പ്രഖ്യാപനം വെള്ളത്തില്‍ വരച്ച വര; കുപ്പിവെള്ളത്തിന് വില കുറഞ്ഞില്ല

കെ  എം  അക്ബര്‍

ചാവക്കാട്: നിര്‍മാതാക്കള്‍ വില കുറച്ചിട്ടും കുപ്പിവെള്ളത്തിന് ഇപ്പോഴും വില കുറഞ്ഞില്ല. 12 രൂപയ്ക്ക് വില്‍ക്കുമെന്നറിയിച്ച കുപ്പിവെള്ളത്തിന്റെ വിപണിയിലെ വില ഇപ്പോഴും 20 രൂപ തന്നെ. അതേസമയം, പലയിടത്തും കുപ്പി വെള്ളം വാങ്ങാനെത്തുന്നവരുമായി  വിലയെചൊല്ലി തര്‍ക്കം പതിവായതോടെ പല കടക്കാരും കുപ്പിവെള്ളം വില്‍പന താല്‍ക്കാലികമായി നിര്‍ത്തിവച്ചു.
പഴയ തുകയ്ക്ക് തന്നെ വില്‍പന നടത്തുന്നവര്‍ തര്‍ക്കമൊഴിവാക്കാന്‍ വില മുന്‍കൂട്ടി പറഞ്ഞാണ് കുപ്പിവെള്ളം വിറ്റഴിക്കുന്നത്. കടുത്ത വരള്‍ച്ചയും കുടിവെള്ളക്ഷാമവും സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചുമാണ് തദ്ദേശീയരായ കുപ്പിവെള്ള നിര്‍മാതാക്കളായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ഏപ്രില്‍ രണ്ടുമുതല്‍ കുപ്പിവെള്ളത്തിന് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. ബഹുരാഷ്ട്ര കമ്പനികള്‍ ഒഴികെ 100ഓളം കുപ്പിവെള്ള നിര്‍മാതാക്കളാണ് കുപ്പിവെള്ളത്തിന് വില കുറച്ചതായി അറിയിച്ചത്.
ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും വരുത്താതേയായിരിക്കും വിതരണമെന്നും ഏപ്രില്‍ രണ്ടിന് ശേഷം, കുപ്പിയില്‍ രേഖപ്പെടുത്തിയിരിക്കുന്ന വില എത്രയാണെങ്കിലും ലിറ്ററിന് 12 രൂപ മാത്രം കടകളില്‍ നല്‍കിയാല്‍ മതിയാവും എന്നും നിര്‍മാതാക്കള്‍ അറിയിച്ചിരുന്നു. എന്നാല്‍, നിര്‍മാതാക്കള്‍ വിലകുറച്ചു എന്നു പ്രഖ്യാപിച്ചതല്ലാതെ തങ്ങള്‍ക്ക് വിലക്കുറവില്‍ കുപ്പി വെള്ളം ലഭ്യമാവുന്നില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. മുമ്പ് തങ്ങള്‍ക്ക് ലഭിച്ചിരുന്ന അതേ തുകയ്ക്ക് തന്നേയാണ് ഇപ്പോഴും കുപ്പിവെള്ളം ലഭിക്കുന്നതെന്നും പിന്നെയങ്ങനെ വില കുറച്ച് കുപ്പിവെള്ളം വില്‍പന നടത്തുമെന്നും കച്ചവടക്കാര്‍ ചോദിക്കുന്നു. ഹോട്ടല്‍, കൂള്‍ബാര്‍, ബേക്കറി തുടങ്ങി മിക്കയിടങ്ങളിലും പഴയപടിയാണ് വില. അതേസമയം, 20 രൂപയ്ക്ക് കുപ്പിവെള്ളം വില്‍പന നടത്തിയാല്‍ ചില്ലറ വ്യാപാരികള്‍ക്ക് എട്ടു മുതല്‍ 12 രൂപവരെ ലാഭം കിട്ടുന്നുണ്ടത്രേ.
കുപ്പിവെള്ള വില്‍പനയില്‍ മുന്‍നിരയിലുള്ള ബ്രാന്‍ഡുകളും ചില വ്യാപാരികളും ചേര്‍ന്നാണ് ജനങ്ങള്‍ക്ക് ഉപകാരപ്രദമായ തീരുമാനത്തെ അട്ടിമറിക്കുന്നതെന്നാണ് ആരോപണം. വിലക്കുറച്ച കമ്പനികളുടെ കുപ്പിവെള്ളം വാങ്ങാതെ ബഹുരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളം മാത്രം വില്‍പനയ്ക്ക് വയ്ക്കാനാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ തീരുമാനമെന്ന ആരോപണവും ശക്തമായിട്ടുണ്ട്. കുപ്പിവെള്ളത്തിന് വില കുറയുന്നുവെന്ന വാര്‍ത്ത പൊതുജനം ഏറെ ആശ്വാസത്തോടേയാണ് കേട്ടതെങ്കിലും വിലകുറയുമെന്ന വാര്‍ത്ത ഇപ്പോള്‍ വെള്ളത്തില്‍ വരച്ച വരപോലെയായിരിക്കുകയാണ്.
Next Story

RELATED STORIES

Share it