പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ദേശീയമാനം നല്‍കി കേന്ദ്ര നേതാക്കള്‍; വാക്‌പോരില്‍ തിളച്ചുമറിഞ്ഞ് പ്രചാരണ രംഗം

പ്രചാരണം അവസാന ഘട്ടത്തിലേക്ക്; ദേശീയമാനം നല്‍കി കേന്ദ്ര നേതാക്കള്‍; വാക്‌പോരില്‍ തിളച്ചുമറിഞ്ഞ് പ്രചാരണ രംഗം
X
prajaranam-avasanaghattamതിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ പതിനെട്ടടവും പയറ്റി പ്രചാരണരംഗം അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് രാഷ്ട്രീയപാര്‍ട്ടികളും നേതാക്കളും. അഴിമതിയും ബാര്‍കോഴയും സരിത വിഷയവും ചര്‍ച്ചയാക്കി ആരംഭിച്ച പ്രചാരണരംഗം ഇപ്പോള്‍ ദേശീയ വിഷയങ്ങളിലൂന്നിയാണ് മുന്നേറുന്നത്. കോണ്‍ഗ്രസ്സിനെ ലക്ഷ്യമിട്ട് അഗസ്ത വെസ്റ്റ്‌ലാന്റ് ഇടപാടും ബിജെപി നേതാക്കള്‍ വിഷയമാക്കിയതോടെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് വേദികള്‍ക്കും ദേശീയമാനം കൈവന്നത്.
അഗസ്ത വെസ്റ്റ്‌ലാന്റ് ഇടപാടിനെച്ചൊല്ലി പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയും തമ്മിലുള്ള വാക്‌പോരാണ് ഇപ്പോള്‍ പ്രചാരണത്തിലെ ചൂടുള്ള വിഷയം. നരേന്ദ്രമോദി തിരുവനന്തപുരത്ത് നടത്തിയ പ്രസംഗം പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയാവുകയും സഭ സ്തംഭിക്കുന്നതിലേക്ക് എത്തുകയും ചെയ്തിരുന്നു. കൂടാതെ, എല്ലാ പാര്‍ട്ടികളുടെയും ദേശീയ നേതാക്കളും കേന്ദ്രമന്ത്രിമാരും സംസ്ഥാനത്ത് തമ്പടിച്ചതോടെ വാക്‌പോരില്‍ തിളയ്ക്കുകയാണ് പ്രചാരണരംഗം. പ്രധാനമന്ത്രിയെയും പാര്‍ട്ടി അധ്യക്ഷനെയും ദിവസേന ഓരോ കേന്ദ്രമന്ത്രിമാരെയും രംഗത്തിറക്കുന്ന ബിജെപി തന്നെയാണ് ദേശീയ നേതാക്കളെ ഇറക്കിയുള്ള പ്രചാരണത്തില്‍ മുന്നിലുള്ളത്. എ കെ ആന്റണി ഉള്‍പ്പെടെയുള്ള കേന്ദ്ര നേതാക്കളാണ് ഇതിനു പ്രതിരോധം തീര്‍ത്ത് കോണ്‍ഗ്രസ് പാളയത്തിലുള്ളത്.
ഞായറാഴ്ച തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഇറ്റലിയില്‍ ആര്‍ക്കാണ് ബന്ധമുള്ളതെന്ന് എല്ലാവര്‍ക്കുമറിയാമെന്നാണ് സോണിയയെ ലക്ഷ്യമിട്ട് മോദിയുടെ പരിഹാസം. ഇതിന് തലസ്ഥാനത്തു തന്നെയുള്ള പ്രചാരണവേദിയിലായിരുന്നു സോണിയാഗാന്ധിയുടെ വൈകാരിക മറുപടിയും. ഇന്ത്യയാണ് എന്റെ രാജ്യവും വീടും. 48 വര്‍ഷം ഞാന്‍ ജീവിച്ച രാജ്യമാണ് ഇന്ത്യ. ഞാന്‍ സ്‌നേഹിച്ചവരുടെ രക്തം വീണ മണ്ണാണിത്. ഇവിടെയാകും എന്റെ അന്ത്യശ്വാസം എന്നിങ്ങനെയായിരുന്നു സോണിയയുടെ വൈകാരിക പ്രസംഗം.
ഇതിനുപിന്നാലെ ഇന്നലെ പ്രചാരണത്തിനെത്തിയ ബിജെപി നേതാക്കളും അഗസ്ത വെസ്റ്റ്‌ലാന്റ് ഇടപാട് തന്നെയാണ് വിഷയമാക്കിയത്. അഴിമതിക്കഥകള്‍ പുറത്തുവരുമ്പോഴാണ് സോണിയാഗാന്ധി രാജ്യസ്‌നേഹത്തെക്കുറിച്ച് ഓര്‍ക്കുന്നതെന്നായിരുന്നു ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മറുപടി. ഇന്നലെ തിരുവനന്തപുരത്തെത്തിയ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും സോണിയാഗാന്ധിയെയാണ് ലക്ഷ്യമിട്ടത്.
എന്നാല്‍, സോണിയയെ പിന്തുണച്ച് കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി രംഗത്തെത്തി. അഗസ്ത വെസ്റ്റ്‌ലാന്റ് ഇടപാടില്‍ ഇപ്പോള്‍ സോണിയക്കെതിരേ ആരോപണമുന്നയിക്കുന്നത് വ്യക്തിവൈരാഗ്യം തീര്‍ക്കാനാണെന്ന് ആന്റണി പറഞ്ഞു. സംസ്ഥാനത്ത് പ്രചാരണത്തിലുള്ള എല്‍ഡിഎഫ് നേതാക്കളും ദേശീയ വിഷയങ്ങള്‍ പ്രചാരണായുധമാക്കുന്നുണ്ട്.
മോദിയെയും സോണിയയെയും വിമര്‍ശിച്ച് സിപിഎം പിബി അംഗം വൃന്ദാകാരാട്ട് കഴിഞ്ഞദിവസം രംഗത്തെത്തി. നേതാക്കളെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനെതിരേ രംഗത്തെത്തിയ വൃന്ദാകാരാട്ട് രാഷ്ട്രീയ ചോദ്യങ്ങള്‍ക്കു മുമ്പില്‍ വൈകാരികതയല്ല മറുപടിയെന്നും പ്രതികരിച്ചു.
തിരഞ്ഞെടുപ്പ് പ്രചാരണം അവസാനിക്കാന്‍ നാലുദിവസം മാത്രം ബാക്കിനില്‍ക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നും എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നാളെയും കേരളത്തിലെത്തും. ഇന്നലെ തിരുവനന്തപുരത്ത് എത്താനിരുന്ന രാഹുല്‍ഗാന്ധി ആരോഗ്യ കാരണങ്ങളാല്‍ യാത്ര റദ്ദാക്കുകയായിരുന്നു. നാളെയും വെള്ളിയാഴ്ചയുമായിട്ടാണ് രാഹുല്‍ഗാന്ധിയുടെ കേരളത്തിലെ പരിപാടികള്‍ പുനക്രമീകരിച്ചിട്ടുള്ളത്. ദേശീയ നേതാക്കളെ രംഗത്തിറക്കി പ്രചാരണത്തില്‍ മേധാവിത്തം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് പ്രമുഖ മുന്നണികള്‍. ഇതോടെ അവസാന നിമിഷങ്ങളില്‍ പൊടിപാറുന്ന പ്രചാരണത്തിനായിരിക്കും കേരളം സാക്ഷ്യം വഹിക്കുക.
Next Story

RELATED STORIES

Share it