പ്രണീത് കൗറിന്റെ സ്വിസ് ബാങ്ക് അക്കൗണ്ട്; കേന്ദ്രം സ്വിറ്റ്‌സര്‍ലന്റിന്റെ സഹായം തേടി

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങിന്റെ ഭാര്യയുമായ പ്രണീത് കൗറിന്റെ സ്വിസ് ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കാനായി കേന്ദ്ര സര്‍ക്കാര്‍ സ്വിറ്റ്‌സര്‍ലന്റ് സര്‍ക്കാരിന്റെ സഹായം തേടി. പ്രണീത് കൗറിന്റേയും മകന്‍ രണീന്ദര്‍ സിങിന്റേയും പേരിലുള്ള അക്കൗണ്ടുകള്‍ സംബന്ധിച്ചാണ് അന്വേഷണം നടത്തുന്നത്. അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളും അന്വേഷണത്തിനായുള്ള സഹകരണവും തേടിയതായി സ്വിസ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
അക്കൗണ്ടുമായി ബന്ധപ്പെട്ട ഇന്ത്യന്‍ സര്‍ക്കാരിന്റെ അന്വേഷണം സംബന്ധിച്ച് പത്ത് ദിവസത്തിനകം അപ്പീല്‍ നല്‍കാന്‍ സ്വിസ് ഫെഡറല്‍ ടാക്‌സ് വിഭാഗം പ്രണീത് കൗറിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് പ്രണീത് കൗറും കുടുംബവും ഇതുവരെ പ്രതികരിച്ചിട്ടില്ല. സ്വിസ് ബാങ്കില്‍ അക്കൗണ്ടുള്ള ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നപ്പോള്‍ പ്രണീത് കൗറിന്റെ പേരുമുണ്ടായിരുന്നു. എന്നാല്‍, തനിക്ക് സ്വിസ് ബാങ്കിലോ മറ്റു വിദേശ ബാങ്കുകളിലോ അക്കൗണ്ട് ഇല്ലെന്നായിരുന്നു പ്രണീത് കൗറിന്റെ പ്രതികരണം. ഇന്ത്യന്‍ ആദായ നികുതി വകുപ്പ് പ്രണീത് കൗറിന്റെ മൊഴി എടുത്തിരുന്നു.ഇന്ത്യ-സ്വിറ്റ്‌സര്‍ലന്റ് ഉഭയകക്ഷി കരാര്‍ പ്രകാരം കള്ളപ്പണ നിക്ഷേപമുള്ള ഇന്ത്യന്‍ സ്ഥാപനങ്ങളുടെയും വ്യക്തികളുടേയും വിവിരങ്ങള്‍ സ്വിറ്റ്‌സര്‍ലന്റ് ഇന്ത്യക്ക് കൈമാറിയിരുന്നു. സ്വിറ്റ്‌സര്‍ലന്റിലെ എച്ച്എസ്ബിസി ബാങ്കില്‍ പണം നിക്ഷേപിച്ച ഇന്ത്യക്കാരെക്കുറിച്ച് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. എച്ച്എസ്ബിസി പട്ടികയില്‍ പേരുള്ളവര്‍ വിദേശ വിനിമയ കൈകാര്യ നിയമം പ്രകാരം വിചാരണ നേരിടേണ്ടിവരും.
Next Story

RELATED STORIES

Share it