thrissur local

പ്രചാരണച്ചെലവ് പരിധി ലംഘിച്ചാല്‍ സ്ഥാനാര്‍ഥികളെ അയോഗ്യരാക്കും

തൃശൂര്‍: തെരഞ്ഞെടുപ്പില്‍ അനുവദനീയമായ തുകയ്ക്കപ്പുറം പ്രചരണത്തിനായി ചെലവാക്കുന്ന സ്ഥാനാര്‍ത്ഥികളെ അയോഗ്യരാക്കും. സ്ഥാനാര്‍ത്ഥികളുടെ പ്രചരണ ചെലവ് നിരീക്ഷിക്കുന്നതിന് ആറ് ചെലവു നിരിക്ഷകരെയാണ് കമ്മീഷന്‍ നിയോഗിച്ചിട്ടുളളത്. ഇത് കൂടാതെ ഒരു മുതിര്‍ന്ന ഉദേ്യാഗസ്ഥനെ പൊതു നിരീക്ഷകനായും നിയോഗിച്ചിട്ടുണ്ട്.
ഗ്രാമപ്പഞ്ചായത്തുകളിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിക്ക് 10000 രൂപ വീതവും ബ്ലോക്ക് മുനിസിപ്പല്‍ തലങ്ങളിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് 30000 രൂപ വീതവും കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികള്‍ക്ക് 60000 രൂപ വീതവുമാണ് കമ്മീഷന്‍ പ്രചരണത്തിനായി ചെലവാക്കുന്നതിന്റെ പരിധിയായി നിശ്ചയിച്ചിട്ടുളളത്.
പ്രചരണ ചെലവ് സംബന്ധിച്ച് വിശദമായ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കാനാണ് നിരീക്ഷകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുളളത്. പ്രചരണ രിതി, പ്രചരണത്തിനുപയോഗിക്കുന്ന സാമഗ്രികള്‍ തുടങ്ങിയവയുടെയെല്ലാം വിപണി നിരക്ക് കണക്കാക്കിയായിരിക്കും ചെലവ് നിശ്ചയിക്കുക.
സ്ഥാനാര്‍ത്ഥികള്‍ അനധികൃതമായി പൊതുസ്ഥലങ്ങളിലും പൊതുസ്ഥാപനങ്ങളുടെ വസ്തുവഹകളിലും പതിക്കുന്ന പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിനുളള ചെലവും സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ചെലവ് കണക്കില്‍ ഉള്‍ക്കൊളളിക്കും. ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ഇതിനകം തന്നെ വിവിധ ഭാഗങ്ങളില്‍ പര്യടനം ആരംഭിച്ചിട്ടുണ്ട്.
സ്ഥാനാര്‍ത്ഥികളും മറ്റ് ബന്ധപ്പെട്ടവരും ഇക്കാര്യത്തില്‍ പരമാവധി നിയന്ത്രണം പാലിക്കണമെന്നും വാഹന ഉപയോഗത്തിലും പ്രചരണ സാമഗ്രികളുടെ കാര്യത്തിലും അധികചെലവുകള്‍ ഒഴിവാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശിക്ഷണ നടപടികളില്‍ നിന്ന് ഒഴിവാകണമെന്നും ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ കൂടിയായ ജില്ലാ കലക്ടര്‍ ഡോ. എ കൗശിഗന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it