Kollam Local

പ്രഖ്യാപിച്ചിട്ട് നാലുവര്‍ഷം; മറൈന്‍ ആംബുലന്‍സ് ഇനിയും നടപ്പായില്ല



കൊല്ലം: മല്‍സ്യത്തൊഴിലാളികള്‍ക്ക് പ്രഖ്യാപിച്ച മറൈന്‍ ആംബുലന്‍സ് പ്രഖ്യാപനത്തിലൊതുങ്ങി. കടലില്‍ അപകടത്തില്‍പ്പെടുന്നവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കുന്നതിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആംബുലന്‍സ് പദ്ധതിയാണ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടപ്പാവാത്തത്. 2013-14 ബജറ്റിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. നിലവില്‍ കടലില്‍ അപകടങ്ങള്‍ ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ബോട്ടാണ്. മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന് രക്ഷാപ്രവര്‍ത്തനത്തിന് അത്യാധുനിക രക്ഷാബോട്ടുവേണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. മണിക്കൂറില്‍ എട്ടോ പത്തോ കിലോമീറ്റര്‍ മാത്രം താണ്ടുന്നതും രക്ഷകരുടെ പോലും സുരക്ഷിതത്വം ഉറപ്പില്ലാത്തതുമായ ഇപ്പോഴത്തെ ബോട്ടിനുപകരം 40 കിലോ മീറ്റര്‍ വേഗത്തിലോടിക്കാവുന്ന മൂന്ന് മറൈന്‍ ആംബുലന്‍സുകള്‍ വാങ്ങാന്‍ ഫിഷറീസ് ഡിപ്പാര്‍ട്‌മെന്റിന് അനുമതി നല്‍കിയിരുന്നു. നിര്‍മാണം പൂര്‍ത്തിയാക്കിയ ബോട്ട് വാങ്ങണമോ, അതോ ആവശ്യത്തിനനുസരിച്ചുള്ള ബോട്ട് നിര്‍മിച്ച് വാങ്ങണമോ എന്ന തര്‍ക്കമാണ് പ്രഖ്യാപനം നടന്ന് ആദ്യ വര്‍ഷങ്ങളില്‍ പദ്ധതി നീളാന്‍ കാരണം. പിന്നീട് 60 അടി നീളമുള്ളതും 350 കുതിരശക്തിയില്‍ കുറയാത്ത കരുത്തുമുള്ള ഇരട്ട എന്‍ജിന്‍ ബോട്ട് വാങ്ങാന്‍ തീരുമാനിച്ചെങ്കിലും ഓരോന്നിനും രണ്ട് കോടിയിലേറെ വിലവരുമെന്നത് നീളാന്‍ ഇടയാക്കി. ഏത് അപകട കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശേഷിയുള്ള ബോട്ടുകളാണ് ഇവ. കടലില്‍നിന്ന് മൃതദേഹം പൊക്കിയെടുക്കാനുള്ള ഉപകരണങ്ങളും ഇതിലുണ്ടാവും.കരയോടടുത്ത് രക്ഷാപ്രവര്‍ത്തനം നടത്താനുള്ള സംവിധാനവും ബോട്ടിലുണ്ടാവും. വയര്‍ലെസ് സാറ്റലൈറ്റ് ഫോണ്‍ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയേക്കും. മെഡിക്കല്‍ സംവിധാനത്തില്‍ ഒരു മെയില്‍ നഴ്‌സ് അടക്കമുള്ള രണ്ടംഗ മെഡിക്കല്‍ ടീം, ലൈഫ് ഗാര്‍ഡ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിലേയും ഫിഷറീസിലെയും ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ബോട്ടിലുണ്ടാകും. പ്രഥമ ശുശ്രൂഷാ മരുന്നുകള്‍ക്കൊപ്പം ഓക്‌സിജന്‍ മാസ്‌ക്, സ്‌ട്രെച്ചര്‍, മെഡിക്കല്‍ കിറ്റ് തുടങ്ങിയവ ആംബുലന്‍സിലുണ്ടാവും. ഇത്തരം ആധുനിക സംവിധാനങ്ങളുള്ള ആംബുലന്‍സുകള്‍ കടലില്‍ സുരക്ഷക്കായി ഉണ്ടെങ്കില്‍ നിരവധി മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയും.കടലില്‍ വച്ചുണ്ടാകുന്ന അപകടങ്ങളില്‍ മല്‍സ്യത്തൊഴിലാളികളെ കൃത്യസമയത്ത് കരയിലെത്തിച്ച് ചികില്‍സ നല്‍കാന്‍ കഴിയാത്തത് മൂലം ജീവന്‍ നഷ്ടപ്പെടുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണ്.കഴിഞ്ഞ ദിവസം അഴീക്കലില്‍ നിന്നും മല്‍സ്യബന്ധനത്തിന് പോയ അഴീക്കല്‍ പരത്തുമൂട്ടില്‍ അനില്‍കുമാര്‍ എന്ന മല്‍സ്യത്തൊഴിലാളി കടലില്‍ വെച്ച് ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മരണപ്പെട്ടിരുന്നു. നെഞ്ചുവേദനയെ തുടര്‍ന്ന് സഹായമഭ്യര്‍ഥിച്ചു കോസ്റ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള ഏജന്‍സികളെ ബന്ധപ്പെട്ടെങ്കിലും ചികില്‍സ ലഭ്യമാക്കാനായില്ല. അഞ്ചര മണിക്കൂറിനു ശേഷമാണ് ഇദ്ദേഹത്തെ കരയില്‍ എത്തിക്കാനായത്. എന്നാല്‍ കടലില്‍ വെച്ച് മല്‍സ്യബന്ധനത്തിനിടെ ഉണ്ടായ അപകടമല്ല മരണകാരണമെന്ന സാങ്കേതികത്വം ചൂണ്ടിക്കാട്ടി കുടുംബത്തിന് സഹായം നിഷേധിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് കെ സി വേണുഗോപാല്‍ എംപി ആരോപിച്ചു.  യഥാസമയം ചികില്‍സ നല്‍കാന്‍ കഴിയാതെ പോയതാണ് മരണത്തിലേക്ക് നയിച്ചത്.ഇത്തരം സാഹചര്യങ്ങളെ കടലില്‍ വെച്ചുള്ള അപകടമായി കണക്കാക്കി നഷ്ടപരിഹാരം നല്‍കാന്‍ ആവശ്യമായ തിരുത്തലുകള്‍ ബന്ധപ്പെട്ട നിയമത്തില്‍ വരുത്തണമെന്നും എം പി മന്ത്രിയോടാവശ്യപ്പെട്ടു. അതേസമയം, സ്വകാര്യ കമ്പനികള്‍ എട്ടുകോടി രൂപ വരെ ആവശ്യപ്പെട്ട മറൈന്‍ ആംബുലന്‍സ് ലാഭം എടുക്കാതെ നിര്‍മിച്ചു നല്‍കാന്‍ ഷിപ്പ്‌യാര്‍ഡ് മുന്നോട്ടുവന്നിട്ടുണ്ട്. ആറുമാസത്തിനകം ആംബുലന്‍സ് കൈമാറാമെന്നാണ് കൊച്ചിന്‍ ഷിപ്പ് യാര്‍ഡിന്റെ വാഗ്ദാനം.
Next Story

RELATED STORIES

Share it