്നു ലഭിച്ച പ്രതി അക്ബറിന്റെ നമ്പറില്‍ അന്വേഷണസംഘം നിയോഗിച്ചവര്‍ ബന്ധപ്പെട്ടു.  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികള്‍, രശ്മി നായര്‍, ലെനീഷ് മാത്യു, പ്രതികളിലൊരാളായ ആഷിഖിന്റെ ഭാര്യ മുബീന എന്നിവരെയും  എറണാകുളത്തെ ഹോട്ടലിലെത്തിക്കാമെന്ന്  പ്രതിയില്‍ നിന്നും ഉറപ്പുവാങ്ങി. തുടര്‍ന്ന് ബംഗളൂരുവില്‍നിന്നു നെടുമ്പാശ്ശേരി വിമാനത്തിലെത്തിയ ലെനീഷ് മാത്യുവിനെയും സഹോദരിമാരായ പെണ്‍കുട്ടികളെയും കസ്റ്റഡിയിലെടുത്തു. മുന്‍ധാരണപ്രകാരം മകനുമൊത്ത് ഹോട്ടലിലെത്തിയപ്പോഴാണ് രാഹുല്‍ പശുപാലനെയും ഭാര്യയെയും പിടികൂടുന്നത്. വിവാഹത്തിനെത്തിയപ്പോഴാണ് ഫേസ്ബുക്ക് പേജ് രൂപീകരിച്ച ഉമ്മറിനെ കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it