ernakulam local

പ്രകൃതി സമ്മാനിച്ച പെരിയാര്‍ നദി ശോഷിക്കുന്നു

കാലടി: മേഖലയിലെ നാലു പഞ്ചായത്ത് പ്രദേശങ്ങള്‍ക്ക് പ്രകൃതിയുടെ വരദാനമായി ഒഴുകുന്ന പെരിയാര്‍ നദി ശോഷിക്കുന്ന അവസ്ഥയിലാണ്. കാര്‍ഷിക മേഖലയാക്കി ഭൂപ്രദേശങ്ങളെ മാറ്റിയതിനുപിന്നില്‍ നദിയുടെ പങ്ക് വലുതാണ്. ചെറുതും വലുതുമായ നിരവധി ജലസേചന പദ്ധതികള്‍, ശുദ്ധജലവിതരണ ശൃംഖല, ജലപാതയിലൂടെയുള്ള ചരക്ക് കടത്ത്, ശിവരാത്രി പോലുള്ള ആഘോഷങ്ങള്‍ തുടങ്ങിയവയെല്ലാം ഈ ജലസ്രോതസ്സിനെ ആശ്രയിച്ചായിരുന്നു നടന്നുവന്നത്. കനാലുകള്‍ വഴി ആയിരക്കണക്കിന് ഹെക്ടര്‍ സ്ഥലത്ത് വെള്ളമെത്തിച്ച് കൃഷിയും കുടിവെള്ള ലഭ്യതയും ഉറപ്പാക്കിയിരുന്നു. എന്നാല്‍ ഇതെല്ലാം പഴങ്കഥകളായി പുതുതലമുറയ്ക്കു പറഞ്ഞുകൊടുക്കേണ്ട സ്ഥിതിയാമുന്നുള്ളത്. മണല്‍വാരല്‍മൂലം പുഴ താഴ്ന്ന് തോടായി ഒഴുകുന്ന കാഴ്ച പ്രകൃതിസ്‌നേഹികളെയും മറ്റും വേദനിപ്പിക്കുംവിധമാണ്. അനധികൃത കയ്യേറ്റങ്ങള്‍, മാലിന്യനിക്ഷേപം, കക്കൂസ് മാലിന്യമുള്‍പ്പെടെ പുഴയിലേക്ക് തുറന്നുവിടുന്നു. മണപ്പുറമുള്‍പ്പെടെ കാടുകയറിയതുമെല്ലാം ഈ ആറിന്റെ നാശത്തിന് കാരണമായിട്ടുണ്ട്. പെരിയാറിന്റെ കൈവഴികളില്‍ ഒഴുക്ക് നിലച്ച് പുല്ലും പായലുംകയറി ദുര്‍ഗന്ധമുണ്ടാക്കുന്ന ശോച്യാവസ്ഥയും പാരിസ്ഥിതിക ആഘാതത്തിന് വഴിവയ്ക്കുന്നതാണ്. പുഴയോരങ്ങളില്‍ കാടുകയറിയതും കുളിക്കടവുകളില്‍ ചെളിയടിഞ്ഞതും മണലൂറ്റല്‍ മൂലം വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടതുംമൂലം പുതിയ തലമുറക്കാര്‍ ആരും പുഴയില്‍ ഇറങ്ങാതെയായി. മുങ്ങിക്കുളിക്കുന്നതും നീന്തുന്നതും ആരോഗ്യദായകമാണെങ്കിലും അതിനാകാത്ത ദുരവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. നദിയുടെ പഴയകാല പ്രതാപത്തിലേക്ക് തിരികെയെത്തുവാന്‍ സാധ്യമായതെല്ലാം ബന്ധപ്പെട്ടവര്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ക്ക് ഇനിയും കാത്തിരിക്കുവാനാകില്ല.
Next Story

RELATED STORIES

Share it