Kollam Local

പ്രജീഷിനും പ്രണവിനുമായി ഗ്രാമം കൈകോര്‍ക്കുന്നു

പത്തനാപുരം: പ്രജീഷിന്റെയും(8) പ്രണവിന്റെയും(6) കണ്ണുകള്‍ നിറയാതിരിക്കാന്‍ ഗ്രാമം കൈകോര്‍ക്കുന്നു. പള്ളിക്കുടത്തില്‍ പോകാന്‍ ബസ് കൂലി നല്‍കാന്‍  ഇല്ലാഞ്ഞതോടെ പഠനം പാതിവഴിയില്‍ നിലച്ച് പട്ടിണിയിലായ ഇവരുടെ ദുരിത ജീവിതത്തിന് ഇതോടെ അവസാനമാവുകയാണ്. ഇവരുടെ ദുരിതമറിഞ്ഞ സുമനസ്സുകളും സന്നദ്ധ സംഘടകളും സഹായങ്ങളുമായി രംഗത്തെത്തി. പഠനാവശ്യത്തിനുള്ള പണവും ഭക്ഷണത്തിനുള്ള ചെലവുകളും നല്‍കുമെന്ന്  ഇവരുടെ വീട്ടിലെത്തിയ വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ പറഞ്ഞു.
പിറവന്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് വേണ്ടുന്ന സഹായമെത്തിക്കാനുള്ള ശ്രമങ്ങളും ആംഭിച്ചു.
അധ്യയനം ആരംഭിച്ച് ഒന്നര മാസത്തോളമായിരുന്നങ്കിലും പ്രജീഷും പ്രണവും ഏതാനും ചില ദിവസങ്ങളേ  പോയിരുന്നുള്ളു. സ്‌കൂളില്‍ നിന്നും കിട്ടിയിരുന്ന ഉച്ചക്കഞ്ഞിയായിരുന്നു ഒരു നേരത്തെ  വിശപ്പടക്കാനുള്ള ഏകആശ്രയം.
ഒരു മാസം രണ്ടുപേര്‍ക്കും കൂടി 1200 രൂപയാണ് സ്‌കൂള്‍ ബസിന് നല്‍കേണ്ടിയിരുന്നത്. മൂന്ന് വര്‍ഷം മുമ്പ് മാതാവ് മിനി പാമ്പ് കടിയേറ്റ് മരിച്ചതോടെയാണ്  നിര്‍ധനകുടുംബത്തിന്റെ താളം തെറ്റിയത്. ഇതോടെ കുട്ടികള്‍ തീര്‍ത്തും അനാഥരായി. അമ്മൂമ്മ പ്രേമയായിരുന്നു ഏക ആശ്രയം. കുഞ്ഞുങ്ങളുടെ  വിശപ്പടക്കാനായി നന്നേ പാടുപെട്ടു. സഹായത്തിനായി കയറിറങ്ങാത്ത വാതുലുകളില്ല.നാലുവശവും സാരിമറച്ച് മുകളില്‍ ടാര്‍പ്പോളിന്‍ വിരിച്ച ഒറ്റമുറിയാണ്   ഇവരുടെ വീട്. മഴപെയ്താല്‍ പൂര്‍ണമായും നനയും. ഈ സാഹചര്യത്തിലാണ്  സഹായഹസ്തവുമായി  സുമനസുകള്‍ എത്തിയത്. റൈറ്റ് ഹാന്‍ഡ് ചാരിറ്റി എന്ന സമൂഹ മാധ്യമ കൂട്ടായ്മ പ്രവര്‍ത്തകര്‍ ഇന്നലെ  ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചു നല്‍കി. പൊതുപ്രവര്‍ത്തകനായ പുന്നല സ്വദേശി ഷൈജുവാണ് ഒരു വര്‍ഷത്തേക്കുളള കുട്ടികളുടെ പഠന ചെലവുകള്‍ നല്‍കുമെന്ന് അറിയിച്ചത് .കൂടാതെ ചെറുതും വലുതുമായ സഹായങ്ങളുമായി നിരവധി പേര്‍ കുരുന്നുകളുടെ വീട്ടില്‍ എത്തുന്നുണ്ട്.
Next Story

RELATED STORIES

Share it