ernakulam local

പ്രചാരണം മുറുകുന്നു; ആലുവയില്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പം

ആലുവ: കടുത്ത വേനല്‍ചൂടിനെപ്പോലും കവച്ചുവച്ച് ആലുവയില്‍ തിരഞ്ഞെടുപ്പ് പ്രചാരണം മുറുകുന്നു. മൂന്നാംവട്ട പ്രചാരണം പൂര്‍ത്തിയാക്കുന്ന തിരക്കിലാണിപ്പോള്‍ സ്ഥാനാര്‍ഥികള്‍. യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനുകള്‍ ഇതിനകം പൂര്‍ത്തിയായി.
യുഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യാന്‍ മുഖ്യമന്ത്രി തന്നെ നേരിട്ടെത്തിയപ്പോള്‍, എല്‍ഡിഎഫ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് സിപിഎം ജില്ലാ സെക്രട്ടറി പി രാജീവായിരുന്നു.
വലിയ നേതാക്കളില്ലാതിരുന്നിട്ടും കണ്‍വന്‍ഷനില്‍ വന്‍ ജനക്കൂട്ടത്തെയെത്തിക്കാന്‍ എല്‍ഡിഎഫിന് കഴിഞ്ഞത് പ്രവര്‍ത്തകരില്‍ ആവേശമുയര്‍ത്തി. ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഇന്നലെ സംഘടിപ്പിച്ചു. എസ്ഡിപിഐ തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ 25ാം തിയ്യതി എടത്തല കോമ്പാറയില്‍ നടക്കും.
യുഡിഎഫ് സ്ഥാനാര്‍ഥി അന്‍വര്‍ സാദത്ത് ഇന്നലെ രാവിലെ മുതല്‍ നെടുമ്പാശ്ശേരി പഞ്ചായത്തിലെ പര്യടനം പൂര്‍ത്തിയാക്കി വൈകീട്ട് ആലുവ ടൗണില്‍ ഇറങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. വി സലീം കാഞ്ഞൂര്‍, ശ്രീമൂലനഗരം പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരുന്നു ഇന്നലത്തെ പ്രചാരണം.
എസ്ഡിപിഐ സ്ഥാനാര്‍ഥി അജ്മല്‍ ഇസ്മായില്‍ കീഴ്മാട്, ചൂര്‍ണ്ണിക്കര പഞ്ചായത്തുകളിലാണ് ഇന്നലെ പ്രചാരണത്തിനിറങ്ങിയത്. ഭവന സന്ദര്‍ശനങ്ങള്‍ക്കൊപ്പം കുടുംബയോഗങ്ങളിലാണ് സ്ഥാനാര്‍ഥികള്‍ക്ക് ഏറെ കമ്പം. കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ച് വോട്ടുകള്‍ ഉറപ്പിക്കുകയെന്ന തന്ത്രമാണിപ്പോള്‍ മുന്നണികള്‍ ഇറക്കിവരുന്നത്. നിയോജക മണ്ഡലം കണ്‍വന്‍ഷനുകള്‍ക്ക് ശേഷം യുഡിഎഫ്, എല്‍ഡിഎഫ്, എസ്ഡിപിഐ, ബിജെപി കക്ഷികള്‍ മണ്ഡലം കണ്‍വന്‍ഷനുകള്‍ക്കായുള്ള പുറപ്പാടിലാണ്. പ്രധാന മതനേതാക്കള്‍, സാമൂഹിക-സാംസ്‌കാരിക നേതാക്കള്‍ എന്നിവരെയെല്ലാം സ്ഥാനാര്‍ഥികള്‍ സന്ദര്‍ശിച്ചു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസിന്റെ ഉദ്ഘാടനം ഇന്നസെന്റ് എംപിയും, വെബ്‌സൈറ്റ് ഉദ്ഘാടനം സിനിമാ സംവിധായകന്‍ ആഷിക്ക് അബുവും നിര്‍വഹിച്ചു.
Next Story

RELATED STORIES

Share it