thrissur local

പ്രചാരണ ചെലവ് പരിധി വിടുന്നവര്‍ക്കെതിരേ നടപടയെന്ന് കലക്ടര്‍

തൃശൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ നിശ്ചയിച്ചിട്ടുള്ള പരിധിയില്‍മാത്രം തുക ചെലവഴിക്കാന്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ കക്ഷികളും ശ്രദ്ധിക്കണമെന്നു ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍കൂടിയായ കലക്ടര്‍ ഡോ. എ കൗശിഗന്‍ നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ സംബന്ധിച്ചു കലക്ടറേറ്റില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രചാരണ ചെലവും മാതൃകാപെരുമാറ്റച്ചട്ടലംഘനവും നിരീക്ഷിക്കാന്‍ ജില്ലാതലത്തി ല്‍ എ.ഡി.എം സി കെ അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങളില്‍ കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കെതിരേ അയോഗ്യത കല്‍പ്പിക്കുന്നതുള്‍പ്പെടെയുള്ള നടപടികളുണ്ടാകുമെന്നും കലക്ടര്‍ മുന്നറിയിപ്പു നല്‍കി. ഗ്രാമപ്പഞ്ചായത്ത് വാര്‍ഡുകളിലേക്കു മല്‍സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്കു പരമാവധി പതിനായിരം രൂപയും ബ്ലോക്ക്-മുനിസിപ്പല്‍ തലങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്കു പരമാവധി 30,000 രൂപയും കോര്‍പറേഷന്‍-ജില്ലാപഞ്ചായത്തു തലങ്ങളില്‍ മല്‍സരിക്കുന്നവര്‍ക്ക് പരമാവധി 60,000 രൂപയുമാണു പ്രചാരണ പ്രവൃത്തികള്‍ക്കായി കമ്മീഷന്‍ അനുവദിച്ചിട്ടുള്ളത്.

ചട്ടം ലംഘിച്ചു സര്‍ക്കാര്‍ ഓഫിസുകള്‍, സ്ഥാപനങ്ങള്‍ മറ്റു പൊതു സ്ഥലങ്ങള്‍ തുടങ്ങിയവയുടെ വസ്തുവഹകളിലും മതിലുകളിലും ചുവരെഴുത്തു നടത്തുകയും പ്രചാരണ സാമഗ്രികള്‍ പതിക്കുകയും ചെയ്താല്‍ സ്വന്തം ചെലവില്‍തന്നെ അവ നീക്കം ചെയ്യണം. സ്വകാര്യവ്യക്തികളുടെ വസ്തുവഹകളില്‍ അവരുടെ അനുവാദത്തോടെ മാത്രമേ പ്രചാരണ സാമഗ്രികള്‍ പതിക്കാവൂ. ഇക്കാര്യങ്ങളില്‍ നിരീക്ഷണം നടത്തുന്നതിനും നടപടികള്‍ ഏകോപിപ്പിക്കുന്നതിനും ജില്ലാതലത്തിലും ബ്ലോക്ക് തലങ്ങളിലും ഡി സെയ്‌സ്‌മെന്റ് സ്‌ക്വാഡുകള്‍ രൂപീകരിച്ചതായും കലക്ടര്‍ അറിയിച്ചു. സ്‌ക്വാഡ് പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുമ്പോഴുണ്ടാകുന്ന ചെലവും സ്ഥാനാര്‍ഥി വഹിക്കണം. തിരഞ്ഞെടുപ്പു പ്രചാരണ പ്രവൃത്തികള്‍ക്കായി പരമാവധി പരിസ്ഥിതി സൗഹൃദ സാമഗ്രികള്‍ ഉപയോഗിക്കണെന്നും കലക്ടര്‍ അഭ്യര്‍ഥിച്ചു.

തിരഞ്ഞെടുപ്പു ഡ്യൂട്ടിക്ക് ഉദ്യോഗസ്ഥരെ നിയോഗിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഏകദേശം 30,000 ജീവനക്കാരെയാണ് ഇതിനായി ആവശ്യം വരിക. ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി സംബന്ധിച്ച നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 20 മുമ്പ് നിയമന ഉത്തരവ് നല്‍കുമെന്നും കലക്ടര്‍ പറഞ്ഞു. എ.ഡി .എം. സി കെ അനന്തകൃഷ്ണന്‍, ജില്ലാ പോലിസ് മേധാവി (സിറ്റി) കെ ജി  സൈമണ്‍, തെരഞ്ഞെടുപ്പുവിഭാഗം ഡെപ്യൂട്ടി കലക്ടര്‍ പി കെ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it