thiruvananthapuram local

പ്രചാരണം സജീവമായി; ജില്ലയില്‍ ഏഴുപേര്‍ പത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനു പത്രികാ സമര്‍പ്പണം ആരംഭിച്ചതോടെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി രാഷ്ട്രീയകക്ഷികള്‍. നാമനിര്‍ദേശപത്രികാ സമര്‍പ്പണത്തിന്റെ ആദ്യദിനമായ ഇന്നലെ തലസ്ഥാനത്തെ നാലു മണ്ഡലങ്ങളിലേക്കായി ഏഴുപേര്‍ പത്രിക സമര്‍പ്പിച്ചു.
തിരുവനന്തപുരം മണ്ഡലത്തില്‍ ഒന്ന്, വട്ടിയൂര്‍ക്കാവ് രണ്ട്, കാട്ടാക്കട രണ്ട്, കഴക്കൂട്ടം രണ്ട് വീതം പത്രികകളാണ് ലഭിച്ചത്. യുഡിഎഫ് സ്ഥാനാര്‍ഥികളായ എന്‍ ശക്തന്‍, കെ മുരളീധരന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍, ബിജെപി സ്ഥാനാര്‍ഥികളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍ തുടങ്ങിയവരാണ് ഇന്നലെ പത്രിക സമര്‍പ്പിച്ച പ്രമുഖര്‍.
വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ പ്രവര്‍ത്തകര്‍ക്കും യുഡിഎഫ് നേതാക്കള്‍ക്കുമൊപ്പം ഉച്ചക്ക് 12 മണിയോടെ പബ്ലിക് ഓഫിസിലെത്തി പത്രിക സമര്‍പ്പിച്ചു. രാവിലെ വട്ടിയൂര്‍ക്കാവില്‍ നിന്നു വാഹനജാഥയായി കനകക്കുന്ന് വളപ്പിലെത്തിയ മുരളീധരന്‍ അച്ഛനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന കെ കരുണാകരന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി.
തുടര്‍ന്ന് ഡിസിസി ഓഫിസിലെത്തി നേതാക്കളെ കണ്ട് അനുഗ്രഹം വാങ്ങിയ ശേഷം യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കൊപ്പം പദയാത്രയായി പബ്ലിക് ഓഫിസിലെത്തി വരണാധികാരിയെ കണ്ട് അദ്ദേഹം നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്.
വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി കുമ്മനം രാജശേഖരന്‍ ഉച്ചക്ക് 12.30ഓടെ കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പിച്ചു. രണ്ടു സെറ്റ് പത്രികയാണ് അദ്ദേഹം നല്‍കിയത്. കാട്ടാക്കടയിലെ യുഡിഎഫ് സ്ഥാനാര്‍ഥി എന്‍ ശക്തനും ഇന്നലെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ഉച്ചയ്ക്ക് 12.30ന് വെള്ളയമ്പലം ജില്ലാ വ്യവസായ കേന്ദ്രത്തിലെത്തിയ അദ്ദേഹം റിട്ടേണിങ് ഓഫിസര്‍ പി സുരേഷ് കുമാറിനു മുന്നിലാണ് പത്രിക സമര്‍പ്പിച്ചത്.
പൂജപ്പുരയിലെ മകളുടെ വീട്ടില്‍ നിന്നു നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെയാണ് അദ്ദേഹം പത്രികാസമര്‍പ്പണത്തിനായി ജില്ലാ വ്യവസായകേന്ദ്രം ഓഫിസിലെത്തിയത്.
കാട്ടാക്കട മണ്ഡലത്തിലെ സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ സ്ഥാനാര്‍ഥി എസ് മിനിയും ഇന്നലെ പത്രിക സമര്‍പ്പിച്ചു.കഴക്കൂട്ടം മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കടകംപള്ളി സുരേന്ദ്രന്‍ ഇന്നലെ ഉച്ചയ്ക്ക് 1.30ഓടെ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസറായ കഴക്കൂട്ടം ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫിസര്‍ മുമ്പാകെയായിരുന്നു പത്രികാ സമര്‍പ്പണം. പത്രികാ സമര്‍പ്പണത്തിനു മുന്നോടിയായി വിവിധ സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളില്‍ അദ്ദേഹം പുഷ്പാര്‍ച്ചന നടത്തി. കൂടാതെ നവോത്ഥാനപ്രാധാന്യമുള്ള അണിയൂര്‍ സ്മാരകം, ശ്രീനാരായണഗുരുവിന്റെ ജന്മസ്ഥലമായ ചെമ്പഴന്തി ഗുരുകുലം എന്നിവിടങ്ങളില്‍ സന്ദര്‍ശനം നടത്തി. കഴക്കൂട്ടത്തുള്ള എല്‍ഡിഎഫിന്റെ കേന്ദ്ര ഇലക്ഷന്‍ കമ്മിറ്റി ഓഫിസില്‍ നിന്നു നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകരുടെ അകമ്പടിയോടെ പ്രകടനമായി എത്തിയാണ് പത്രിക സമര്‍പ്പിച്ചത്.
കഴക്കൂട്ടം മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ഥി വി മുരളീധരന്‍ കലക്ടറേറ്റിലെത്തി പത്രിക സമര്‍പ്പു. ഡെപ്യൂട്ടി കലക്ടര്‍ എ ഗോപകുമാറിനു മുന്നില്‍ മൂന്നു സെറ്റ് പത്രികയാണ് സമര്‍പ്പിച്ചത്. തിരുവനന്തപുരം നിയോജകമണ്ഡലത്തിലെ എസ്‌യുസിഐ സ്ഥാനാര്‍ഥി പി എസ് ഗോപകുമാറും ഇന്നലെ പത്രിക നല്‍കി.
Next Story

RELATED STORIES

Share it