palakkad local

പ്രകൃതിസൗഹൃദ 'ബ്രഷ് വുഡ്' ചെക്ഡാമുകള്‍ നിര്‍മിക്കും

ആലത്തൂര്‍: വരാനിരിക്കുന്നത് കടുത്ത വേനലായിരിക്കുമെന്ന കാലാവസ്ഥാ മുന്നറിയിപ്പ് കണക്കിലെടുത്ത് ജല സംഭരണത്തിനുള്ള മുന്നൊരുക്കത്തിലാണ് കാവശ്ശേരി ഗ്രാമപ്പഞ്ചായത്ത്. രണ്ട് പുഴകളും നിരവധി കുളങ്ങളും കൊക്കര്‍ണികളും പൊതു കിണറുകളും കുടിവെള്ള പദ്ധതികളും ഉണ്ടെങ്കിലും വേനല്‍ക്കാലത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് ഇവിടെ നേരിടുന്നത്.തൊഴിലുറപ്പ് പദ്ധതിയും ഗ്രാമപ്പഞ്ചായത്തും കൈകോര്‍ത്ത് ജലസംഭരണത്തിനും പുഴ സംരക്ഷത്തിനുമുള്ള പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. മംഗലം ഗായത്രി പുഴകളില്‍ എട്ട് പ്രകൃതി സൗഹൃദ ബ്രഷ് വുഡ് ചെക്ഡാമുകളാണ് നിര്‍മിക്കുന്നത്. മുന്‍ കാലങ്ങളില്‍ പ്ലാസ്റ്റിക് ചാക്കും ടാര്‍പ്പായയും ഉപയോഗിച്ച് തടയണ നിര്‍മിച്ച് വെള്ളം സംഭരിക്കുന്ന രീതി ഇത്തവണ ഇല്ല. പുഴയ്ക്ക് കുറുകെ  മുളങ്കുറ്റി നാട്ടി നെയ്ത തെങ്ങിന്‍ പട്ട ഉറപ്പിക്കും.രണ്ടടി അകലത്തില്‍ സമാന്തമായി ഇങ്ങനെ ഉറപ്പിച്ച കുറ്റിയുടെയും തെങ്ങിന്‍ പട്ടയുടെയും നടുവില്‍ മണ്ണ് നിറച്ച് നിര്‍മ്മിക്കുന്നതാണ് ബ്രഷ് വുഡ് ചെക്ഡാം. വിദേശ രാജ്യങ്ങളില്‍ പ്രാദേശികമായി ലഭിക്കുന്ന മരച്ചില്ലകളാണ് (ബ്രഷ് വുഡ്) ഇതിന് ഉപയോഗിക്കുന്നത് എന്നതിനാലാണ് ഈ പേരു വന്നത്. ചുണ്ടക്കാട് എടപ്പറമ്പ്,വലിയ പറമ്പ് മാടമ്പിക്കാട്,അത്തിപ്പൊറ്റ പാലം, കാര്‍ത്യായനി കോവില്‍, നടക്കാവ്, പീച്ചങ്കോട് കുളക്കാട്, പ്ലാഴി പാലം, തെന്നിലാപുരം പാലം എന്നിവിടങ്ങളിലാണ് താല്‍ക്കാലിക  പ്രകൃതി സൗഹൃദ 'ബ്രഷ് വുഡ്' ചെക് ഡാമുകള്‍ നിര്‍മിക്കുന്നത്. പുഴയോരത്തെ പാഴ്‌ചെടി വെട്ടി വൃത്തിയാക്കല്‍, ചളി നീക്കി കടവ് നിര്‍മിക്കല്‍ എന്നിവയും ഇതിന്റെ ഭാഗമാണ്. പ്രദേശവാസികള്‍ കുളിക്കാനും തുണി കഴുകാനും വെള്ളം ഉപയോഗിക്കാം.സമീപത്തെ കിണറുകളില്‍ ഉറവ് നിലനിര്‍ത്താനും കഴിയും പ്രകൃതി സൗഹൃദ 'ബ്രഷ് വുഡ്' ചെക്ഡാം നിര്‍മിക്കാനും പുഴ സംരക്ഷണത്തിനുമായി മൊത്തം 24 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. മൂന്ന് ലക്ഷം രൂപ വകയിരുത്തിയിട്ടുള്ള പ്രവൃത്തിയില്‍  760 തൊഴില്‍ ദിനം സൃഷ്ടിക്കാനാവും. പുഴയില്‍ നിന്നെടുക്കുന്ന കല്ലും മണ്ണും പുഴയോരത്തെ പാഴ് ചെടിയുടെയും മുളയുടെയും തണ്ടും പ്രാദേശികമായി ലഭിക്കുന്ന തെങ്ങിന്‍ പട്ടയുമാണ് ചെക്ക് ഡാം നിര്‍മാണത്തിന് ഉപയോഗിക്കുക.
Next Story

RELATED STORIES

Share it