thiruvananthapuram local

'പ്രണയംഏകാന്തതഇച്ഛാഭംഗം' അഞ്ചാം ദിനം

തിരുവനന്തപുരം: ഭ്രാന്തമായ പ്രണയവും ഒറ്റപ്പെടലും ഇച്ഛാഭംഗവും പ്രമേയമാക്കിയ ചിത്രങ്ങള്‍ ആസ്വദിക്കാനായിരുന്നു രാജ്യാന്തര ചലച്ചിത്രമേളയുടെ അഞ്ചാം ദിനത്തില്‍ തിരക്കനുഭവപ്പെട്ടത്.
തിരശീല വീഴാന്‍ ഒരുനാള്‍ ബാക്കിനില്‍ക്കേ അറുപതിലധികം ചിത്രങ്ങള്‍ 13 തിയറ്ററുകളിലായി ബുധനാഴ്ച പ്രേക്ഷകരെ തേടിയെത്തി. ത്രീഡി വിഭാഗത്തിലെ ലവ്, മല്‍സര രവിഭാഗത്തിലെ പ്രൊജക്ട് ഓഫ് ദി സെഞ്ച്വറി, കൊറിയന്‍ പനോരമ വിഭാഗത്തിലെ ദ അണ്‍ഫെയര്‍, ഫസ്റ്റ് ലുക്ക് വിഭാഗത്തില്‍ ലാംബ് എന്നിവ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടിയ ചിത്രങ്ങളായി.
വ്യത്യസ്ത സംസ്‌കാരങ്ങളില്‍ ജീവിച്ച രണ്ട് വ്യക്തികളുടെ പ്രണയം ത്രീഡിയില്‍ ആവിഷ്‌കരിച്ച ഫ്രഞ്ച് ചിത്രമായ ലൗവിന് തിയേറ്ററില്‍ പ്രേക്ഷകര്‍ തള്ളിക്കയറി.
ചൂടന്‍രംഗങ്ങളും രതിയുടെ ത്രിമാനദൃശ്യവല്‍ക്കരണവും കാരണം പ്രതിനിധികള്‍ തള്ളിക്കയറിയപ്പോള്‍ ഇവരെ നിയന്ത്രിക്കാനാവാതെ സംഘാടകര്‍ ബുദ്ധിമുട്ടി. വൈകാരികവും സാമ്പത്തികവുമായ ഒറ്റപ്പെടലുകളില്‍ ജീവിക്കേണ്ടിവരുന്ന വിവിധ തലമുറകള്‍ നേരിടുന്ന കഷ്ടപ്പാടുകളും ഇച്ഛാഭംഗവുമാണ് മല്‍സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച പ്രോജക്ട് ഓഫ് ദ സെഞ്ച്വറി. കാമുകിയുമായി പിരിഞ്ഞ മുപ്പതുകാരനായ ലിയോ തന്റെ അച്ഛനും മുത്തച്ഛനും താമസിക്കുന്ന സിനെഫ്യൂഗോസ് പ്രവിശ്യയിലുള്ള ആണവനഗരത്തിലേയ്ക്കു മടങ്ങുന്നതിനെയാണ് കാര്‍ലോസ് ക്വിന്‍ടെല പശ്ചാത്തലമാക്കിയിരിക്കുന്നത്.
ഹാദി മൊഹാഗിന്റെ ഇമ്മോര്‍ട്ടല്‍ ആസ്വദിക്കാന്‍ ടാഗോര്‍ തിയേറ്ററില്‍ നീണ്ട ക്യൂവായിരുന്നു. കുടുംബ വിവാഹത്തില്‍ പങ്കെടുത്തു മടങ്ങവേ അയാസിന്റെ വാന്‍ കൊക്കയിലേയ്ക്കു മറിയുകയും വണ്ടിയിലുണ്ടായിരുന്ന കുടുംബാംഗങ്ങളെല്ലാം മരിക്കുകയും ചെയ്യുന്നു. ഇതില്‍കുറ്റബോധം തോന്നുന്ന അയാസ് തന്റെ ജീവിതം അവസാനിപ്പിക്കാനുളള മാര്‍ഗങ്ങള്‍ ആരായുന്നതിനെയാണ് ചിത്രം പ്രമേയമാക്കിയത്. കൊറിയന്‍ പനോരമ വിഭാഗത്തിലെ ദ അണ്‍ഫെയറും നവാഗത സംവിധായകരുടെ സിനിമകള്‍ക്ക് ഇടം നല്‍കുന്ന ഫസ്റ്റ് ലുക്ക് വിഭാഗത്തിലെ ലാംബ് പ്രേക്ഷകരുടെ ശ്രദ്ധപിടിച്ചുപറ്റി.
അതേസമയം, കഴിഞ്ഞ അഞ്ചു ദിവസങ്ങളായി നഗരത്തില്‍ ഉല്‍സവപ്രതീതിയുണര്‍ത്തിയ ചലച്ചിത്രോല്‍സവത്തിന്റെ ആരവം ഇന്നത്തോടെ അവസാനിക്കും. ദൃശ്യവൈവിധ്യങ്ങളും ക്രിയാത്മക ചര്‍ച്ചകളുമായി സജീവമായ ചലച്ചിത്രോല്‍സവ വേദികളോട് ദൂരസ്ഥലങ്ങളില്‍ നിന്നുമെത്തിയ പ്രതിനിധികള്‍ ഇന്നു തന്നെ വിടപറയും. നാളെ കൈരളി, ശ്രീ, നിള, കലാഭവന്‍ തിയേറ്ററുകലില്‍ മാത്രം പകല്‍ മൂന്ന് പ്രദര്‍ശനം മാത്രമാണ് ഉണ്ടാവുക. നാളെ വൈകീട്ട് ഏഴു മണിക്ക് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ സമാപനച്ചടങ്ങും അവാര്‍ഡ് പ്രഖ്യാപനവും നടക്കും. മേളയിലെ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെടുന്ന ചിത്രത്തിന്റെ പ്രദര്‍ശനവും തുടര്‍ന്ന് നടക്കും.
Next Story

RELATED STORIES

Share it