Kottayam Local

പ്രഖ്യാപനം വീണ്ടും കടലാസ്സിലൊതുങ്ങി: ഫാത്തിമാപുരം മേല്‍പ്പാലം തുറന്നുകൊടുക്കാനായില്ല

ചങ്ങനാശ്ശേരി: നിര്‍മാണം പൂര്‍ത്തിയാക്കി ഇന്നലെ ഗതാഗതത്തിനു തുറന്നുകൊടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ചങ്ങനാശ്ശേരി ഫാത്തിമാപുരം മേല്‍പ്പാലം തുറന്നുകൊടുക്കാനായില്ല. പ്രഖ്യാപനം വീണ്ടും കടലാസ്സിലൊതുങ്ങിയതിനെത്തുടര്‍ന്ന് പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്. ഒരുമാസം മുമ്പ് ടിബിയില്‍ കൊടിക്കുന്നില്‍ സുരേഷ് എംപിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗത്തിലാണ് നിര്‍മാണം കൃത്യസമയത്തു പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചത്.
സപ്തംബര്‍ അവസാനത്തോടെ തുറന്നുകൊടുക്കാനായിരുന്നു ആദ്യം തീരുമാനിച്ചതെങ്കിലും ഭൂമി ഏറ്റെടുക്കല്‍ പൂര്‍ത്തിയാവാഞ്ഞതിനെത്തുടര്‍ നീണ്ടുപോവുകയായിരുന്നു. എന്നാല്‍ ഒക്ടോബര്‍ 31 അവസാനിച്ചിട്ടും അതേ പ്രശ്‌നത്തിനു പരിഹാരം കാണാനായിട്ടില്ല. പാലത്തിന്റെ അപ്രോച്ച് റോഡിനായി എടുത്ത ആറു വീട്ടുകാരുടെ ഭൂമിയുടെ വില ഇതുവരെയും വിതരണം ചെയ്യാത്തതിനാല്‍ അവ ഏറ്റെടുക്കാനാവാത്തതാണ് നിലവിലെ പ്രശ്‌നം.
വില നല്‍കുവാന്‍ സ്റ്റേറ്റ് ലവല്‍ എംപവര്‍ കമ്മിറ്റിയുടെ അനുമതി വേണമെന്നായിരുന്നു അന്നത്തെ അവലോകനയോഗത്തില്‍ കൂടിയ ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടത്. സപ്തംബര്‍ 28ന തിരുവനന്തപുരത്ത് എംപവര്‍ കമ്മിറ്റിയുടെ യോഗം നടക്കുമെന്നും തുടര്‍ന്ന് വില നല്‍കാനാവുമെന്നും അവര്‍ വ്യക്തമാക്കിയരുന്നു. എന്നാല്‍ പാലത്തിന്റെ പണിയും കഴിഞ്ഞ് മറ്റുപണികളും പൂര്‍ത്തിയാക്കിയെങ്കിലും അപ്രോച്ച് റോഡിന്റെ പണികളാണ് ഇനിയും തീരാനുള്ളത്.
അതുകൂടി പൂര്‍ത്തിയാവാതെ പാലം തുറന്നുകൊടുക്കാനാവാത്ത അവസ്ഥയാണുള്ളത്. ചെങ്ങന്നൂര്‍-ചിങ്ങവനം പാതയിരട്ടിപ്പിക്കലിനായി 52 കോടി രൂപയാണ് അനുവദിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് ഫാത്തിമാപുരം മേല്‍പ്പാലത്തിന്റെ പണികള്‍ നടന്നുവരുന്നത്. 2016 മാര്‍ച്ച് 31നകം പാതയിരട്ടിപ്പിക്കല്‍ പണികള്‍ പൂര്‍ത്തിയാവുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു.വാഴൂര്‍ റോഡില്‍ റെയില്‍വെ ജങ്ഷനിലെ മേല്‍പ്പാലത്തിന്റെ ബാക്കി പണികള്‍ നടന്നുവരികയാണ്.
പണിക്കു തടസ്സമായി നിന്നിരുന്ന ട്രാന്‍ഫോര്‍മറുകള്‍ മാറ്റി സ്ഥാപിച്ചു. ഇപ്പോഴത്തെ പഴയപാലത്തിലുള്ള വാട്ടര്‍ അതോറിറ്റിയുടെ പൈപ്പുകള്‍ പുതിയ പാലത്തിലേക്കു മാറ്റി സ്ഥാപിക്കും. കൂടാതെ വൈദ്യുത കേബിളുകളും പുതിയപാലത്തനടിയില്‍കൂടി സ്ഥപിക്കേണ്ടതായിട്ടുണ്ട്. എങ്കിലും ഇവിടേയും പാലത്തിന്റെ പണികള്‍ വേഗത്തിലാക്കാന്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it