പ്രചാരണത്തിനു തുടക്കമിട്ട് മമത

കൊല്‍ക്കത്ത: ഉച്ചയ്ക്ക് രണ്ടുമണിക്ക് ചുട്ടുപൊള്ളുന്ന വെയിലില്‍ ശ്യാംബസാറില്‍ നിന്നാണ് റാലി തുടങ്ങിയത്. മുന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി അതിവേഗം നടക്കുന്നു. നാലര കിലോമീറ്റര്‍ അകലെയുള്ള എസ്പ്ലനാഡയില്‍ സജ്ജമാക്കിയ വേദിക്കരികിലെത്തുമ്പോഴേക്കും ആയിരങ്ങളാണ് ദീദിക്ക് പിറകില്‍ അണിനിരന്നത്.
വനിതാദിനത്തില്‍ ചൊവ്വാഴ്ച നടന്ന പൊതുപരിപാടി രാജ്യത്തെ സ്ത്രീകള്‍ നേരിടുന്ന ക്ലേശകരമായ സാഹചര്യത്തെ പറ്റി പറയാനായിരുന്നില്ല. അടുത്തമാസം തുടങ്ങുന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ വിളംബരമായിരുന്നു അത്. മന്ത്രിമാര്‍, കൗണ്‍സിലര്‍മാര്‍, വിദ്യാര്‍ഥിക ള്‍, ഉദ്യോഗസ്ഥര്‍, കൂലിവേല ചെയ്യുന്നവര്‍ തുടങ്ങി എല്ലാ വിഭാഗത്തിലുംപെട്ട സ്ത്രീകളും പുരുഷന്‍മാരുമടങ്ങുന്ന വലിയ സഞ്ചയമാണ് റോഡ് തടസ്സപ്പെടുത്താതെ നീങ്ങിയ മമതയെ അനുഗമിച്ചത്. ഹിദാന്‍ സരണി, വെല്ലിങ്ടണ്‍, ലെനിന്‍ സരണി എന്നിവിടങ്ങളിലൂടെ നീങ്ങിയ മമതയ്‌ക്കൊപ്പമെത്താന്‍ കഴിയാതെ പലരും പാതയോരത്ത് കിതച്ചുനില്‍ക്കുന്ന ദൃശ്യം ചാനലുകള്‍ തല്‍സമയം സംപ്രേഷണം ചെയ്തു.
റാലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും സ്ത്രീകളായിരുന്നു. ഓരോരുത്തരുടെയും കൈയില്‍ തൃണമൂല്‍ സര്‍ക്കാരിന്റെ വിവിധ പദ്ധതികളും നേട്ടങ്ങളും വിശദീകരിക്കുന്ന പ്ലക്കാര്‍ഡുകള്‍. മുദ്രാവാക്യം മിക്കതും ഇടതുപക്ഷത്തിനെതിരേ, പ്രത്യേകിച്ചും സിപിഎമ്മിനെ ലക്ഷ്യമിട്ട്. ഏറെ കാലം കൈയൂക്ക് കൊണ്ട് സംസ്ഥാനം ഭരിച്ച് ജനങ്ങളെ അടിച്ചമര്‍ത്തിയവര്‍ക്ക് ചുട്ട മറുപടി നല്‍കാന്‍ നിങ്ങള്‍ക്കൊരു അവസരംകൂടി വന്നിരിക്കുന്നുവെന്ന് മമത പറയുമ്പോള്‍ ജനം ആര്‍ത്തുവിളിക്കുന്നുണ്ടായിരുന്നു. 2014 മാര്‍ച്ച് എട്ടിന് ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമിട്ടത് സമാനമായ രീതിയിലായിരുന്നുവെന്നും മമത ഓര്‍മിപ്പിച്ചു.
സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷത്തിന്റെ 34 വര്‍ഷത്തെ ഭരണത്തിന് അന്ത്യംകുറിച്ച് അഞ്ചു വര്‍ഷം മുമ്പ് മമത നടത്തിയ പ്രചാരണത്തിലും സമാനമായ കൂറ്റന്‍ റാലികള്‍ക്ക് കൊല്‍ക്കത്ത നഗരം സാക്ഷിയായിട്ടുണ്ട്. അന്ന് 11 കിലോമീറ്റര്‍ വരെ നടന്ന മമതയുടെ മുന്നേറ്റങ്ങള്‍ മാധ്യമങ്ങള്‍ ഏറെ പ്രാധാന്യത്തോടെയാണ് റിപോര്‍ട്ട് ചെയ്തത്. വള്ളിച്ചെരുപ്പില്‍ വിരിഞ്ഞ വിപ്ലവമെന്നു പിന്നീട് ടെലഗ്രാഫ് അടക്കമുള്ള പത്രങ്ങള്‍ വിശേഷിപ്പിച്ചു. ഇന്ന് മമതയ്ക്ക് ഇടതുപക്ഷത്തെ മാത്രം ലക്ഷ്യമിട്ടുള്ള നീക്കങ്ങളില്‍ ഒതുക്കാനാവില്ല പ്രചാരണം. കോണ്‍ഗ്രസ്സും സിപിഎമ്മും തമ്മിലുണ്ടാക്കിയ ധാരണകള്‍ മറികടന്ന് മമത വീണ്ടും അധികാരത്തിലെത്തുമോ എന്നറിയാന്‍ കാത്തിരിക്കണം. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത ആവേശത്തില്‍ ബിജെപിയും ഇത്തവണ ആഞ്ഞുപിടിക്കുന്നുണ്ട്.
Next Story

RELATED STORIES

Share it