Pathanamthitta local

പ്രചാരണം കൊഴുപ്പിക്കാന്‍ കൂടുതല്‍ നേതാക്കള്‍ ജില്ലയിലേക്ക്; ഉമ്മന്‍ചാണ്ടിയും വിഎസും നാളെ

പത്തനംതിട്ട: നാമനിര്‍ദേശ പത്രികാസമര്‍പ്പണം പൂര്‍ത്തിയായതോടെ ജില്ലയിലെ തിരഞ്ഞെടുപ്പു രംഗം കൂടുതല്‍ സജീവമാവുന്നു.
മണ്ഡലം കണ്‍വന്‍ഷനുകളും കുടുംബയോഗങ്ങളും ഉള്‍പ്പടെയുള്ള ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി മുന്നണി സ്ഥാനാര്‍ഥി പലരും രണ്ടാംഘട്ട മണ്ഡലം പര്യടനത്തിലേക്ക് കടന്നു കഴിഞ്ഞു. തിരഞ്ഞെടുപ്പു പോരിന് കൂടുതല്‍ ശക്തിപ്പകര്‍ന്നു കൊണ്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദനും നാളെ ജില്ലയില്‍ പര്യടനം നടത്തും.
ഉമ്മന്‍ചാണ്ടി ഏഴു പൊതുയോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍, രണ്ടു യോഗങ്ങളിലാണ് വി എസ് പങ്കെടുക്കുന്നത്. പത്രികാസമര്‍പ്പണം പൂര്‍ത്തിയാക്കി പ്രചാരണരംഗത്ത് സജീവമായ എസ്ഡിപിഐ-എസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ഥി സംഗമം ഈമാസം മൂന്നിന് പത്തനംതിട്ടയില്‍ നടക്കും.
ഇരുപാര്‍ട്ടികളുടെയും സംസ്ഥാനനേതാക്കള്‍ സംഗമത്തില്‍ പങ്കെടുത്തു. പ്രാദേശിക വികസനപ്രശ്‌നങ്ങള്‍ക്കൊപ്പം, രാഷ്ട്രീയവിവാദങ്ങളും പ്രചാരണരംഗത്ത് സജീവചര്‍ച്ചയായതോടെ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഓരോ സ്ഥാനാര്‍ഥികളും കാഴ്ചവയ്ക്കുന്നത്.
ഒന്നാംഘട്ടത്തില്‍ പരമാവധി വോട്ടര്‍മാരെ നേരില്‍ കാണാനുള്ള നെട്ടോട്ടത്തിലായിരുന്നു സ്ഥാനാര്‍ഥികളെങ്കില്‍, രണ്ടാംഘട്ട മണ്ഡലം പര്യടനം വികസന, രാഷ്ട്രീയ പ്രശ്‌നങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടത്തിനാവും സാക്ഷ്യംവഹിക്കുക. നാളെ വൈകീട്ട് മൂന്നിന് വെച്ചൂച്ചിറയിലാണ് ഉമ്മന്‍ചാണ്ടിയുടെ ആദ്യ പൊതുയോഗം. തുടര്‍ന്ന് 4ന് കുമ്പഴ, 5ന് തണ്ണിത്തോട്, 6ന് കൊടുമണ്‍ കോണ്‍ഗ്രസ് ഓഫിസ് ഉദ്ഘാടനം, 6.15 അടൂര്‍, 7.30ന് തിരുവല്ല, മേപ്രാല്‍, 8.30ന് കുളനട എന്നിവിടങ്ങളിലാണ് ഉമ്മന്‍ചാണ്ടിയുടെ പരിപാടികള്‍.
വി എസ് വൈകീട്ട് നാലിന് റാന്നിയിലും അഞ്ചിന് കോന്നിയിലും പ്രസംഗിക്കും. എന്‍ഡിഎ ക്യാമ്പിന് ഉണര്‍വ് പകര്‍ന്നു കൊണ്ട് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അടുത്ത ആഴ്ച ജില്ലയില്‍ എത്തുന്നുണ്ട്.
Next Story

RELATED STORIES

Share it