Pathanamthitta local

പ്രചാരണത്തിന് വാശിയേറി; സ്ഥാനാര്‍ഥികള്‍ നെട്ടോട്ടത്തില്‍

പത്തനംതിട്ട: തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് ഒരുദിവസം കൂടി മാത്രം അവശേഷിക്കേ, ആറന്മുള മണ്ഡലത്തില്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണത്തിന് വീറുംവാശിയും ഏറി.
നാമനിര്‍ദേശക പത്രിക സമര്‍പ്പണത്തിനു മുമ്പ് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടഭ്യര്‍ഥിക്കുന്ന തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വരുംദിവസങ്ങളില്‍ സംസ്ഥാന നേതാക്കള്‍ കൂടി പ്രചാരണത്തിനെത്തുന്നതോടെ രംഗം കൂടുതല്‍ ചൂടുപിടിക്കും.
കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ഇന്നും സിപിഎം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ ശനിയാഴ്ചയും ജില്ലയില്‍ എത്തുന്നുണ്ട്. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ഇന്നലെ പത്തനംതിട്ടയില്‍ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പു കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട നഗരം കേന്ദ്രീകരിച്ചായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ശിവദാസന്‍നായരുടെ ഇന്നലത്തെ പരിപാടികള്‍. രാവിലെ വൈഎംസിഎ ഹാളില്‍ നടന്ന ജനശീ സുസ്ഥിര വികസന മിഷന്‍ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന എഫ്എന്‍പിഒ ഡിവിഷണല്‍ സമ്മേളനത്തിലും പങ്കെടുത്തു. തുടര്‍ന്ന് സെന്‍ട്രല്‍ ജങ്ഷനില്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങിലും പങ്കെടുത്തു. പുല്ലാട് നടന്ന വിവാഹനിശ്ചയ ചടങ്ങില്‍ പങ്കെടുത്തതിനു ശേഷം ഇലവുംതിട്ട ജനശ്രീ തയ്യല്‍ പരിശീലന കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് അംഗം വിനീത അനിലിനോടൊപ്പം സന്ദര്‍ശനം നടത്തി വോട്ട് അഭ്യര്‍ഥിച്ചു.
മല്ലപ്പുഴശ്ശേരി പഞ്ചായത്തിലായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി വീണാ ജോര്‍ജിന്റെ പ്രചരണ പരിപാടി. ആറന്മുള ക്ഷേത്രത്തിന്റെ കിഴക്കേ നടയില്‍ നിന്നായിരുന്നു പ്രചരണം തുടങ്ങിയത്. പേരപ്പൂര്‍, കുറുന്താര്‍ കോളനി, പന്നിവേലിച്ചിറ, കര്‍ത്തവ്യം, നെല്ലിക്കാല, കരമേലി, കുഴിക്കാല എന്നിവിടങ്ങളിലെ വീടുകളില്‍ സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. എസ്എന്‍ഡിപി യോഗം കോഴഞ്ചേരി യൂനിയന്‍ ഓഫിസും വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. പുന്നക്കാട്, നാരങ്ങാനം എന്നിവിടങ്ങളിലെ മരണവീടുകളിലും സ്ഥാനാര്‍ഥി സന്ദര്‍ശനം നടത്തി. മുന്‍ എംഎല്‍എമാരായ എ പത്മകുമാര്‍, കെ സി രാജഗോപാല്‍ എന്നിവരും നിര്‍മല ദേവി ജേക്കബ് തരിയന്‍, ടി പ്രദീപ് കുമാര്‍, മാത്യു തോമസ്, മനോജ് മാതവശ്ശേരി, അജിത് കുറുന്താല്‍, ശ്രീകുമാര്‍ ,സുനില്‍ കുമാര്‍, സജി കെ ജെ ,സാലി തോമസ് തുടങ്ങിയവരും സ്ഥാനാര്‍ഥിക്കൊപ്പമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it