kannur local

പ്രകോപന മുദ്രാവാക്യം പാടില്ല

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജാഥകളും പദയാത്രകളും നടത്തുമ്പോള്‍ പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ വിളിക്കുന്നത് പെരുമാറ്റചട്ട ലംഘനമാകും. സ്ഥാനാര്‍ഥികളുടെയോ രാഷ്ട്രീയ പാര്‍ട്ടി അംഗങ്ങളുടെയോ വീടിനു മുമ്പില്‍ പ്രകടനം നടത്തുന്നതും പിക്കറ്റിങ് നടത്തുന്നതും നിയമവിരുദ്ധമാണ്.—
തിരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം യോഗങ്ങള്‍ നടത്തുമ്പോള്‍ ക്രമസമാധാനം പാലിക്കാനും ഗതാഗതം നിയന്ത്രിക്കാനുമാവശ്യമായ ഏര്‍പ്പാടുകള്‍ ചെയ്യാന്‍ പോലിസിന് സാധ്യമാവത്തക്ക വിധം നേരത്തേ തന്നെ യോഗം നടത്തുന്ന സ്ഥലവും സമയവും പോലിസ് അധികാരികളെ അറിയിക്കണം. ഗതാഗതത്തിന് വിഘാതമോ തടസ്സമോ ഉണ്ടാകാത്തവിധം ജാഥയുടെ ഗതി നിയന്ത്രിക്കാന്‍ സംഘാടകര്‍ മുന്‍കൂട്ടി നടപടി സ്വീകരിക്കണം.
ഡ്യൂട്ടിയിലുള്ള പോലിസിന്റെ നിര്‍ദേശവും ഉപദേശവും കര്‍ശനമായി പാലിക്കണം.വ്യത്യസ്ത രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരേസമയം ഒരേ സ്ഥലത്ത് തന്നെ യോഗങ്ങളോ പദയാത്രകളോ സംഘടിപ്പിക്കുന്നത് ഒഴിവാക്കണം. ഇതിനായി ബന്ധപ്പെട്ടവര്‍ തമ്മില്‍ കൂടിയാലോചിച്ച് പോലിസ് അധികാരികള്‍ നല്‍കുന്ന നിര്‍ദേശം പാലിക്കണം.
ഒരു ജാഥ സംഘടിപ്പിക്കുന്ന ഒരു പാര്‍ട്ടിയോ സ്ഥാനാര്‍ഥിയോ ജാഥ തുടങ്ങാനുളള സമയവും സ്ഥലവും മുന്‍കൂട്ടി തീരുമാനിക്കണം. ഒരിക്കല്‍ തീരുമാനിച്ച സമയം മാറ്റേണ്ട സാഹചര്യം ഉണ്ടാവുമ്പോള്‍ ബന്ധപ്പെട്ട അധികാരികളുമായി കൂടിയാലോചിച്ച് സമയക്രമം മാറ്റുന്നതിന് അനുമതി തേടണം. യോഗം/പദയാത്ര നടത്തുന്നതിന് നിരോധനമുള്ള പ്രദേശങ്ങള്‍ മുന്‍കൂട്ടി അറിയേണ്ടതും അത്തരം സ്ഥലങ്ങളില്‍ നിരോധനം ലംഘിച്ച് യോഗമോ/പദയാത്രയോ നടത്തുവാന്‍ പാടില്ലാത്തതുമാണ്.—
ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതിന് ബന്ധപ്പെട്ട പൊലീസ് അധികാരികളില്‍ നിന്നും മുന്‍കൂര്‍ അനുമതി വാങ്ങണം. രാവിലെ 6നു മുമ്പോ രാത്രി 10നു ശേഷമോ ഒരു കാരണവശാലും ഉച്ചഭാഷിണികള്‍ ഉപയോഗിക്കാന്‍ പാടില്ല. ഒരു രാഷ്ട്രീയ പാര്‍ട്ടി നടത്തുന്ന യോഗം മറ്റു പാര്‍ട്ടികള്‍ അലങ്കോലപ്പെടുത്തുകയോ മറ്റു വിധത്തില്‍ ബഹളമുണ്ടാക്കാന്‍ പാടില്ലാത്തതാണെന്നും പെരുമാറ്റചട്ടം അനുശാസിക്കുന്നു.—
Next Story

RELATED STORIES

Share it