Kollam Local

പ്രഖ്യാപനം 19ന്;കൊല്ലം രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ല

കൊല്ലം: സമ്പൂര്‍ണ ഭക്ഷ്യസുരക്ഷാ ജില്ലയെന്ന നേട്ടവുമായി രാജ്യത്തിനാകെ പുതിയൊരു മാതൃക സൃഷ്ടിക്കുകയാണ് കൊല്ലം. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലയിലെ ഭക്ഷ്യോല്‍പ്പന്ന ഉല്‍പ്പാദന വില്‍പ്പന വിതരണ മേഖലയിലെ 90 ശതമാനം സംരംഭകര്‍ക്കും രജിസ്‌ട്രേഷനും ലൈസന്‍സും നല്‍കിയാണ് നേട്ടം കൈവരിച്ചത്. ഔദ്യോഗിക പ്രഖ്യാപനം 19ന് ആരോഗ്യ മന്ത്രി കെ കെ ശൈലജ നിര്‍വഹിക്കും.
ഇതുവരെ 29,000 സംരംഭകര്‍ക്കാണ് രജിസ്‌ട്രേഷനും ലൈസന്‍സും വിതരണം ചെയ്തത്. ബേക്കറികള്‍, ഓഡിറ്റോറിയങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, അന്നദാനകേന്ദ്രങ്ങള്‍, പൊതുവിതരണ ശൃംഖല, ഹോസ്റ്റലുകള്‍, ബെവ്‌റിജസ് കോര്‍പറേഷന്റെ സ്ഥാപനങ്ങള്‍ തുടങ്ങി ഭക്ഷ്യോല്‍പ്പാദന പരിധിയില്‍  വരുന്ന സ്ഥാപനങ്ങളെയെല്ലാം ഉള്‍പ്പെടുത്തിയാണ് ജില്ലാതലത്തില്‍ സമ്പൂര്‍ണ നേട്ടം കൈവരിച്ചത്. മല്‍സ്യമേഖലയില്‍ ഐസ് പ്ലാന്റുകളും കശുവണ്ടി മേഖലയിലെ ഫാക്ടറികളുമെല്ലാം ലൈസന്‍സിങ്ങിന്  വിധേയമാക്കി. രണ്ട് മാസക്കാലയളവില്‍ 29 രജിസ്‌ട്രേഷന്‍  ലൈസന്‍സിങ് മേളകളാണ് നടത്തിയത്. സോപാനം ഓഡിറ്റോറിയത്തില്‍ വൈകീട്ട് ആറിന് എം നൗഷാദ് എംഎല്‍എയുടെ അധ്യക്ഷതയിലാണ് ഉദ്ഘാടന ചടങ്ങ്. മേയര്‍ വി രാജേന്ദ്രബാബു, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശിവശങ്കരപ്പിള്ള, ജില്ലാ കലക്ടര്‍ എസ് കാര്‍ത്തികേയന്‍ എന്നിവര്‍ മുഖ്യാതിഥികളാകും.
Next Story

RELATED STORIES

Share it